ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മനമോഹൻ സിങ് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനിൽ നിന്നുമാണ് മൻമോഹൻ സിങ് രാജ്യസഭയിൽ എത്തുന്നത്. ഇതോടെ നിലവിൽ രാജസ്ഥാനിൽ നിന്നും പാർലമെന്റിലുള്ള ഏക കോൺഗ്രസ് അംഗവും മൻമോഹൻ സിങ് മാത്രമായി.

മൻമോഹൻ സിങ്ങിനെതിരെ ആരെയും മത്സരിപ്പിക്കില്ലെന്ന് മുൻ രാജസ്ഥാൻ ആഭ്യന്തര മന്ത്രിയും രാജസ്ഥാൻ നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാബ് ചന്ദ് ഘട്ടാരിയ വ്യക്തമാക്കിയിരുന്നു. രാജസ്ഥാനിൽ നിന്ന് രാജ്യസഭയിൽ അവശേഷിക്കുന്ന ഒമ്പത് അംഗങ്ങളും ലോക്‌സഭയിലെ 24 അംഗങ്ങളും ബിജെപി പ്രവർത്തകരാണ്.

1991 മുതൽ 2019 വരെ അസമിനെ പ്രതിനിധീകരിച്ച് അഞ്ച് തവണ മൻമോഹൻ സിങ് രാജ്യസഭയിൽ എത്തിയിരുന്നു. ഒന്നാം യുപിഎ സർക്കാരിലും രണ്ടാം യുപിഎ സർക്കാരിലും പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം 1991 ലാണ് ആദ്യമായി രാജ്യസഭയിൽ എത്തുന്നത്. 1998 മുതൽ 2004 വരെയുള്ള കാലഘട്ടത്തിൽ ഭാരതീയ ജനതാ പാർട്ടി അധികാരത്തിലിരുന്നപ്പോൾ മൻമോഹൻ സിങ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവു കൂടിയായിരുന്നു.

തനിക്ക് പിന്തുണ നല്‍കിയ കോണ്‍ഗ്രസ് പാര്‍ട്ടിക്കും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിനും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനും മറ്റു പാര്‍ട്ടി നേതാക്കള്‍ക്കും മന്‍മോഹന്‍ സിങ് നന്ദി അറിയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook