/indian-express-malayalam/media/media_files/uploads/2019/03/surf-1-1-1.jpg)
Manohar Parrikar obituary: മങ്ങിയ ഉച്ച നേരങ്ങളിൽ ഒന്നിലായിരിക്കണം, ആ ചെറിയ ടൗണിലെ പലചരക്കു വ്യാപാരിയുടെ മകനായ മനോഹർ ഗോപാലകൃഷ്ണൻ പ്രഭു പരീക്കർ, ഐഐടി മുംബൈയിലെ പഠനത്തിന് ശേഷം, ഗോവൻ അങ്ങാടികളിലൂടെ ചണം കൊണ്ട് നിർമിച്ച ചാക്ക് വിൽക്കാൻ അവസരമുണ്ടോയെന്ന് തിരിഞ്ഞു നടന്നത്. ലോഹ-സംസ്‌കരണത്തിൽ ബിരുദധാരിയായ ഒരുവൻ, പരുക്കന്‍ വസ്‌ത്രത്തിന്റെ വ്യാപാരത്തിൽ ഭാഗ്യം കണ്ടെത്താൻ ശ്രമിക്കുന്ന ചിത്രം യുക്തിയ്ക്ക് നിരക്കാത്തതായിരിക്കാം, എന്നാൽ പരീക്കർ തന്റെ പ്രയത്നവുമായി മുന്നോട്ട് തന്നെ പോയി. വെറും മൂന്ന് മാസം കൊണ്ട്, അമ്മയുടെ അടുക്കൽ നിന്നും തിരികെ നൽകാമെന്ന് ഉറപ്പ് പറഞ്ഞു കടമായി വാങ്ങിയ പണം, ലാഭവും ചേർത്ത് തിരികെ കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.
മുന്നോട്ടു തന്നെ പോകാനുള്ള ഈ അഭിരുചിയും, ഒന്നും സ്പഷ്ടമായി വെളിവാക്കാത്ത സമീപനവും, സ്വതന്ത്രമായ ശൈലിയും, പെട്ടെന്ന് തീരുമാനം എടുക്കാൻ സാധിക്കുന്ന സ്വാഭാവവുമാണ് പിന്നീട് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ നിർവ്വചിച്ചതും. ഇതിന്റെ അടിസ്ഥാനത്തിലാണ്, പരീക്കറിന്റെ മാര്‍ഗ്ഗദര്‍ശിയും ആർ എസ് എസ് ഗുരുവുമായ സുബാഷ് വേലിങ്കർ, ഗോവയിലെ ബിജെപി യുടെ ഭാവി മുഖമായി മനോഹർ പരീക്കറിനെ തിരഞ്ഞെടുത്തതും.
തന്റെ ബന്ധുവുമായി നടത്തി പോന്ന വ്യവസായം വഴിയേ ഉപേക്ഷിച്ച അദ്ദേഹം, ഉചിതമായ മറ്റൊരു സമയത്ത്, സ്ഥലവാസിയായ ഒരു മുസ്ലിമുമൊത്ത് മറ്റൊരു വ്യവസായം (ഹൈഡ്രോലിക്സ് ഫാക്ടറി) ആരംഭിച്ചു; വ്യക്തിപരവും രാഷ്ട്രീയപരവുമായ കാര്യങ്ങളിൽ നിന്നും വ്യവസായത്തെ വേർതിരിച്ചു കാണേണ്ടതെങ്ങനെയെന്ന് ജീവിതാരംഭത്തിൽ തന്നെ സുവ്യക്തമാക്കിക്കൊണ്ട് .
ഒരു സമയത്ത്, തന്റെ വ്യവസായത്തിൽ ഉറച്ചു നിൽക്കാൻ തീരുമാനമെടുത്തു കൊണ്ട്, രാഷ്ട്രീയത്തിലേക്ക് കടക്കാൻ വൈമനസ്യം കാട്ടിയ ആളായിരുന്നു പരീക്കർ. മുപ്പത് വർഷങ്ങൾക്കിപ്പുറം, അതേയാൾ ഇന്ത്യയുടെ പ്രതിരോധമന്ത്രിയായ ആദ്യ ഗോവനും, നാല് തവണ ഗോവയുടെ മുഖ്യമന്ത്രിയുമായി. ചിലപ്പോഴെങ്കിലും വേലിങ്കറിനെ പശ്ചാത്താപത്തിലും ആഴ്ത്തിയിരുന്നു ആ വളർച്ച. അവസാന ശ്വാസം വരെയും സംസ്ഥാനത്തെ ഉയർന്ന ഭരണസ്ഥാനം ഉപേക്ഷിക്കാനോ, രാജി വയ്ക്കാനോ, വിരമിക്കാനോ പരീക്കർ സന്നദ്ധനായില്ല.
ഭരണത്തിലെ കാര്യങ്ങൾ എല്ലാം ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്ന ശൈലിയൊഴിച്ച്, പരീക്കറിനെ സംബന്ധിച്ചുള്ള എല്ലാ തന്നെ, 2012-ലെ ഗോവ നിയമസഭാ തെരെഞ്ഞെടുപ്പിൽ വിജയിച്ചു അഭൂതപൂർവമായ അധികാരത്തിലേക്ക് കയറിയതോടെ മാറി, എന്നതാണ് വേലിങ്കറിന്റെ പശ്ചാത്താപത്തിന്റെ അടിസ്ഥാനം. ഉയരത്തിലേക്കുള്ള വഴിയിൽ താൻ പ്രതിനിധീകരിച്ചിരുന്ന എല്ലാറ്റിനും എതിരായാണ് അധികാരത്തിൽ എത്തിയ ശേഷം പരീക്കർ പ്രവർത്തിച്ചത്. ഒരു രാഷ്ട്രീയ വിരോധാഭാസം ആയി മാറിയ അദ്ദേഹം, തന്റെ 'കരിസ്മ', സഹജമായ രീതികൾ, സാധാരണക്കാരുടെ ഇടയിൽ ഉണ്ടായിരുന്ന 'അപ്പീൽ', എന്ന് തുടങ്ങി സ്വന്തം ഭരണത്തെ വരെ വഞ്ചിച്ചു. തന്നെ പ്രത്യാശയോടെ നോക്കിയ സമൂഹത്തിന്റെ പ്രതീക്ഷകൾ അസ്ഥാനത്താക്കി. പ്രതിപക്ഷത്തു നിന്നപ്പോൾ നൽകിയതും നിറവേറ്റാത്തതുമായ വാഗ്‌ദാനങ്ങൾ- സുസ്ഥിര വികസനം ഉറപ്പാക്കുന്നതു മുതൽ, ഗോവ സംസ്ഥാനത്തിന് അതിന്റെ സ്വത്വം ഉറപ്പാക്കുന്ന നയങ്ങളും, പരിഷ്കാരങ്ങളും കൊണ്ട് വരിക - സ്വന്തം നാട്ടുകാരുടെ മുന്നിൽ അദ്ദേഹത്തെ ഒരു 'ക്യാരിക്കേച്ചർ' ആക്കി തീർത്തു.
ഡൽഹിയിലെ എൻഡിഎയുടെ ഏറ്റവും വലിയ വിജയമായി അദ്ദേഹം പ്രഖ്യാപിച്ചത്, ഇടനിലക്കാരും ആയുധ ഏജന്റുമാരും പ്രതിരോധമന്ത്രാലയവും തമ്മിലുള്ള വഴിവിട്ട ബന്ധം തകർത്തു എന്നതാണ്. 2012 മുതലുള്ള ഗോവയിലെ അദ്ദേഹത്തിന്റെ ഭരണമാകട്ടെ, ഗൗഡ സരസ്വത് ബ്രാഹ്മൻസുമായി സഖ്യം ചേർന്ന്, പരിസ്ഥിതി പ്രവർത്തകർക്കും, ബിജെപിയ്ക്ക് എതിരായി വോട്ട് ചെയ്യുന്നവർക്കും പ്രതികൂല അന്തരീക്ഷം സൃഷ്ടിച്ചു. നിയമപരമല്ലാത്ത റിയൽ എസ്റ്റേറ്റ് പ്രോജെക്റ്റുകൾ, ഖനനങ്ങൾ, കാസിനോകൾ, എന്നിവ ഇല്ലാതാക്കുമെന്ന വാഗ്‌ദാനവും അദ്ദേഹം നിറവേറ്റിയിട്ടില്ല. തെരെഞ്ഞെടുപ്പിൽ ഇനി ഒരിക്കലും പങ്കെടുക്കില്ല, ഒരു ബാലറ്റ് സംഗ്രഹത്തിലേക്ക് ഒതുക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല തുടങ്ങിയ 2010 മുതലുള്ള ഭീഷണികൾ, മുംബൈ, ന്യൂയോർക്ക്, ന്യൂഡൽഹി, ഗോവ എന്നിടങ്ങളിലെ ആശുപത്രി മെത്തകളിൽ നിന്നും അദ്ദേഹത്തിന്റെ സാന്നിദ്ധ്യമറിയിച്ചു കൊണ്ട് വന്ന വെറും സൗണ്ട് ബെറ്റുകൾ മാത്രമായി ചുരുങ്ങി.
Read More: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ അന്തരിച്ചു
നേതൃസ്ഥാനത്തിലെ കഴിവുറ്റവരുടെ അഭാവം ഒരിക്കൽ കൂടി അടിവരയിടുന്നതാണ് മനോഹർ പരീക്കറിന്റെ മരണം. അദ്ദേഹമോ ബിജെപി പാർട്ടിയോ, പരീക്കറിന്റെ ഒഴിവ് നികത്തനായി ആരേയും സജ്ജമാക്കിയിട്ടില്ല താനും.
2012- ന് മുൻപേയുള്ള പരീക്കർ സംസ്ഥാനത്തിന്റെ അന്നന്നുള്ള ആവശ്യങ്ങൾ നിറവേറ്റാൻ പ്രാപ്തിയുള്ളൊരു നേതാവായിരുന്നെങ്കിൽ, 2012-ന് ശേഷമുള്ള പരീക്കർ, രാഷ്ട്രീയ നിരീക്ഷകരുടെ ഭാഷയിൽ, ഖനനത്തിനു ഏർപ്പെടുത്തിയ വിലക്കിന് ശേഷം സംസ്ഥാനത്തിന്റെ കടങ്ങൾ കൊണ്ട് പിന്നോട്ട് വലിക്കപ്പെടുകയും, നഗരത്തിലെ കാസിനോകളിലും, ഗോവൻ വനഭൂമിയിലും, കൃഷിയിടങ്ങളിലും നിക്ഷേപം നടത്തിയ ശക്തരായ പ്രവാസി മുതലാളിത്ത ലോബികളുടെ മുന്നിൽ തലകുനിക്കേണ്ടിയും വന്നൊരു നേതാവായി മാറി. അവസാനത്തെ ഒന്നര വർഷം, ഭരണകർത്തവ്യങ്ങൾ മന്ത്രിസമിതിയിലെ സഹപ്രവർത്തകർക്ക് നൽകാതെ, പരീക്കർ തന്നെ തനിക്ക് വിശ്വസ്തരായ കുറച്ചു ഉദ്യോഗസ്ഥരോടൊപ്പം കൈകാര്യം ചെയ്യുന്നത് കണ്ടു. ഈ ഉദ്യോഗസ്ഥരിൽ പലരുടെയും തീരുമാനങ്ങൾ, അവരെ കോടതി മുൻപാകെ എത്തിക്കാൻ സാധ്യതയുള്ളയാണ്.
എല്ലാ വൈരുദ്ധ്യങ്ങൾക്കിടയിലും ലളിതമായ ജീവിതശൈലിയുള്ള, എപ്പോഴും അമ്മയുടെയും തന്റെ ഇഷ്ട ദേവതയായ മഹാലക്ഷ്മിയുടെയും അനുഗ്രഹം തേടുന്ന, ചില സമയങ്ങളിൽ റോഡരികിൽ നിന്നും ചിക്കൻ ഗ്രേവിയോടൊപ്പം ഓംലെറ്റ് കഴിക്കുന്ന, വഴിയരികിൽ കാണുന്ന തന്റെ മണ്ഡലത്തിലെ ഓരോ വോട്ടറുടെയും, അവരുടെ ഒൻപതു വയസായ മകന്റെയുൾപ്പെടെ, പേരുകളും ഗ്രാമങ്ങളും അറിയാവുന്ന പരീക്കർ, ഗോവ സംസ്ഥാനത്തിന്റെ, ഏറ്റവും നല്ല രാഷ്ട്രീയ 'എക്സ്പോർട്ട്' തന്നെയാണ്. ബിജെപി സർക്കാർ ഒരു മുദ്രാവാക്യം കണക്കെ പറഞ്ഞു നടക്കുന്ന, ഇന്ത്യ അയൽവാസിക്ക് 'സർജിക്കൽ സ്ട്രൈക്ക്' എന്ന പേരിലൊരു മറുപടി നൽകിയ നേരത്ത് രാജ്യത്തിൻറെ പ്രതിരോധ മേഖലയ്ക്ക് ചുക്കാൻ പിടിച്ചതും പരീക്കർ ആയിരുന്നു.
അതിനു ശേഷമുള്ള എല്ലാ പൊതുപരിപാടികളിലും പരീക്കർ അവകാശപ്പെട്ടത്, തങ്ങളെ വിമോചിപ്പിച്ചതിനുള്ള നന്ദി സൂചകമായി ഗോവ ഇന്ത്യൻ ആർമിയ്ക്കു നൽകിയതാണ് 'സർജിക്കൽ സ്ട്രെയ്ക്കുകൾ' എന്നാണ്.
വിനയപൂർവ്വമായ ശൈലിയ്ക്ക് പേരു കേട്ട അദ്ദേഹം, പതിമൂന്ന് എന്ന തന്റെ ജനനതീയതി ഭാഗ്യ അക്കമായി കണക്കാക്കിയ ഏക മന്ത്രിയായിരിക്കും. അദ്ദേഹത്തിന്റെ ഔദ്യോഗിക അകമ്പടി വാഹനങ്ങളിൽ എല്ലാം തന്നെ ഈ അക്കം നമ്പർ പ്ലേറ്റ് ആയി ഉപയോഗിച്ചു.
വിരോധാഭാസം എന്തെന്നാൽ, അദ്ദേഹം ആദ്യം മുഖ്യമന്ത്രിയായ വർഷമായ 2000-ൽ അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ പതിമൂന്നു ബിജെപി എംഎൽഎമാരാണ് ഉണ്ടായിരുന്നത്. 2019 മാർച്ച് മാസം പതിനാറാം തീയതി വൈകുന്നേരം വരെ ബിജെപിയുടെ കൂട്ടുമന്ത്രിസഭയിലെ പതിമൂന്നാമൻ അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ അത് പന്ത്രണ്ടായി കുറഞ്ഞു.
Manohar Parrikar dead: Life of former Goa CM in photos: മനോഹർ പരീക്കർ: ഓർമ്മചിത്രങ്ങൾ
ഡൽഹിയിലെ രാഷ്ട്രീയ വൃത്തങ്ങൾക്കുള്ളിൽ പ്രശസ്തനാകുന്നതിന് മുൻപ്, ഇംഗ്ലീഷ് സ്കൂളിൽ പഠിച്ചു വന്ന ആ പയ്യൻ, സംഘ് പരിവാറിന്റെ പ്രിയപുത്രനായിരുന്നു. അനുസരണയുള്ളൊരു കുട്ടിയെ പോലെ മാർഗനിർദേശങ്ങൾ എല്ലാം പാലിച്ചു, 'സംഘ'ത്തിന്റെ ഗോവയിലെ 'റീച്ച്' വളർത്താൻ അദ്ദേഹത്തിന് സാധിച്ചു. വിനോദസഞ്ചാരികൾക്ക് ഏറ്റവും ഇഷ്ടമുള്ള ആഘോഷങ്ങൾ - ഇന്ത്യ രാജ്യാന്തര ചലച്ചിത്രോത്സവം (IFFI), സെറെൻഡിപിറ്റി തുടങ്ങിയവ, ഗോവയിലേക്ക് എത്തിക്കാനായി നിയമസഭാംഗങ്ങളെ സ്വാധീനിക്കാനുള്ള അദ്ദേഹത്തിന്റെ പാടവവും അദ്ദേഹത്തിന് ആരാധാകരെ നൽകി.
അദ്ദേഹത്തെ നേതൃസ്ഥാനത്തേക്ക് എത്തിക്കാൻ സഹായിച്ച ക്രിസ്ത്യൻ പള്ളികളും, ബീഫ് നിരോധനത്തെ പറ്റി സംസാരിക്കാൻ അദ്ദേഹത്തിനടുത്തേക്ക് വന്ന ഖുറേഷി സമൂഹവും, വർഷങ്ങൾക്ക് മുൻപ് അദ്ദേഹം ആർഎസ്എസ് കാര്യകർത്താവായിരുന്ന കാലത്ത് അയോധ്യയിലെ ബാബറി മസ്‌ജിദ് പൊളിക്കാൻ പോയത് ഗൗരവത്തോടെ കണക്കാക്കാത്തത് പരീക്കറിന്റെ ആകർഷണീയമായ സ്വഭാവം കാരണമാണ്. മരണത്തിനു മാസങ്ങൾക്ക് മുൻപ്, ബിജെപി ആസ്ഥാനത്ത് അദ്ദേഹത്തിന് വേണ്ടി ഖുർആൻ ഖവാനി വായിക്കാനായി പത്ത് മൗലാനമാർ എത്തിയിരുന്നു, അതോടൊപ്പം തന്നെ സംസ്ഥാന മെത്രപ്പോലീത്താ ഫിലിപ്പ് നേരി ഫെറാവോ സ്വയം വിശ്വാസികളോട് അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കാനായി അപേക്ഷിച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ പ്രഭാവം, ഒരു മതേതര നേതാവെന്ന പേര് നേടിയെടുത്ത ചുരുക്കം ചില ബിജെപി നേതാക്കളിൽ ഒരാളാണ് അദ്ദേഹം.
2000-ൽ പതിമൂന്ന് ബിജെപി എംഎൽഎമാരുടെയും, ഒരു മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (MGP) എംഎൽഎയുടെയും ശക്തിയോടെ കൂട്ടുമന്ത്രിസഭ വഴി പരീക്കർ ആദ്യമായി മുഖ്യമന്ത്രിയായപ്പോൾ മന്ത്രിസഭാ സമുച്ചയത്തിൽ അദ്ദേഹം ബിജെപിയുടെ പ്രവേശന വിളംബരം നടത്തി. നേതൃസ്ഥാനത്തിരുന്നു കൊണ്ട് പരീക്കർ തന്റെ കോൺവോയെ, അന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് ആയിരുന്ന ആദിൽ ഷാ പാലസിലേക്ക് നയിച്ച യാത്ര ജനങ്ങൾക്ക് ഇന്നും ഓർമയുണ്ട്. പാർട്ടിയുടെ ഗോവയിലെ ഭാവി ആര് നിർണയിക്കും എന്നതിന് ഒരു സംശയവും ബാക്കി വെച്ചില്ല ഗോവക്കാർക്കും, ഉദ്യോഗസ്ഥർക്കും പുതുമയുണ്ടാക്കിയ ആ കാഴ്ച്ച.
മുൻ കേന്ദ്രനിയമ മന്ത്രിയും കോൺഗ്രസ് നേതാവുമായ രമാകാന്ത് ഖലാപ് പരീക്കറിന്റെ ബിജെപിയിലേക്കുള്ള പ്രവേശനത്തെക്കുറിച്ചു പറയുന്നതിങ്ങനെയാണ്. ഗോവാ സ്വദേശികൾ നിറഞ്ഞ തന്റെ സൗഹൃദവലയത്തെ മഹാരാഷ്ട്രകാരായ ഗോപിനാഥ് മുണ്ടേയിലേക്കും, പ്രമോദ് മഹാജനിലേക്കും വ്യാപിപ്പിച്ചു. കൂട്ടുമന്ത്രിസഭയ്ക്ക് മുൻപേ ഉണ്ടായിരുന്ന അന്നത്തെ ബിജെപി, സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കയറാനുള്ള ഇടവഴികൾ അന്വേഷിക്കുകയായിരുന്നു. 'കോസ്‌മോപൊളിറ്റൻ' ഗോവയിലെ ഹിന്ദുത്വ മനോവികാരങ്ങളുള്ളവരുമായി സഖ്യമുണ്ടാക്കാനുള്ള അവസരം, ഈ ത്രയം ഒട്ടും സമയം നഷ്ടപ്പെടുത്താതെ ആരംഭിച്ചു.
"പുതുമയുള്ള ഒന്ന് അന്ന് കണ്ടതായി ഓർക്കുന്നു. അത് പിടിച്ചു പറിക്കപ്പെട്ടതല്ല, MGP -യിൽ നിന്നും മത്സരിച്ചവർ പോലും വ്യത്യസ്തമായൊരു പ്രത്യയശാസ്‌ത്രതോടെയാണ് നിന്നത്. ഞങ്ങൾ അറിയാതെ തന്നെ ബിജെപി ഞങ്ങളുടെ പാർട്ടിയിലേക്ക് നുഴഞ്ഞു കയറിയിരുന്നു. അവരെല്ലാരും ഒരുമിച്ച് പ്രശ്നം ഉണ്ടാക്കിയപ്പോഴും ഞങ്ങൾക്ക് അറിയാമായിരുന്നു ആ ഭരണ അട്ടിമറി നടത്താൻ കെൽപ്പുള്ള ഒരേയൊരു വ്യക്തി പരീക്കർ ആയിരുന്നുവെന്ന്" 1994-ലെ പൊതു തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ഖലാപ് പറയുന്നു. പരീക്കറും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും 'റാം ടിക്കറ്റ്' ഉപയോഗിക്കാൻ തുടങ്ങിയതോടെ, വലിയ ബഹുജൻ- ഹിന്ദു അടിത്തറയുണ്ടായിരുന്ന MGP വിഘടിക്കാൻ തുടങ്ങി. "ഈ രാജ്യത്ത് ആർക്കും റാമുമായി മത്സരിക്കാൻ സാധിക്കില്ല, അങ്ങനെ ഞങ്ങൾ തിരിച്ചയക്കപ്പെട്ടു," ഖലാപ് ഓർത്തു.
പരീക്കർ മുഖ്യമന്ത്രിയായി തുടരുന്ന കാലം വരെ മാത്രമേ തങ്ങൾ ബിജെപിയോടൊത്തു സഖ്യകക്ഷികളായി തുടരുകയുള്ളുവെന്ന് അദ്ദേഹം മുഖ്യമന്ത്രിയായ കാലം മുതൽ 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പ് വരെ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവർ പറയുന്നു. ബിജെപി പ്രതിപക്ഷ എംഎൽഎമാരെ മോഷ്ടിച്ചു കൊണ്ടിരിക്കുമ്പോഴും, അദ്ദേഹത്തിന്റെ മന്ത്രിസഭയ്ക്കുള്ളിൽ പോരാട്ടങ്ങൾ നടക്കുമ്പോഴും രാഷ്ട്രീയപരമായ 'വിസിബിലിറ്റിയുടെ' ഗുണം എന്താണെന്നു പരീക്കറിനെക്കാളും അറിയാവുന്ന മറ്റാരും കാണില്ല. 2000-ൽ അന്നത്തെ മുഖ്യമന്ത്രിയായ സാർഡിൻഹ ഒരു വാരാന്ത്യത്തിൽ വിദേശ യാത്രയ്ക്ക് പോയപ്പോൾ പരീക്കർ ആ 'ഗോൾഡൻ' മണിക്കൂറുകൾ ഉപയോഗപ്പെടുത്തി.
അവസാന കുറച്ചു മാസങ്ങളിൽ, ബജറ്റ് പ്രഖ്യാപിക്കുന്നതിനാണെങ്കിലും, പാർട്ടി നൽകിയ വാക്കിന്റെ അടിസ്ഥാനത്തിൽ ഒരു പാലം പരിശോധിക്കുന്നതാണെങ്കിലും, ഗോവക്കാരോട് ബിജെപിയ്ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട ഒരു ബൂത്തിലെ യോഗത്തിൽ പങ്കെടുക്കുമ്പോഴാണെങ്കിലും, പ്രത്യക്ഷമായി തന്നെ ക്ഷീണിതനായ പരീക്കർ തന്റെ ഡോക്ടറിനോടൊപ്പം ഒരു വീൽചെയറിൽ സംസ്ഥാനത്ത് തന്റെ സാന്നിദ്ധ്യം അറിയിച്ചു കൊണ്ടേയിരുന്നു. മന്ത്രിസഭാ യോഗങ്ങൾ വീട്ടിലിരുന്നു കൊണ്ടു ചെയർ ചെയ്യുന്നതിന്റെ ചിത്രങ്ങൾ തുടർച്ചയായി പുറത്തു വന്നു കൊണ്ടിരുന്നു. തന്ത്രപരമായ അദ്ദേഹത്തിന്റെ പ്രത്യക്ഷപ്പെടലുകളും ട്വീറ്റുകളും, തന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് പൊതു സമ്മേളനങ്ങൾ നടത്തിക്കൊണ്ടിരുന്ന പ്രതിപക്ഷത്തെ ചൊടിപ്പിച്ചു കൊണ്ടേയിരുന്നു. അടൽ സേതു പാലത്തിന്റെ ഉദ്‌ഘാടന ദിവസം ഗോവക്കാരോട് 'ഹൌ ഈസ് ദി ജോഷ്?' (സർജിക്കൽ സ്ട്രൈക്കിനെ ഓർമ്മപ്പെടുത്തുന്ന, എങ്ങനെയുണ്ട് ആവേശം? എന്ന ചോദ്യം) എന്നു വരെ അദ്ദേഹം ചോദിക്കുകയുണ്ടായി.
അദ്ദേഹത്തിന്റെ പൂര്‍വ്വികന്മാര്‍ വസിച്ചിരുന്ന പറ എന്ന ഗ്രാമത്തിൽ ഒരു കഥ ഇപ്പോൾ അവർത്തിക്കപ്പെടും. തണ്ണീർമത്തന് പേരുകേട്ട പറ എന്ന ഗ്രാമം കർഷകരായ ഒരു അച്ഛന്റെയും മകന്റെയും കലഹത്തിനു സാക്ഷിയായി. അന്ന് ചെറുപ്പമായിരുന്ന പരീക്കർ ഉൾപ്പെടെയുള്ള ചെറിയ കുട്ടികളെ തണ്ണീർമത്തൻ കഴിച്ചു വിത്തുകൾ ചുറ്റിനും തുപ്പി കളയാൻ അദ്ദേഹം അനുവദിച്ചു. നല്ലൊരു വിളവിനെ വെറുതെ കളയുന്നത് പോലെയാണ് ഇതെന്ന് തോന്നിയ മകൻ അച്ഛനോട് ആ തണ്ണീർമത്തൻ കയറ്റുമതി ചെയ്യാൻ ആവശ്യപ്പെട്ടു. 2017-ൽ പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് ഡൽഹിയിൽ ഒറ്റപ്പെട്ടിരുന്ന ഒരു നേരത്താണ്, അദ്ദേഹം ഈ കഥ ഓർത്തെടുത്തതെന്ന് പറയുന്നു.
"അദ്ദേഹത്തിന് നഷ്ടമുണ്ടായിട്ടു പോലും എന്തിനാണ് അച്ഛൻ ഞങ്ങളോട് ആ തണ്ണീർമത്തൻ കഴിക്കാൻ പറഞ്ഞത് എന്ന് നിങ്ങൾക്ക് അറിയാമോ?" ആകാംഷയോടെ ഇരുന്ന സദസ്സിനോട് അദ്ദേഹം ചോദിച്ചു. "ആ വിത്തുകൾ സ്വദേശത്ത് തന്നെ നില നിന്നു, പറയിലെ തണ്ണീർമത്തനുകളുടെ പാരമ്പര്യം അവിടെത്തന്നെ നിലനിക്കുകയും വളരുകയും ചെയ്യുന്നുവെന്ന് ആ പ്രായമായ മനുഷ്യൻ ഉറപ്പ് വരുത്തിയത് ഇങ്ങനെയാണ്," അദ്ദേഹം ഓർത്തു. എന്നാൽ മക്കളുടെ ആർത്തി ആ വിത്തുകളെ ദൂരങ്ങളിലേക്ക് വിടുകയും, ആ വിളവിനു മറ്റു നാടുകളിൽ മികച്ച പ്രതിയോഗികൾ ഉണ്ടാവുകയും ചെയ്തു. " കുറച്ചു സമയം കഴിയുമ്പോൾ മാത്രമേ ചില കണക്കുകൂട്ടലുകളെ കുറിച്ച് നമുക്ക് മനസ്സിലാവുകയുള്ളൂ, വലിയ ആദായങ്ങൾക്ക് വേണ്ടി ചെറിയ റിസ്‌ക്കുകൾ എടുക്കേണ്ടി വരും," മനോഹർ പരീക്കർ പറഞ്ഞതായി വിശ്വസിക്കപ്പെടുന്നു. പറയിൽ നിന്നുള്ള ബാലന്‍ വിട പറഞ്ഞതോടെ വലിയ ചില ചോദ്യങ്ങൾ ബാക്കി നിൽക്കുകയാണ്, ആരാകും അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുക്കുക, ഭാരതീയ ജനത പാർട്ടിക്ക് അദ്ദേഹം എന്ത് പൈതൃകമാകും ബാക്കി വെച്ചു പോകുക, തുടങ്ങിയവ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.