ഇന്ത്യന്‍ വ്യോമസേനയ്ക്കായി സി-295 ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റുകള്‍ നിര്‍മ്മിക്കുന്നതിനായി യൂറോപ്യന്‍ പ്രതിരോധ കമ്പനിയായ എയര്‍ബസും ടാറ്റയും കൈകോര്‍ക്കും. ഗുജറാത്തിലെ വഡോദരയില്‍ എയര്‍ക്രാഫ്റ്റ് നിര്‍മാണ കേന്ദ്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തറക്കല്ലിടും. വിമാനങ്ങളുടെ കയറ്റുമതിക്കും ഇന്ത്യന്‍ വ്യോമസേനയുടെ അധിക ഓര്‍ഡറുകള്‍ക്കും സൗകര്യമൊരുക്കുമെന്ന് പ്രതിരോധ സെക്രട്ടറി അജയ് കുമാര്‍ മാധ്യമ സമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വ്യോമസേനയുടെ പഴകിയ Avro-748 വിമാനങ്ങള്‍ക്ക് പകരമായി 56 സി-295 വിമാനങ്ങള്‍ വാങ്ങുന്നതിനായി എയര്‍ബസ് ഡിഫന്‍സ് ആന്റ് സ്പേസുമായി ഇന്ത്യ 21,000 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ടിരുന്നു. കരാര്‍ പ്രകാരം, എയര്‍ബസ് നാല് വര്‍ഷത്തിനുള്ളില്‍ സ്‌പെയിനിലെ സെവില്ലെയിലെ അവസാന അസംബ്ലി ലൈനില്‍ നിന്ന് ‘ഫ്‌ലൈ-എവേ’ അവസ്ഥയില്‍ ആദ്യത്തെ 16 വിമാനങ്ങള്‍ എത്തിക്കും, തുടര്‍ന്നുള്ള 40 വിമാനങ്ങള്‍ ഇന്ത്യയിലെ ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് (ടിഎഎസ്എല്‍) നിര്‍മ്മിക്കുകയും അസംബിള്‍ ചെയ്യുകയും ചെയ്യും.
ഒരു സ്വകാര്യ കമ്പനി ഇന്ത്യയില്‍ സൈനിക വിമാനം നിര്‍മ്മിക്കുന്ന ആദ്യ പദ്ധതിയാണിത്. 21,935 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. സിവിലിയന്‍ ആവശ്യങ്ങള്‍ക്കും വിമാനം ഉപയോഗിക്കാം. എയര്‍ബസ് സ്പെയിനിലെ സ്ഥാപനത്തില്‍ ചെയ്യുന്ന ജോലിയുടെ 96 ശതമാനവും ഇന്ത്യയില്‍ തന്നെ ചെയ്യും, വിമാനത്തിന്റെ എഞ്ചിന്‍ ഇതില്‍ ഉള്‍പ്പെടില്ലെന്നും വിമാനത്തിലെ തദ്ദേശീയമായ ഉള്ളടക്കം ഉയര്‍ന്നതായിരിക്കുമെന്നും പതിരോധ സെക്രട്ടറി അജയ് കുമാര്‍ പറഞ്ഞു.
വഡോദരയില്‍ നടക്കുന്ന തറക്കല്ലിടല്‍ ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ തുടങ്ങിയവരും പങ്കെടുക്കും. ‘ആദ്യത്തെ 16 ഫ്‌ലൈ-എവേ വിമാനങ്ങള്‍ 2023 സെപ്റ്റംബറിനും 2025 ഓഗസ്റ്റിനും ഇടയില്‍ ലഭിമാക്കും. ആദ്യത്തെ ഇന്ത്യന്‍ നിര്‍മ്മിത വിമാനം 2026 സെപ്റ്റംബറില്‍ പ്രതീക്ഷിക്കുന്നതായും അജയ് കുമാര്‍ പറഞ്ഞു. ഇതാദ്യമായാണ് സി-295 വിമാനം യൂറോപ്പിന് പുറത്ത് നിര്‍മ്മിക്കുന്നത്. ആഭ്യന്തര എയ്റോസ്പേസ് മേഖലയ്ക്ക് ഇത് വളരെ പ്രധാന നേട്ടമാണ് അദ്ദേഹം പറഞ്ഞു.
അഡ്വാന്‍സ്ഡ് ലാന്‍ഡിംഗ് ഗ്രൗണ്ടുകളില്‍ (എഎല്‍ജി) നിന്നും ഒരുക്കമില്ലാത്ത റണ്‍വേകളില്‍ നിന്നുപോലും വിമാനത്തിന് പ്രവര്‍ത്തന യോഗ്യമാകുമെന്ന് ഐഎഎഫ് വൈസ് ചീഫ് എയര്‍ മാര്‍ഷല്‍ സന്ദീപ് സിംഗ് അഭിപ്രായപ്പെട്ടു. വിമാനത്തിന് 40-45 പാരാട്രൂപ്പര്‍മാരെയോ 70 യാത്രക്കാരെയോ വഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
അഡ്വാന്‍സ്ഡ് ലാന്‍ഡിംഗ് ഗ്രൗണ്ടുകളില്‍ (എഎല്‍ജി) നിന്നും ഒരുക്കമില്ലാത്ത റണ്‍വേകളില്‍ നിന്നുപോലും വിമാനത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഐഎഎഫ് വൈസ് ചീഫ് എയര്‍ മാര്‍ഷല്‍ സന്ദീപ് സിംഗ് അഭിപ്രായപ്പെട്ടു. വിമാനത്തിന് 40-45 പാരാട്രൂപ്പര്‍മാരെയോ 70 യാത്രക്കാരെയോ വഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.