ന്യൂഡൽഹി: ഒൻപത് വർഷങ്ങൾക്ക് മുൻപ് രാജ്യത്തെ നടുക്കിയ 26/11 മുംബൈ ഭീകരാക്രമണം രാജ്യം ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനാ ദിനത്തോട് അനുബന്ധിച്ച് നടത്തിയ മൻ കി ബാത് പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
“ഇന്ത്യ ഒരിക്കലും ആ ആക്രമണം മറക്കില്ല. ഒൻപത് വർഷം മുൻപ് മുംബൈയിൽ നടന്ന 26/11 ലെ ഭീകരാക്രമണം രാജ്യത്തെ അത്രമേൽ നടുക്കിയതാണ്. അന്ന് ജീവൻ വെടിഞ്ഞ ധീരന്മാരായ പൗരന്മാരെയും പട്ടാളക്കാരെയും പൊലീസുകാരെയും രാജ്യം ഓർക്കുന്നു. അവരുടെ ത്യാഗത്തെ ഒരിക്കലും വിസ്മരിക്കാനാവില്ല”, പ്രധാനമന്ത്രി പറഞ്ഞു.
“ഭീകരവാദമാണ് മനുഷ്യജീവിതത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. ഇന്ത്യയ്ക്ക് മാത്രമല്ല, ലോകരാഷ്ട്രങ്ങൾക്കെല്ലാം ഭീകരവാദം വെല്ലുവിളിയാണ്. ലോകരാഷ്ട്രങ്ങൾ ഒരുമിച്ച് നിന്ന് ഭീകരവാദത്തെ ചെറുത്തു തോൽപ്പിക്കേണ്ട സമയം വന്നിരിക്കുകയാണ്”, അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സ്ത്രീശക്തിയെയും ഭരണഘടനയുടെ ശക്തിയെയും ഓർമ്മപ്പെടുത്തിയാണ് പ്രധാനമന്ത്രി സംസാരിച്ചത്. “ഇന്ത്യയ്ക്ക് എക്കാലത്തും അഭിമാനിക്കാവുന്ന ഭരണഘടനയാണ് ബാബ സാഹേബ് അംബേദ്കർ അടക്കമുള്ള സ്രഷ്ടാക്കൾ നമുക്ക് സമ്മാനിച്ചത്. രാജ്യത്തെ പാവപ്പെട്ടവനും സാധാരണക്കാരനും അവന്റെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിൽ ഭരണഘടന വലിയ സ്വാധീനം ചെലുത്തുന്നു.” അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സ്ത്രീ ശക്തിയെ ഓർമ്മിപ്പിച്ച മോദി ചോളരാജ്യത്തെ നാവിക സേനയിൽ അംഗങ്ങളായിരുന്ന സ്ത്രീകളെയാണ് ചരിത്ര ദിനത്തിൽ ഓർത്തത്. “ലോകത്തെ മിക്ക നാവികസേനകളിലും ഇപ്പോൾ സ്ത്രീകളെ കൂടി അണിനിരത്തുന്നുണ്ട്. എന്നാൽ 800-900 വർഷങ്ങൾക്ക് മുൻപ് വളരെ കുറച്ച് സ്ത്രീ പടയാളികൾ മാത്രമേ ചോളരാജ്യത്തെ സൈന്യത്തിൽ ഉണ്ടായിരുന്നുളളൂവെന്നും അവർ യുദ്ധം ചെയ്തിരുന്നുവെന്നും അറിയുകയുള്ളൂ”, അദ്ദേഹം ചരിത്രം ഓർമ്മിപ്പിച്ച് പറഞ്ഞു.