ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മാർച്ച് 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സിബിഐ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് സിസോദിയയെ ഇന്ന് ദി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയത്. സിബിഐയുടെ അഭ്യർഥനയെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച ഡൽഹി കോടതി സിസോദിയയുടെ കസ്റ്റഡി കാലാവധി മാർച്ച് ആറുവരെ നീട്ടിയിരുന്നു.
ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതോടെ സിസോദിയയെ ജയിലിലേക്ക് മാറ്റും. സിസോദിയയുടെ ആവശ്യപ്രകാരം ഒരു ജോഡി കണ്ണടകളും ഡയറിയും പേനയും ഭഗവത് ഗീതയും ജയിലിലേക്ക് കൊണ്ടുപോകാന്‍ കോടതി അനുവദിച്ചു. വിപാസന സെല്ലില്‍ പാര്‍പ്പിക്കണമെന്ന സിസോദിയയുടെ ആവശ്യം പരിഗണിക്കാന്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി നിര്‍ദേശിച്ചു.
ഫെബ്രുവരി 26 ന് എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണു സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ടാം തവണയാണു സിസോദിയയെ ചോദ്യം ചെയ്യുന്നത്. ഒക്ടോബര്‍ 17 നാണ് ആദ്യം ചോദ്യം ചെയ്തത്.