പനജി: സീറ്റ് നിലയിൽ സംസ്ഥാനത്ത് രണ്ടാമതായിട്ടും ഭരണം കൈവിടാതിരിക്കാൻ ഗോവയിൽ ബിജെപി നടത്തിയത് വൻ നീക്കുപോക്കുകൾ. ആകെ എട്ടംഗങ്ങളുടെ പിന്തുണ ആവശ്യമായിരുന്ന ബിജെപി പിന്തുണച്ച രണ്ട് സഖ്യകക്ഷികൾക്കും രണ്ട് സ്വതന്ത്രർക്കുമായി നൽകിയത് ഏഴ് മന്ത്രിസ്ഥാനം. 40 അംഗ മന്ത്രിസഭയിൽ ബിജെപി അംഗങ്ങളുടെ എണ്ണം 13 ആണ്.

പാർട്ടിയിലെ ഉന്നതർ വെളിപ്പെടുത്തിയത് പ്രകാരം ഗോവ ഫോർവേഡ് പാർട്ടിയിലെ മൂന്ന് എംഎൽഎ മാർക്കും മന്ത്രി സ്ഥാനം ലഭിക്കും. മഹാരാഷ്ട്ര ഗോമന്തക് പാർട്ടിയിൽ രണ്ട് എംഎൽഎമാരെയും മന്ത്രിമാരാക്കും. സ്വതന്ത്ര എംഎൽഎമാരായ രോഹൻ ഖ്വാണ്ടേ, ഗോവിന്ദ് ഗൗഡ എന്നിവർക്കും മന്ത്രിസഭയിൽ സ്ഥാനമുണ്ടാകും.

അതിവേഗത്തിൽ വളരെ രഹസ്യമായി നടന്ന ചരടുവലികൾക്ക് ഒടുവിലാണ് ബിജെപി ഗോവയിൽ അധികാരത്തിലെത്തുന്നത്. നേരത്തേ സഖ്യം പിരിഞ്ഞ് ഒറ്റയ്ക്ക് മത്സരിച്ച മഹാരാഷ്ട്ര ഗോമന്തക് പാർട്ടിയെ ആദ്യം തന്നെ ബിജെപി സഖ്യത്തിന് ക്ഷണിച്ചിരുന്നു. ഇവർക്ക് മൂന്ന് എംഎൽഎമാർ ഉള്ളതിൽ രണ്ട് പേർക്കും മന്ത്രിസ്ഥാനം പ്രഖ്യാപിച്ചു. തുടർന്നാണ് പുതുതായി രൂപീകരിച്ച ഗോവ ഫോർവേഡ് പാർട്ടിയെ കൂട്ടിന് ക്ഷണിച്ചത്. ആകെ മൂന്ന് എംഎൽഎ മാരുള്ള പാർട്ടിയെ കൂടെ കൂട്ടാൻ മൂന്ന് പേർക്കും മന്ത്രിസ്ഥാനം പ്രഖ്യാപിച്ചു.

കേല ഭൂരിപക്ഷം തികയ്ക്കാൻ എട്ട് എംഎൽഎമാരുടെ പിന്തുണയാണ് ബിജെപിക്ക് വേണ്ടിയിരുന്നത്. പിന്തുണയ്ക്കുന്ന ഏഴ് പേർക്കും ഇപ്പോൾ മന്ത്രിസ്ഥാനം നൽകിയിട്ടുണ്ട്. പന്ത്രണ്ട് അംഗ മന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം നാല് പേരാണ് ബിജെപിയിൽ നിന്ന് ഉണ്ടാവുക.

അതിനിടെ, കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനം മനോഹർ പരീക്കർ രാജിവച്ചു. ഗോവ മുഖ്യമന്ത്രിയായി ചുമതയേൽക്കാൻ ഗവർണറുടെ ക്ഷണം ലഭിച്ച സാഹചര്യത്തിലാണ് രാജി. നാളെ അദ്ദേഹം ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

ഗോവ ഗവർണർ മൃദുല സിൻഹ ഇന്നലെ രാത്രിയിലാണ് മനോഹർ പരീക്കറെ മുഖ്യമന്ത്രിയാകാൻ ക്ഷണിച്ചത്. 21 എംഎൽഎ മാരുടെ പിന്തുണയുണ്ടെന്നാണ് മനോഹർ പരീക്കർ ഇന്നലെ രാവിലെ ഗവർണറെ അറിയിച്ചത്. നാളെ വൈകിട്ട് അഞ്ച് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. രണ്ടര വർഷം കേന്ദ്രത്തിൽ മന്ത്രിയായിരുന്ന ശേഷമാണ് രണ്ടാം വട്ടം ഗോവ മുഖ്യമന്ത്രിയാകാൻ മനോഹർ പരീക്കർ പോകുന്നത്. അദ്ദേഹം 15 ദിവസത്തിനകം സഭയിലെ ഭൂരിപക്ഷം തെളിയിക്കണം.

നാളെ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി എന്നിവർ പങ്കെടുക്കും. ഗോവ ഫോർവേഡ് പാർട്ടിയ്ക്കും മഹാരാഷ്ട്ര ഗോമന്തക് പാർട്ടിക്കും ഇത്തവണത്തെ ബിജെപി സർക്കാരിനെ പിന്തുണയ്ക്കുന്നതിന് ആവശ്യത്തിലധികം സ്ഥാനങ്ങൾ ലഭിച്ചേക്കും.

അതേസമയം, ഗോവയിൽ ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടിയെ രൂക്ഷമായി കോൺഗ്രസ് നേതാക്കൾ വിമർശിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസിലെ മൂന്ന് മുൻമുഖ്യമന്ത്രിമാരായിരുന്ന എംഎൽഎമാർ അവകാശ വാദം ഉന്നയിച്ചതോടെയാണ് സഖ്യചർച്ചകളിൽ കോൺഗ്രസ് പിന്നാക്കം പോയത്. ഒറ്റ ദിവസം കൊണ്ട് തന്നെ സഖ്യകക്ഷികളെ ഒപ്പം ചേർത്ത ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് മനോഹർ പരീക്കർ വേണമെന്ന സഖ്യകക്ഷികളുടെ ആവശ്യവും നിരുപാധികം അംഗീകരിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ