ന്യൂഡൽഹി: 2018ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പത്ത് ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള നേതാക്കന്മാര്‍ മുഖ്യാതിഥികളായി എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതത്തിന്റെ ചരിത്രത്തില്‍ മുമ്പൊരിക്കലും ഇങ്ങനെ ഉണ്ടായിട്ടില്ല. 2017 ആസിയാന്‍ രാജ്യങ്ങളെയും ഭാരതത്തെയും സംബന്ധിച്ചിടത്തോളം വിശേഷപ്പെട്ടതായിരുന്നു. ആസിയാന്‍ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി, 2017 ല്‍ത്തന്നെയാണ് ആസിയാനുമായി ഭാരതത്തിന്റെ സഖ്യത്തിന് 25 വര്‍ഷം പൂര്‍ത്തിയായത്. 26 ജനുവരിയില്‍ ലോകത്തിലെ 10 രാജ്യങ്ങളില്‍ നിന്നുള്ള ഈ മഹാന്മാരായ നേതാക്കന്മാര്‍ ഒരുമിച്ചു ചേരുക എന്നത് നാം എല്ലാ ഭാരതീയരെ സംബന്ധിച്ചിടത്തോളവും അഭിമാനകരമായ കാര്യമാണെന്നും 2017ലെ അവസാനത്തെ മന്‍ കി ബാത്തില്‍ മോദി പറഞ്ഞു.

2018 ജനുവരി 1എന്നെ സംബന്ധിച്ചിടത്തോളം വിശേഷപ്പെട്ട ദിവസമാണ്. രണ്ടായിരമാണ്ടിലോ അതിനു ശേഷമോ, അതായത് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജനിച്ചവര്‍ക്ക് 2018 മുതല്‍ വോട്ടവകാശം ലഭിക്കാൻ തുടങ്ങും. ഭാരതീയ ജനാധിപത്യം, ഇരുപത്തിയൊന്നാംനൂറ്റാണ്ടിലെ വോട്ടര്‍മാരെ, നവഭാരതത്തിലെ വോട്ടര്‍മാരെ സ്വാഗതം ചെയ്യുന്നു. വോട്ടര്‍മാരായി സ്വയം റജിസ്റ്റര്‍ ചെയ്യാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. ഈ ഭാരതമൊന്നാകെ നിങ്ങളെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വോട്ടര്‍മാരായി സ്വാഗതം ചെയ്യുവാന്‍ ഉത്സാഹിക്കയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വോട്ടര്‍ എന്ന നിലയില്‍ നിങ്ങള്‍ക്കും അഭിമാനം തോന്നുന്നുണ്ടാകും. നിങ്ങളുടെ വോട്ട് നവഭാരതത്തിന് അടിസ്ഥാനമാകും.

സാമൂഹ്യനീതി ഉറപ്പാക്കാനാണ് മുത്തലാഖ് നിയമം. മുസ്ലിം സഹോദരിമാർക്കും അമ്മമാർക്കും നീതി ഉറപ്പാക്കും. മുസ്‌ലിം സ്ത്രീകൾ അനുഭവിച്ചു കൊണ്ടിരുന്ന വിലയ ദുഃഖമായിരുന്നു മുത്തലാഖ്. അതിൽനിന്നും മോചനം നേടാൻ അവർക്ക് കഴിഞ്ഞു.

ഭാരതത്തിലെ മുസ്ലീം സ്ത്രീകള്‍ക്ക് പുരുഷതുണയില്ലാതെ ഹജിനു പോകാനുള്ള അവകാശമില്ലായിരുന്നു. അതുകൊണ്ട് സര്‍ക്കാര്‍ ഇതില്‍ മാറ്റംവരുത്തി. ഇപ്രാവശ്യം ഏകദേശം 1300 സ്ത്രീകള്‍ ഹജ്ജിനു പോകാന്‍ അപേക്ഷ നൽകിയിട്ടുണ്ട്. ഒറ്റയ്ക്കു പോകുവാന്‍ അപേക്ഷ നൽകുന്ന എല്ലാ സ്ത്രീകള്‍ക്കും ഹജ്ജിനു പോകാനുള്ള അനുവാദം നൽകുന്നുവെന്ന് ഉറപ്പാക്കണമെന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യമായ അവകാശങ്ങള്‍ ലഭിക്കണമെന്നും, തുല്യമായ അവസരങ്ങള്‍ ലഭിക്കണമെന്നും താൻ ആഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ