ന്യൂഡൽഹി: നിശബ്ദനായ പ്രധാനമന്ത്രിയാണെന്ന വിമർശനങ്ങളോട് പ്രതികരിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. വിമർശനമുയർന്നപ്പോഴും താൻ മാധ്യമങ്ങളോടു സംസാരിക്കാതിരുന്നിട്ടില്ലെന്ന് മൻമോഹൻ സിങ് പറഞ്ഞു. ഡൽഹിയിൽ ‘ചെയ്ഞ്ചിങ് ഇന്ത്യ’ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ആളുകൾ പറയുന്നു, ഞാൻ നിശബ്ദനായ പ്രധാനമന്ത്രിയായിരുന്നുവെന്ന്. അവർക്കുള്ള മറുപടിയാണ് ഈ പുസ്തകം. മാധ്യമങ്ങളോട് സംസാരിക്കാൻ ഭയപ്പെട്ടിരുന്ന ഒരു പ്രധാനമന്ത്രി അല്ലാായിരുന്നു ഞാൻ. പതിവായി ഞാൻ മാധ്യമങ്ങളെ കാണാറുണ്ടായിരുന്നു. വിദേശ സന്ദര്‍ശന സമയത്ത് വിമാനത്തിലിരുന്നും ലാന്‍ഡിങ്ങിന് ശേഷവും ഞാന്‍ മാധ്യമങ്ങളോടു സംസാരിച്ചിരുന്നു,” മൻമോഹൻ സിങ് പറഞ്ഞു.
ഒരു അപ്രതീക്ഷിത പ്രധാനമന്ത്രിയായിരുന്നു എന്ന പരാമർശത്തോടും മൻമോഹൻ സിങ് പ്രതികരിച്ചു. താൻ ഒരു അപ്രതീക്ഷിത പ്രധാനമന്ത്രി മാത്രമായിരുന്നില്ല, അപ്രതീക്ഷിത ധനമന്ത്രി കൂടിയായിരുന്നു. നരസിംഹ റാവു മന്ത്രി സഭയിൽ ഐ.ജി.പട്ടേലിനെയാണ് ധനമന്ത്രിയായി ആദ്യം തീരുമാനിച്ചത്. എന്നാൽ അദ്ദേഹം പിന്മാറിയോടെയാണ് താൻ ധനമന്ത്രിയായതെന്നും മൻമോഹൻ സിങ് പറഞ്ഞു.
റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശവും സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ളതിന് സമാനമായ ബന്ധമാവണം റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഉണ്ടാകേണ്ടത്. വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാവാം പക്ഷേ അവയെല്ലാം പരിഹരിച്ച് ഇരുവരും ഒരുമിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.