ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ആരോപണ വിധേയനായ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സിബിഐ കസ്റ്റഡി കാലാവധി നീട്ടി. തിങ്കളാഴ്ച വരെ സിസോദിയ സിബിഐ കസ്റ്റഡിയില്‍ തുടരും. സിസോദിയയുടെ ജാമ്യാപേക്ഷ മാര്‍ച്ച് പത്താം തീയതി കോടതി പരിഗണിക്കും.
കോടതി നടപടികള്‍ക്കിടെ സിബിഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സിസോദിയ ഉന്നയിച്ചത്. മാനസിക പീഡനത്തിന് താന്‍ വിധേയനാകുകയാണെന്നാണ് സിസോദിയയുടെ വാദം. എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ ഒരേ ചോദ്യം ചോദിക്കുകയാണെന്നും അന്വേഷണ സംഘത്തിന്റെ കയ്യില്‍ മതിയായ രേഖകള്‍ ഇല്ലെന്നും സിസോദിയ പറഞ്ഞു.
സി ബി ഐ അറസ്റ്റ് ചെയ്തതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിച്ച സിസോദിയയ്ക്ക് തിരിച്ചടി നേരിട്ടിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് കേസില്‍ ഇടപെടാന്‍ വിസമ്മതിച്ചു. ബദല്‍ മാര്‍ഗങ്ങള്‍ തോടാനും ബെഞ്ച് നിര്‍ദേശിച്ചു.
സിസോദിയ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും തെളിവുകള്‍ നിരത്തിയ ശേഷവും യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവയ്ക്കുകയാണെന്നും കോടതിയെ സി ബി ഐ അറിയിച്ചിരുന്നു. മദ്യനയം സംബന്ധിച്ച കരടില്‍ ലാഭവിഹിതം അഞ്ചില്‍നിന്ന് 12 ശതമാനമായി വര്‍ധിച്ചതിനെക്കുറിച്ച് വിശദീകരിക്കാന്‍ സിസോദിയക്കു കഴിഞ്ഞിട്ടില്ലെന്നും സി ബി ഐ വാദിച്ചു.
സിസോദിയെ അറസ്റ്റ് ചെയ്തതിനെതിരെ ആം ആദ്മി പാര്‍ട്ടി (എ എ പി) പ്രവര്‍ത്തകര്‍ രാജ്യവ്യാപകമായി പ്രതിഷേധിച്ചിരുന്നു. ഡല്‍ഹി ദീന്‍ ദയാല്‍ ഉപാധ്യായ (ഡി ഡി യു) മാര്‍ഗിലെ ബി ജെ പി ആസ്ഥാനത്തിനു പുറത്തുനടന്ന പ്രതിഷേധത്തിനിടെ എ എ പി പ്രവര്‍ത്തകര്‍ അര്‍ധസൈനിക സേനയുമായി ഏറ്റുമുട്ടുകയും ചെയ്തു.