/indian-express-malayalam/media/media_files/uploads/2022/08/Manish-Sisodhia.jpg)
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി ആരോപണക്കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ സി ബി ഐയുടെ എഫ് ഐ ആര്‍. പുതിയ മദ്യനയത്തിന്റെ മറവില്‍ ലൈസന്‍സികള്‍ക്ക് അനാവശ്യ ആനുകൂല്യങ്ങള്‍ നല്‍കി പൊതുപ്രവര്‍ത്തകര്‍ക്കായി പണം വഴിമാറ്റിയെന്നാണു സി ബി ഐ ആരോപണം. കേസുമായി ബന്ധപ്പെട്ട് സിസോദിയയുടെ വസതി ഉള്‍പ്പെടെ 21 ഇടങ്ങളില്‍ സി ബി ഐ റെയ്ഡ് നടത്തി.
എഫ് ഐ ആറില്‍ ഒന്നാമതായാണു മനീഷ് സിസോദിയയുടെ പേര്. വിജയ് നായര്‍, അരുണ്‍ രാമചന്ദ്ര പിള്ള എന്നീ മലയാളികളുടെ പേരുകളും എഫ് ഐ ആറിലുണ്ട്. മുംബൈയില്‍ താമസിക്കുന്ന വിജയ് നായര്‍ ഒന്നാം പ്രതിയും ഹൈദരാബാദില്‍ താമസിക്കുന്ന അരുണ്‍ പതിനാലാം പ്രതിയുമാണ്.
എഫ് ഐ ആറില്‍ പറയുന്നത് ഇങ്ങനെ: ''ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, അന്നത്തെ എക്‌സൈസ് കമ്മീഷണര്‍ അര്‍വ ഗോപി കൃഷ്ണ, ആനന്ദ്. അന്നത്തെ ഡെപ്യൂട്ടി കമ്മിഷണര്‍ (എക്സൈസ്) അസിസ്റ്റന്റ് കമ്മിഷണര്‍ ആനന്ദ് തിവാരി, പങ്കജ് ഭട്നാഗര്‍ എന്നിവര്‍ ഡല്‍ഹിയിലെ 2021-22 വര്‍ഷത്തേക്കുള്ള മദ്യനയവുമായി ബന്ധപ്പെട്ട് ശിപാര്‍ശ ചെയ്യുന്നതിലും തീരുമാനമെടുക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. ടെന്‍ഡറിനു ശേഷം ലൈസന്‍സികള്‍ക്ക് അനാവശ്യ ആനുകൂല്യങ്ങള്‍ നല്‍കാനുള്ള ഉദ്ദേശ്യത്തോടെ, ബന്ധപ്പെട്ട അധികാരിയുടെ അംഗീകാരമില്ലാതെയായിരുന്നു ഈ നടപടി.''
ഓണ്‍ലി മച്ച് ലൗഡര്‍ എന്ന വിനോദ, ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മുന്‍ സി ഇ ഒ വിജയ് നായര്‍, പെര്‍നോഡ് റൈക്കാര്‍ഡിന്റെ മുന്‍ ജീവനക്കാരന്‍ മനോജ് റായ്, ബ്രിന്‍ഡ്കോ സ്പിരിറ്റ്സ് ഉടമ അമന്‍ദീപ് ധാല്‍; ഇന്‍ഡോസ്പിരിറ്റ് ഉടമ സമീര്‍ മഹേന്ദ്രു എന്നിവരും മദ്യനയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേടുകളില്‍ സജീവമായി ഇടപെട്ടുവെന്നും എഫ് ഐ ആറില്‍ ആരോപിക്കുന്നു.
''എല്‍-1 ലൈസന്‍സ് ഉടമകളില്‍ ചിലര്‍ പൊതുസേവകര്‍ക്ക് അനാവശ്യമായി പണം വകമാറ്റുക എന്ന ഉദ്ദേശത്തോടെ ചില്ലറ വില്‍പ്പനക്കാര്‍ക്കു ക്രെഡിറ്റ് നോട്ടുകള്‍ നല്‍കുന്നുവെന്ന് ഉറവിടം വെളിപ്പെടുത്തി. ഗൂഡ്ഗാവിലെ ബഡ്ഡി റീട്ടെയില്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ അമിത് അറോറ, ദിനേശ് അറോറ, അര്‍ജുന്‍ പാണ്ഡെ എന്നിവര്‍ക്കു മനീഷ് സിസോദിയയമായി അടുത്ത ബന്ധമുണ്ടെന്നും ഇവര്‍ മദ്യ ലൈസന്‍സികളില്‍നിന്ന് പിരിച്ചെടുക്കുന്ന നിയമവിരുദ്ധമായ നേട്ടങ്ങള്‍ ആരോപണവിധേയരായ പൊതുപ്രവര്‍ത്തകര്‍ക്കുവേണ്ടി കൈകാര്യം ചെയ്യുന്നതിലും തിരിച്ചുവിടുന്നതിലും സജീവമായി ഇടപെടുന്നുവെന്നും വിവരം ലഭിച്ചു,'' എഫ് ഐ ആറില്‍ പറയുന്നു.
ഇന്‍ഡോസ്പിരിറ്റ് എംഡി സമീര്‍ മഹേന്ദ്രു രാധാ ഇന്‍ഡസ്ട്രീസിന്റെ അക്കൗണ്ടിലേക്ക് ഒരു കോടി രൂപ കൈമാറിയതായി ഉറവിടം വെളിപ്പെടുത്തിയതായി എഫ് ഐ ആറില്‍ പറയുന്നു. ദിനേശ് അറോറയാണു രാധ ഇന്‍ഡസ്ട്രീസിന്റെ നടത്തിപ്പുകാരന്‍. ആരോപണവിധേയനായ പൊതുപ്രവര്‍ത്തകനുവേണ്ടി അരുണ്‍ രാമചന്ദ്ര പിള്ള സമീര്‍ മഹേന്ദ്രുവില്‍നിന്ന് വിജയ് നായര്‍ മുഖേന അനാവശ്യമായ നിയമവിരുദ്ധമായ നേട്ടങ്ങള്‍ സ്വീകരിക്കാറുണ്ടായിരുന്നുവെന്ന് ഉറവിടം വെളിപ്പെടുത്തി. വിജയ് നായര്‍ക്കു വേണ്ടി സമീര്‍ മഹേന്ദ്രുവില്‍നിന്ന് 2-4 കോടി രൂപ അര്‍ജുന്‍ പാണ്ഡെ ഒരിക്കല്‍ ശേഖരിച്ചിട്ടുണ്ടെന്നും എഫ് ഐ ആറില്‍ പറയുന്നു.
പ്രൊപ്രൈറ്റര്‍ഷിപ്പ് സ്ഥാപനമായ മഹാദേവ് ലിക്വേഴ്സിന് എല്‍-1 ലൈസന്‍സ് അനുവദിച്ചതായി ഉറവിടം വെളിപ്പെടുത്തി. സണ്ണി മര്‍വയാണു രേഖകളില്‍ കമ്പനിക്കുവേണ്ടി ഒപ്പിടാന്‍ അധികാരമുള്ളയാള്‍. പരേതനായ പോണ്ടി ഛദ്ദയുടെ കുടുംബം നിയന്ത്രിക്കുന്ന കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഡയറക്ടര്‍ കൂടിയാണ് സണ്ണി മര്‍വ. ആരോപണവിധേയരായ പൊതുപ്രവര്‍ത്തകരുമായി സണ്ണി മര്‍വ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും അവര്‍ക്ക് പതിവായി അനാവശ്യമായ ആനുകൂല്യങ്ങള്‍ നല്‍കാറുണ്ടെന്നും ഉറവിടം വെളിപ്പെടുത്തിയതായും എഫ് ഐ ആര്‍ ആരോപിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.