ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ആംആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കേസില്‍ സിബിഐ കോടതി സിസോദിയയുടെ ജാമ്യം പരിഗണിക്കാനിരിക്കെയാണ് ഇഡി നടപടി. രണ്ടുദിവസത്തെ ചോദ്യംചെയ്യലിനു ശേഷമാണ് സിസോദിയയെ ഇ ഡി. അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആഴ്ച സിബിഐ അറസ്റ്റ് ചെയ്ത സിസോദിയയെ കഴിഞ്ഞ ദിവസം കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. അതിനുശേഷമാണ് ഇ.ഡി. അദ്ദേഹത്തെ ചോദ്യംചെയ്യാന്‍ ആരംഭിച്ചത്. തുടര്‍ന്നാണ് ഇപ്പോള്‍ അറസ്റ്റിലേക്ക് എത്തിയിരിക്കുന്നത്. വെള്ളിയാഴ്ച സിസോദിയയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് ഇ.ഡിയുടെ അറസ്റ്റുണ്ടായിരിക്കുന്നത്.
”മനീഷിനെ ആദ്യം അറസ്റ്റ് ചെയ്തത് സിബിഐയാണ്. സിബിഐക്ക് തെളിവുകളൊന്നും ലഭിച്ചില്ല, റെയ്ഡില്‍ പണമൊന്നും കണ്ടെത്തിയില്ല. നാളെ ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്. മനീഷ് നാളെ പുറത്തിറങ്ങുമായിരുന്നു. അതിനാല്‍ ഇന്ന് ഇഡി ഇയാളെ അറസ്റ്റ് ചെയ്തു. അവര്‍ക്ക് ഒരേയൊരു ലക്ഷ്യം മാത്രമേയുള്ളൂ ഓരോ ദിവസവും പുതിയ കള്ളക്കേസുകള്‍ സൃഷ്ടിച്ച് മനീഷിനെ എന്ത് വിലകൊടുത്തും അകത്താക്കുക. പൊതുജനം എല്ലാം കാണുന്നുണ്ട്. പൊതുജനങ്ങള്‍ ഇതിന് ഉത്തരം നല്‍കും. മനീഷ് സിസോദിയയുടെ അറസ്റ്റില്‍് പ്രതികരിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.