ന്യൂഡല്‍ഹി: എല്ലാവരുടേയും പിന്തുണയോടെ കോവിഡ്-19-ന് എതിരെ ശക്തമായി പോരാടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മന്‍ കി ബാത്ത് എന്ന പ്രതിമാസ റേഡിയോ പരിപാടിയിലൂടെ രാജ്യത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണവൈറസിനെതിരായ പോരാട്ടത്തിന്റെ പാത ദൈര്‍ഘ്യമേറിയതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സമ്പദ് വ്യവസ്ഥയുടെ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നതായി അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കുന്നതിലും മാസ്‌കുകള്‍ ധരിക്കുന്നതിലും പരമാവധി വീടിനുള്ളില്‍ കഴിയുന്നതിലും അശ്രദ്ധ വരുത്തരുതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഈ പ്രതിസന്ധി നിമിഷത്തിലെ നൂതന ആശയങ്ങള്‍ തന്റെ ഹൃദയത്തെ സ്പര്‍ശിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കൊറോണവൈറസിനെതിരെ പോരാടുന്നതിന്‌ ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും ജനങ്ങളും ചെറുകിട വ്യാപാരികള്‍ മുതല്‍ സ്റ്റാര്‍ട്ട്അപ്പുകള്‍ വരേയും നമ്മുടെ ലാബുകളും പുതുവഴികള്‍ സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: Covid-19 Kerala India Live Updates: രോഗികളുടെ എണ്ണം വർധിക്കുന്നത് അതിവേഗം, 24 മണിക്കൂറിനിടെ 8,380 പോസിറ്റീവ് കേസുകൾ

മറ്റു രാജ്യങ്ങളിലേതുപോലെ ഇന്ത്യയില്‍ കോവിഡ്-19 അതിവേഗം പടര്‍ന്നില്ലെന്ന് മോദി പറഞ്ഞു. കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടം ജനങ്ങള്‍ നേതൃത്വം നല്‍കുന്നതും നമ്മുടെ പൗരന്‍മാരുടെ നൂതനമായ ആത്മാവ് ശക്തിപകരുന്നതുമാണ്. സമ്പദ് വ്യവസ്ഥയുടെ ഭൂരിഭാഗവും തുറന്നതിനാല്‍ ശ്രദ്ധ വേണമെന്നും മോദി പറഞ്ഞു. കോവിഡ് മഹാമാരി മൂലം ബുദ്ധിമുട്ടിലാകാത്തവര്‍ ഇല്ലെന്നും എന്നാല്‍ പാവപ്പെട്ടവരേയും തൊഴിലാളികളേയും ഏറ്റവുമധികം ബാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റു രാജ്യങ്ങളിലേക്ക് നോക്കുമ്പോള്‍ ഇന്ത്യാക്കാരുടേത് എത്ര വലിയ നേട്ടമാണെന്ന് നമ്മള്‍ തിരിച്ചറിയണമെന്ന് മോദി പറഞ്ഞു. മറ്റുരാജ്യങ്ങളേക്കാള്‍ പല മടങ്ങ് കൂടുതലാണ് നമ്മുടെ ജനസംഖ്യ. ആ രാജ്യങ്ങളിലേതുപോലെ കോവിഡ്-19 ഇന്ത്യയില്‍ ഇതുവരെ പടരാത്തതിനാല്‍ വെല്ലുവിളികള്‍ വ്യത്യസ്തമാണ്. കൂടാതെ, മരണനിരക്കും കുറവാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ജി 7 ഉച്ചകോടി മാറ്റിവയ്‌ക്കുമെന്ന് ട്രംപ്; ഇന്ത്യയെയും റഷ്യയെയും ഉൾപ്പെടുത്തണമെന്ന് അമേരിക്കൻ പ്രസിഡന്റ്

ജൂണ്‍ 30 വരെ ലോക്ക്ഡൗണ്‍ തീവ്ര ബാധിത പ്രദേശങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ശനിയാഴ്ചയാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. മുന്‍കരുതലുകളോടെയാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതെന്ന് മോദി പറഞ്ഞു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ വെട്ടുകിളി ആക്രമണം ബാധിച്ചവര്‍ക്ക് സഹായം നല്‍കും. ഉംപുന്‍ ചുഴലിക്കാറ്റ് വീശിയ ഒഡീഷ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയെന്നും ഈ സംസ്ഥാനങ്ങളിലെ ജനത അവിസ്മരണീയമായ ധൈര്യം കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook