പനാജി: ഗോവയിൽ മനോഹർ പരീക്കറിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ വിശ്വാസ വോട്ടെടുപ്പ് ജയിച്ചു. 40 അംഗ നിയമസഭയിൽ 22 പേരുടെ പിന്തുണ നേടിയാണ് വിശ്വാസ വോട്ടെടുപ്പിൽ മനോഹർ പരീക്കർ വിജയിച്ചത്. അതേസമയം കോൺഗ്രസ് എംഎൽഎ വിശ്വജിത്ത് റാണെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന സാഹചര്യത്തിൽ 16 അംഗങ്ങളുടെ പിന്തുണയാണ് അവർക്ക് നേടാനായത്.
സംസ്ഥാനത്ത് വലിയ ഒറ്റകക്ഷിയായിട്ടും കോൺഗ്രസിന് അധികാരത്തിൽ വരാൻ സാധിക്കാതിരുന്നത് നേതൃത്വത്തിന്റെ പിടിപ്പുകേടു കൊണ്ടാണെന്ന് വിശ്വജിത്ത് റാണെ ആദ്യമേ തന്നെ വിമർശിച്ചിരുന്നു. കേവല ഭൂരിപക്ഷത്തിന് നാല് എംഎൽഎ മാരുടെ പിന്തുണ മാത്രം ആവശ്യമായിരുന്ന കോൺഗ്രസാണ് ബിജെപിയോട് തോറ്റത്.
മൂന്ന് വീതം എംഎൽഎ മാരുള്ള മഹാരാഷ്ട്ര ഗോമന്തക് പാർട്ടി, ഗോവ ഫോർവേഡ് പാർട്ടി എന്നിവർക്ക് രണ്ട് മന്ത്രിസ്ഥാനം വീതം നൽകിയാണ് ബിജെപി ഭരണം പിടിച്ചത്. സർക്കാരിനെ പിന്തുണച്ച രണ്ട് സ്വതന്ത്രർക്കും മന്ത്രി പദവി നൽകിയാണ് കേവല ഭൂരിപക്ഷം തെളിയിച്ചത്.
രാവിലെ എംഎൽഎ മാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമാണ് വോട്ടെടുപ്പ് നടന്നത്. തന്റെ സത്യപ്രതിജ്ഞ കഴിഞ്ഞ് ഉടൻ തന്നെ വിശ്വജിത്ത് റാണെ സഭ വിട്ട് പുറത്തുപോയി. അദ്ദേഹം വോട്ടെടുപ്പ് സമയത്തും സഭയിലെത്തിയില്ല. ഇതോടെ കോൺഗ്രസ് സംസ്ഥാനത്ത് കൂടുതൽ പ്രതിസന്ധിയിലായി. ഭരണം നഷ്ടപ്പെട്ടതിനെ ചൊല്ലി രൂക്ഷമായാണ് പാർട്ടിക്കകത്ത് വിമർശനങ്ങൾ ഉയരുന്നത്.
അതേസമയം അപ്രതീക്ഷിതമായാണ് എൻസിപി അംഗം ചർച്ചിൽ അലിമാവോ ബിജെപി ക്ക് വോട്ട് ചെയ്തത്. നേരത്തേ ഇദ്ദേഹം കോൺഗ്രസിനൊപ്പമാണെന്ന് കോൺഗ്രസ് ക്യാംപുകൾ വാദിച്ചിരുന്നു. എന്നാൽ ആരാണോ സർക്കാരുണ്ടാക്കുക അവർക്കാവും പിന്തുണയെന്ന് അലിമാവോ വ്യക്തമാക്കിയിരുന്നു. സ്വതന്ത്രരുടെയോ ചെറുപാർട്ടികളുടെയോ പിന്തുണ നേടാനാകാത്ത സാഹചര്യത്തിൽ കോൺഗ്രസ് ക്യാംപ് രാവിലെ മുതൽ മൂകമായിരുന്നു.