/indian-express-malayalam/media/media_files/uploads/2018/09/manohar-parrikar.jpg)
ന്യൂഡൽഹി: റഫേൽ യുദ്ധവിമാന കരാറില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട രേഖകള്‍ കൈവശമുളള ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ജീവന്‍ അപകടത്തിലാണെന്ന് കോണ്‍ഗ്രസ്. അസുഖബാധിതനായി കഴിയുന്ന പരീക്കറിന് കനത്ത സുരക്ഷ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗോവ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഗിരീഷ് ചോഡന്‍കര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു.
റഫേല്‍ വിവരങ്ങള്‍ പുറത്തിറിയിക്കാതിരിക്കാന്‍ ഈ രേഖകള്‍ കൈക്കലാക്കാന്‍ ശ്രമം നടക്കുമെന്നും അവര്‍ പരീക്കറിന്റെ ജീവന്‍ അപകടത്തിലാക്കുമെന്നും കത്തില്‍ പറയുന്നു. 'റഫേല്‍ കരാറിലെ വിവരങ്ങള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. രാജ്യത്തിന്റെ സുരക്ഷ ഒരു കിടപ്പുമുറിയില്‍ സൂക്ഷിക്കപ്പെട്ട് ഇല്ലാതാക്കാന്‍ സമ്മതിക്കരുത്. മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കണം,' ഗിരീഷ് ആവശ്യപ്പെട്ടു.
റഫേൽ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇടപാട് ഉറപ്പിച്ച കാലത്തെ പ്രതിരോധമന്ത്രിയും ഇപ്പോൾ ഗോവ മുഖ്യമന്ത്രിയുമായ മനോഹർ പരീക്കർ തന്റെ കിടപ്പുമുറിയിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് ഗോവ മന്ത്രിസഭാംഗമായ വിശ്വജിത് റാണെ സംസാരിക്കുന്നതിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. റഫേൽ സംബന്ധിച്ച എല്ലാ രേഖകളും കൈവശമുണ്ടെന്ന് പരീക്കർ ഗോവമന്ത്രിസഭായോഗത്തിൽ പറഞ്ഞെന്ന് റാണെ ശബ്ദരേഖയില്‍ പറയുന്നു.
''മുഖ്യമന്ത്രി വളരെ രസകരമായ കാര്യം പറഞ്ഞു, റഫേലുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തന്റെ കിടപ്പുമുറിയിലുണ്ടെന്ന്. അവരെ കുടുക്കിലാക്കാൻ അദ്ദേഹം എല്ലാം കരുതിവച്ചിരിക്കുന്നുവെന്നാണ് ഇതിന്റെ അർഥം. ഇവിടെ (ഗോവയിൽ) തന്റെ ഫ്ളാറ്റിലെ കിടപ്പുമുറിയിൽ അദ്ദേഹം എല്ലാ രേഖകളും സൂക്ഷിച്ചിട്ടുണ്ടെന്നാണ് പറഞ്ഞത്,'' റാണെ പറയുന്നു.
എന്നാല്‍ ശബ്ദരേഖ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് റാണെ പ്രതികരിച്ചു. കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാലെയാണ് ശബ്ദരേഖ പുറത്തുവിട്ടത്. രാഹുൽ ഗാന്ധി ഇക്കാര്യം ലോക്സഭയില്‍ ഉന്നയിച്ചു. ശബ്ദരേഖ കേള്‍പ്പിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ അനുമതി നൽകിയില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.