ന്യൂഡൽഹി: കത്തുവ ഉന്നാവോ പീഡന കേസുകളിൽ ദിവസങ്ങളുടെ മൗനത്തിന് ശേഷം മാത്രം പ്രതികരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ രൂക്ഷ വിമര്‍ശനം. വായ് തുറക്കാത്ത പ്രധാനമന്ത്രിയായിരുന്നു താനെന്ന് വിമർശിച്ച മോദി വല്ലപ്പോഴെങ്കിലും വായ തുറക്കണമെന്ന് മൻമോഹൻ സിംങ് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഞാൻ വായ തുറക്കില്ലെന്നായിരുന്നില്ലോ മോദിയുടെ വിമർശനം. എന്നാല്‍ എനിക്ക് തന്ന ഉപദേശം മോദി തന്നെ പിന്തുടരണം. വിമർശനം കടുത്തപ്പോൾ കത്തുവ,​ ഉന്നാവോ വിഷയങ്ങളെ അപലപിച്ചതിൽ സന്തോഷമുണ്ട്- സിംഗ് പറഞ്ഞു.

ഇന്ത്യയുടെ പെണ്‍മക്കള്‍ക്ക് നീതി ലഭിക്കും എന്ന് കഴിഞ്ഞയാഴ്ച്ചയാണ് മോദി പറഞ്ഞത്. മന്‍മോഹന്‍ സിംഗ് മിണ്ടാതിരുന്നപ്പോള്‍ ‘മൗന്‍ മോഹന്‍ സിംഗ്’ എന്ന് വിളിച്ച് പരിഹസിക്കാറുണ്ടായിരുന്ന ബിജെപിയുടെ നടപടിയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ‘ഇത്തരം വാക്കുകള്‍ കേട്ടാണ് ഇത്ര കാലവും ജീവിച്ചത്’ എന്നായിരുന്നു മുന്‍ പ്രധാനമന്ത്രിയുടെ പ്രതികരണം.

ഇത്തരം സാഹചര്യങ്ങളിൽ പ്രധാനമന്ത്രിയെ പോലെയുള്ളവർ പ്രതികരിക്കാൻ വൈകിയാൽ കുറ്റവാളികൾക്ക് അത് മുതലെടുപ്പിനുള്ള അവസരമാവും. എന്ത് കുറ്റം ചെയ്താലും ഒരു പ്രശ്നവുമില്ലെന്ന് അവർ കരുതും. അധികാരികൾ യഥാസമയം ഇടപെട്ട് വ്യക്തമായ സന്ദേശം നൽകണമെന്നും മൻമോഹൻ സിംഗ് പറഞ്ഞു. 2012 ലെ നിർഭയ സംഭവത്തിന് ശേഷം യുപിഎ സർക്കാർ നിയമ ഭേദഗതി വരുത്തി ശക്തമായ നടപടിയെടുത്തിരുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർലമെന്റ് ശരിയായ രീതിയിൽ പ്രവർത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടത് സർക്കാരിന്റെ ചുമതലയാണെന്നും അദ്ദേഹം ഒരു ചോദ്യത്തിന് മറപുടിയായി പറഞ്ഞു.

രാജ്യത്തെ ബാങ്കിംഗ് മേഖല ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്നും മൻമോഹൻ സിംഗ് ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഇത് പൊതുമേഖലയെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. സ്വകാര്യ മേഖലയിലെ ഭൂരിഭാഗം ബാങ്കുകളും കുത്തഴിഞ്ഞ് കിടക്കുകയാണ്. ബാങ്കിംഗ് മേഖല അഴിച്ചുപണിയേണ്ട സമയമായി. സമയം എടുക്കുമെന്നത് ശരിറിയാണ്. എന്നാൽ ബാങ്കിംഗ് മേഖലയുടെ തകർച്ചയ്ക്ക് കാരണക്കാരായവരെ രക്ഷപ്പെടാൻ അനുവദിക്കരുതെന്നും സിംഗ് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ