ന്യൂഡല്‍ഹി: രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും നേരെ അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ് എന്നും ജനാധിപത്യത്തെ അപായപ്പെടുത്തുന്നതാണ് ഇത്തരം സംഭവങ്ങള്‍ എന്നും മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്. പഞ്ചാബ് സർവകലാശാലയില്‍ എസ്ബി രംഗ്നേകര്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു മന്‍മോഹന്‍ സിങ്.

ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും നേരെ വര്‍ദ്ധിച്ചു വരുന്ന അക്രമ സംഭവങ്ങളെ കടുത്ത ഭാഷയില്‍ അപലപിച്ച മുന്‍ പ്രധാനമന്ത്രി വിഭാഗീയ നയങ്ങളും രാഷ്ട്രീയവും തള്ളിക്കളയണം എന്നും ആഹ്വാനം ചെയ്തു.

“ഇന്ത്യയിലെ ജനങ്ങളെ ജാതി, മതം, സംസ്കാരം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ വിഭജിക്കുകയാണ് എന്ന ആഴത്തിലുള്ള ഉത്‌കണ്‌ഠ ഞാന്‍ മറച്ചുവയ്ക്കുന്നില്ല. തടയാന്‍ സാധിച്ചില്ല എങ്കില്‍ നമ്മുടെ ജനാധിപത്യത്തെ തന്നെ അപായപ്പെടുത്തുന്ന തരത്തിലേക്ക് അത് പോകും. വിഭാഗീയമായ നയങ്ങളെയും രാഷ്ട്രീയത്തേയും ഞങ്ങള്‍ ശക്തമായി തള്ളിക്കളയുന്നു.” മന്‍മോഹന്‍ സിങ് പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികം എന്ന വിഷയത്തില്‍ സംസാരിച്ച മുന്‍ പ്രധാനമന്ത്രി ജനാധിപത്യത്തിന്റെ വേരുകള്‍ക്ക് കരുത്ത് പകരേണ്ടതുണ്ട് എന്ന അഭിപ്രായവും പങ്കുവച്ചു. രാജ്യത്ത് അപകടകരവും വ്യാജവുമായ ബൈനറികളാണ് ചര്‍ച്ചയാകുന്നത് എന്നും മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യമോ വികസനമോ എന്ന ചോദ്യമാണ് രാജ്യത്തെ രാഷ്ട്രീയ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നത് എന്നു പറഞ്ഞ മുന്‍ പ്രധാനമന്ത്രി ഇത്തരത്തില്‍ ജനങ്ങളെ വിഭജിക്കാനുള്ള ശ്രമം നടക്കുന്നതിനെക്കുറിച്ചും ആശങ്ക പങ്കുവച്ചു.

“സ്വാതന്ത്ര്യം എന്നത് അധികാരവും പ്രിവിലേജും ഉള്ളവരുടേത് മാത്രമല്ല, ഓരോ ഇന്ത്യക്കാരന്റെയും സ്വാതന്ത്ര്യമാണ്.” മുന്‍ പ്രധാനമന്ത്രി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ