പനജി: ഗോവ മുഖ്യമന്ത്രിയായി മനോഹർ പരീക്കർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗോവ ഗവർണർ മൃദുല സിൻഹയുടെ മുൻപാകെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി എന്നിവരും പങ്കെടുത്തു.

മനോഹർ പരീക്കർ മന്ത്രിസഭയിൽ മഹാരാഷ്ട്ര ഗോമന്തക് പാർട്ടി എംഎൽഎമാരായ രണ്ട് പേർക്കും ഗോവ ഫോർവേഡ് പാർട്ടി അംഗങ്ങളും രണ്ട് സ്വതന്ത്രരും മന്ത്രിമാരായി ഉണ്ടാകും. രണ്ട് വീതം മന്ത്രിസ്ഥാനങ്ങൾ വാഗ്‌ദാനം ചെയ്താണ് ഇരു ചെറുപാർട്ടികളെയും സംസ്ഥാനത്ത് ബിജെപി ഒപ്പം കൂട്ടിയത്. 13 അംഗങ്ങൾ ഉണ്ടായിരുന്ന ബിജെപിക്ക് കേവല ഭൂരിപക്ഷത്തിലെത്താൻ ഈ ചെറുപാർട്ടികളുടെ പിന്തുണ നിർണായകമായിരുന്നു.

ഗോവയിൽ കോൺഗ്രസ്സാണ് നിലവിൽ ഏറ്റവും വലിയ ഒറ്റകക്ഷി. 17 സീറ്റാണ് കോൺഗ്രസ്സിനുള്ളത്. വലിയ ഒറ്റകക്ഷിയായിട്ടും കോൺഗ്രസിനെ ഒഴിവാക്കി ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടി കോൺഗ്രസ് നേതൃത്വം സുപ്രീം കോടതിയിൽ ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെ കോടതി വിഷയം പരിഗണിച്ചെങ്കിലും രൂക്ഷമായ വിമർശനമാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ ഉയർത്തിയത്.

അതേസമയം വ്യാഴാഴ്ച രാവിലെ 11 മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിലാണ് ഇനി കോൺഗ്രസ്സിന്റെ പ്രതീക്ഷ. രാഷ്ട്രീയ അട്ടിമറികൾക്കും കുതിരക്കച്ചവടത്തിനുമാണ് ഗോവ സാക്ഷ്യം വഹിക്കുന്നത്. ഭരണം നഷ്ടപ്പെട്ടതിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ചില എംഎൽഎമാർ പരസ്യമായി വിമർശനം ഉന്നയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ