ന്യൂഡല്‍ഹി: ഐ.കെ.ഗുജ്റാളിന്റെ ഉപദേശം നരംസിംഹ റാവു സ്വീകരിച്ചിരുന്നെങ്കില്‍ 1984ലെ സിഖ് കൂട്ടക്കൊല ഒഴിവാക്കാമായിരുന്നുവെന്നു മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്.
”1984-ലെ ദുഃഖകരമായ സംഭവം നടന്ന ആ വൈകുന്നേരം ഗുജ്‌റാള്‍ ആഭ്യന്തര മന്ത്രി പി.വി.നരസിംഹ റാവുവിന്റെ വസതിയിലെത്തി. സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ്, സര്‍ക്കാര്‍ എത്രയും പെട്ടെന്നു സൈന്യത്തെ വിളിക്കണമെന്നു ഗുജ്‌റാള്‍ റാവുവിനോട് ആവശ്യപ്പെട്ടു. ഈ ഉപദേശം സ്വീകരിച്ച് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കൂട്ടക്കൊല ഒഴിവാക്കാമായിരുന്നു,” മന്‍മോഹന്‍ സിങ് പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി കൂടിയായ ഐ.കെ.ഗുജ്റാളിന്റെ 100-ാം ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ച് നടന്ന സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിങ്. 1997-98 കാലത്താണ് ഐ.കെ.ഗുജ്റാള്‍ പ്രധാനമന്ത്രി പദത്തിലിരുന്നത്.
പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സിഖുകാരനായ അംഗരംക്ഷകന്റെ വെടിയേറ്റ് 1984-ല്‍ മരിച്ചതിനെത്തുടര്‍ന്നുണ്ടായ കലാപത്തില്‍ മൂവായിരത്തോളം പേരാണു കൊല്ലപ്പെട്ടത്. സിഖുകാരെ ലക്ഷ്യമിട്ട് നടത്തിയ കലാപത്തില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റാരോപിതരായിരുന്നു.
2005ല്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് സിഖ് കൂട്ടക്കൊലയില്‍ രാഷ്ട്രത്തോട് മാപ്പ് പറഞ്ഞിരുന്നു. ”സിഖ് സമുദായത്തോട് മാത്രമല്ല, രാഷ്ട്രത്തോടും മാപ്പുപറയാന്‍ തനിക്ക് ശങ്കയില്ല. അത്തരമൊരു കാര്യം സംഭവിച്ചതില്‍ അപമാനഭാരത്താല്‍ എന്റെ തലകുനിയുകയാണ്,” എന്നായിരുന്നു രാജ്യസഭയില്‍ മന്‍മോഹന്‍ സിങ്ങിന്റെ പ്രസ്താവന. സംഭവത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും അടുത്തിടെ ഖേദം പ്രകടിപ്പിച്ചിരുന്നു.