പനജി: അന്തരിച്ച ഗോവ മുഖ്യമ​ന്ത്രി മനോഹർ പരീക്കറിന്റെ മക്കൾ രാഷ്​ട്രീയത്തിലേക്കിറങ്ങുന്നുവെന്ന്​ സൂചന. രാജ്യത്തിനും സംസ്​ഥാനത്തിനും വേണ്ടി പിതാവ്​ നടത്തിയ ആത്മസമർപ്പണത്തിന്റെ പാരമ്പര്യം തുടരുമെന്നാണ്​ ഇരുവരും പ്രസ്​താവനയിൽ അറിയിച്ചിരിക്കുന്നത്​.

മനോഹര്‍ പരീക്കര്‍ പാൻക്രിയാസ്​ അർബുദം ബാധിച്ച്​ ചികിത്​സയിലിരിക്കെ മാർച്ച്​ 17നാണ്​ മരിച്ചത്​. മക്കളായ ഉത്​പലും അഭിജാതും ലോക്​സഭാ തിരഞ്ഞെടുപ്പിലോ പരീക്കറിന്റെ മരണശേഷം ഒഴിവു വന്ന പനജി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലോ മത്​സരിക്കുമെന്നാണ്​ വാർത്തകൾ പ്രചരിക്കുന്നത്​. മഹാൻമാരെ കുറിച്ചുള്ള ​ഓർമകളും നല്ല ഉദാഹരണങ്ങളുടെ തുടർച്ചകളുമാണ്​ ഹീറോകളുടെ പാരമ്പര്യമെന്ന്​ മു​ൻ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബെഞ്ചമിൻ ദിസ്രേലിയെ ഉദ്ധരിച്ചുകൊണ്ട് പരീക്കറിന്റെ മകൻ പറഞ്ഞു.

‘രാജ്യത്തേയും സംസ്ഥാനത്തേയും സേവിക്കണമെന്ന ആഗ്രഹത്തോടെയാണ് പിതാവ് ഓരോ ദിവസവും ജീവിച്ചത്. അവസാന നാള്‍ വരെ സേവനരംഗത്ത് അദ്ദേഹം ഉണ്ടായിരുന്നു. ഒരുപാട് പേര്‍ ഫോണ്‍കോളിലൂടേയും സന്ദേശങ്ങളിലൂടേയും ഞങ്ങളെ ഇത് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.’ പ്രസ്താവനയില്‍ പറയുന്നു. പരീക്കറിന്റെ രോഗാവസ്ഥയുടെ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ പിന്തുണ വളരെ വലുതാണെന്നും ഇരുവരും പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook