ന്യൂഡൽഹി: ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ ഭീം ആപ്പ് ഉപയോഗിക്കാൻ എല്ലാവരെയും സഹായിക്കാൻ നരന്ദ്രമോദിയുടെ ആഹ്വാനം. ആപ്പ് ഉപയോഗിക്കാൻ പരിശീലിച്ച ഒരാൾ 125 പേരെയെങ്കിലും ഇത് ഉപയോഗിക്കാൻ പരിശീലിപ്പിക്കണമെന്ന് റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂട നരേന്ദ്ര മോദി പറഞ്ഞു. 17 മില്യൺ ജനങ്ങൾ ഇതിനോടകം ഭീം ആപ്പ് ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പണ ഇടപാടുകൾ ഡിജിറ്റലായി മാറുന്നതോടെ അഴിമതിയും കളളനോട്ടുകളും ഇല്ലാതാകുമെന്നും മോദി ആവർത്തിച്ചു.
അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതിയോടെയാണ് നരേന്ദ്രമോദി മൻ കി ബാത്തിൽ സംസാരിച്ചത്. രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനത്തിൽ റെക്കോർഡ് വളർച്ചയാണ് ഉള്ളത് എന്നും ഇതിനായി പ്രവർത്തിച്ച എല്ലാ കർഷകരും അഭിനന്ദനം അർഹിക്കുന്നുവെന്നും മോദി പറഞ്ഞു
ബഹിരാകാശ ദൗത്യങ്ങളിൽ തുടർ വിജയങ്ങൾ നേടിയ ഐഎസ്ആർഒയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. നൂറ്റിനാല് ഉപഗ്രഹങ്ങള്‍ ഒറ്റ വിക്ഷേപണ വാഹനത്തില്‍ ഭ്രമണപഥത്തിലെത്തിച്ച് റെക്കോർഡ് സൃഷ്ടിച്ച ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞൻമാർ രാജ്യത്തിന്റെ അഭിമാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അന്ധരുടെ ക്രിക്കറ്റ് ലോകകപ്പിൽ വിജിയച്ച ഇന്ത്യൻ ടീമിനെയും പാരാ ഒളിംപിക്സിൽ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളെയും നരേന്ദ്രമോദി അഭിനന്ദിച്ചു. എഷ്യൻ റഗ്ബി സെവൻസ് ട്രോഫിയിൽ വെള്ളി മെഡൽ നേടിയ ഇന്ത്യയുടെ വനിത താരങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചു.
#PMonAIR: खेल हो या अंतरिक्ष-विज्ञान- महिलायें किसी से पीछे नहीं हैं,एशियाई Rugby Sevens Trophy हमारी महिला खिलाड़ियों ने silver medal जीता pic.twitter.com/dGjpcbGIrB
— All India Radio News (@airnewsalerts) February 26, 2017