ന്യൂഡല്‍ഹി: കര്‍ണാടക തിരഞ്ഞെടുപ്പിന്‍റെ പ്രചാരണ വേളയില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മറുപടിയുമായി മന്‍മോഹന്‍ സിങ്. ഭീക്ഷണിപ്പെടുത്തുന്ന രീതിയിലുള്ള മോദിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ രാഷ്ട്രപതി രാം നാഥ് ഗോവിന്ദിനു മന്‍മോഹന്‍ സിങ് കത്തയച്ചു. കോണ്‍ഗ്രസ് നേതാക്കളോടോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കളോടോ ഇത്തരത്തില്‍ അനുചിതമല്ലാത്ത രീതിയില്‍ സംസാരിക്കുന്നത് ഒരു പ്രധാനമന്ത്രിയ്ക്ക് യോചിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

“കോണ്‍ഗ്രസ്‌ നേതാക്കള്‍ എല്ലാവരും ചെവി തുറന്ന് കേട്ടോളൂ. അതിര് കടന്നാല്‍ നിങ്ങള്‍ അതിനു പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. ഇത് മോദിയാണ്”, കര്‍ണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹൂബ്ലിയില്‍ നടന്ന പ്രചാരണ പരിപാടിയ്ക്കിടെ ഇങ്ങനെയായിരുന്നു കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക് താക്കീത് നല്‍കുന്ന രീതിയില്‍ മോദി പ്രസംഗിച്ചത്‌. ഇത് ചൂണ്ടിക്കാട്ടിയാണ് മൻമോഹൻ രാഷ്ട്രപതിക്ക് കത്തയച്ച്. മന്‍മോഹന്‍ സിങ്ങിനെ കൂടാതെ പി.ചിദംബരം, ആനന്ദ് ശര്‍മ, അംബിക സോണി, മല്ലികാര്‍ജുന്‍ ഖർഗെ, മോട്ടിലാല്‍ വോഹ്‌റ, കമല്‍ നാഥ്, അശോക്‌ ഗെഹ്‌ലോട്ട്, ദിഗ്‌വിജയ് സിങ്, മുകുള്‍ വാസ്‌നിക്, കരണ്‍ സിങ് തുടങ്ങിയവരും കത്തില്‍ ഒപ്പിട്ടിട്ടുണ്ട്.

കോണ്‍ഗ്രസ്‌ നേതൃത്വത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ഇത്തരം പരാമര്‍ശങ്ങള്‍ കേട്ട് കൊണ്ട് പാര്‍ട്ടി മിണ്ടാതെ ഇരിക്കില്ലെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. “ഇന്ത്യയിലെ ഏറ്റവും പാരമ്പര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്‌ പാര്‍ട്ടി. അതിനാല്‍ത്തന്നെ നിരവധി ഭീഷണികളും പ്രതിഷേധങ്ങളും ഞങ്ങള്‍ നേരിട്ടിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളെ നേരിടുന്നതില്‍ പാര്‍ട്ടി എന്നും അതിയായ ശക്തിയും ധൈര്യവും പ്രകടിപ്പിച്ചിട്ടുണ്ട്”, മന്‍മോഹന്‍ സിങ് പറഞ്ഞു.

മെയ്‌ 15 കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ഇത്തരമൊരു കത്ത് ഇരു പാര്‍ട്ടികളും തമ്മിലുള്ള പോരുത്തക്കേടുകള്‍ വ്യക്തമായി എടുത്ത് കാണിക്കുന്നു. പ്രചാരണ വേളയ്ക്കിടെ കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയ്ക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ചതിന് നരേന്ദ്ര മോദിയ്ക്കും അമിത് ഷായ്ക്കുമെതിരെ അദ്ദേഹം 100 രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook