ന്യൂഡൽഹി: രാജ്യത്തുളള അഴിമതിയും കളളപ്പണവും ധീരതയോടെ നേരിടുന്ന സൈനികരാകാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കീ ബാത്ത് പ്രസംഗം. മുപ്പതാമത് മൻ കീ ബാത് പ്രസംഗത്തിൽ രാജ്യത്തെ 125 കോടി ജനങ്ങളോടും പുതിയ ഇന്ത്യയ്ക്കായി പ്രവർത്തിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.

ബംഗ്ലാദേശിനെ അവരുടെ സ്വാതന്ത്ര്യ ദിനത്തിൽ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലേക്കാണ് പിന്നീട് പോയത്. ഭഗത് സിംഗിന്റെ ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ പങ്കാളിത്തം പരാമർശിച്ച മോദി, അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം എക്കാലവും സ്മരിക്കപ്പെടുമെന്ന് അറിയിച്ചു.

ആയുധം ഉപയോഗിച്ചുള്ള സമരം ഭഗത് സിംഗ്, സുഖ്ദേവ്, രാജ്‌ഗുരു എന്നിവർ തുടങ്ങിയ കാലത്താണ് മഹാത്മ ഗാന്ധി ചംപാരനിൽ സത്യാഗ്രഹം തുടങ്ങിയതെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണിയിലേക്ക് എത്തിയതിനെ കുറിച്ച് അദ്ദേഹം വാചാലനായി. എങ്ങിനെ അവകാശങ്ങൾ നേടിയെടുക്കണമെന്ന് വാക്കു കൊണ്ടും പ്രവർത്തി കൊണ്ടും കാണിച്ച് തന്ന വ്യക്തിയാണ് ഗാന്ധിയെന്ന് അദ്ദേഹം സ്മരിച്ചു.

കൂടുതൽ ഉത്തരവാദിത്തമുള്ള ജനതയായി മാറാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓരോ ഇന്ത്യാക്കാരനോടും ആവശ്യപ്പെട്ടു. മുഴുവൻ ഇന്ത്യാക്കാരും കൂട്ടായി പ്രവർത്തിക്കാൻ തയ്യാറായാൽ സ്വതന്ത്ര്യ രാജ്യം സാധ്യമാക്കിയത് പോലെ സുന്ദര രാജ്യവും യാഥാർത്ഥ്യമാക്കാമെന്ന് അദ്ദേഹം പറഞ്ഞു.

തുടർന്ന് സംസാരിച്ച അദ്ദേഹം ഭക്ഷണം പാഴാക്കിക്കളയുന്നതിനെ ശക്തമായി എതിർത്തു. രാജ്യത്തെ പട്ടിണി അനുഭവിക്കുന്ന പാവങ്ങളുണ്ട്. ലോകത്ത് നിരവധി പേർ ആവശ്യത്തിന് ഭക്ഷണം കിട്ടാത്തവരായുണ്ട്. ഭക്ഷണം പാഴാക്കുന്നവർ ഇവരോട് നീതികേട് കാട്ടുകയാണ്. ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കണമെന്നും ഭക്ഷണം പാഴാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകാരോഗ്യ സംഘടന ഇത്തവണ വിഷാദ രോഗം പ്രമേയമാക്കിയതാണ് പിന്നീട് മൻ കി ബാത്തിൽ പ്രമേയമായത്. വിഷാദ രോഗം അനുഭവിക്കുന്ന 35 കോടി പേർ ലോകത്തുണ്ടെന്നും, മാതാപിതാക്കൾ മക്കളോട് നിരന്തരം സമ്പർക്കം പുലർത്തണമെന്നും അദ്ദേഹം പ്രസംഗത്തിൽ ആവശ്യപ്പെട്ടു.

മൂന്നാമത് യോഗ ദിനത്തിനുള്ള നിർദ്ദേശങ്ങൾ മുഴുവൻ ഇന്ത്യാക്കാരിൽ നിന്നും ക്ഷണിച്ചാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. ഗൂഗിൾ പ്ലസിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാവുന്ന നരേന്ദ്ര മോദി ആപ്പ് വഴി നിർദ്ദേശങ്ങൾ അയക്കാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ