ന്യൂഡല്‍ഹി: ആഴ്ച്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഗോവയില്‍ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കി ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ. മനോഹര്‍ പരീക്കര്‍ ചികിത്സയ്ക്ക് പോയതോടെ സംസ്ഥാനത്ത് ഉടലെടുത്ത അനിശ്ചിത്വത്തെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഗവര്‍ണറെ കണ്ടിരുന്നു. ഗോവയില്‍ ഭരണസ്തംഭനം ആണെന്നും തങ്ങള്‍ക്ക് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവുമെന്നും കോണ്‍ഗ്രസ് ഗവര്‍ണറെ അറിയിച്ചിരുന്നു.
എന്നാല്‍ മന്ത്രിസഭയില്‍ മാറ്റങ്ങളോടെ പരീക്കര്‍ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് ഷാ ട്വിറ്ററില്‍ അറിയിച്ചു. ‘സംസ്ഥാനത്തെ മുഴുവന്‍ ബിജെപി നേതൃത്വവുമായും ചര്‍ച്ച ചെയ്ത് പരീക്കര്‍ തന്നെ മുഖമന്ത്രിസ്ഥാനത്ത് തുടരട്ടേയെന്നാണ് തീരുമാനം എടുത്തത്. മന്ത്രിസഭയിലും മറ്റ് സര്‍ക്കാര്‍ വിഭാഗങ്ങളിലുമുളള മാറ്റങ്ങള്‍ താമസിയാതെ ഉണ്ടാവും,’ ഷാ ട്വീറ്റ് ചെയ്തു.
സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണം എന്നാവശ്യപ്പെട്ട് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്ലേക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗവര്‍ണര്‍ മൃദുല സിന്‍ഹയെ കണ്ടിരുന്നത്. നേരത്തെയും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.
പരീക്കറിന്റെ നേത്രുത്വത്തിലുള്ള എന്‍ഡിഎക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു എന്നും ഭൂരിപക്ഷം തെളിയിക്കാന്‍ നിയമസഭ വിളിച്ചു ചേര്‍ക്കണം എന്നും കത്തില്‍ ആവശ്യപ്പെടുന്നു. തങ്ങള്‍ക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗബലം ഉണ്ട് എന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം.
ഗോവ നിയമസഭയില്‍ 16 സീറ്റുകളാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനുള്ളത്. ബിജെപിക്ക് 14, ജിഎഫ്പിക്കും എംജിപിക്കും മൂന്ന് വീതം സീറ്റുകളുമുണ്ട്. എന്‍സിപിക്ക് ഒരു സീറ്റും മൂന്ന് സ്വതന്ത്രരുമാണ് ഉള്ളത്.