/indian-express-malayalam/media/media_files/uploads/2023/05/Manish-Sisodia-1.jpg)
മനീഷ് സിസോദിയ (ഫയൽ ചിത്രം)
ന്യൂഡല്‍ഹി: മദ്യ നയ അഴിമതിക്കേസില്‍ ഡല്‍ഹി മുന്‍ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചു. മനീഷ് സിസോദിയ സ്വാധീനമുള്ളയാളാണെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം തള്ളിക്കളയാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്.
'ഹര്‍ജിക്കാരന്‍ സ്വാധീനമുള്ള വ്യക്തിയാണ്… സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അത് തള്ളിക്കളയാനാവില്ലെന്നും' ജസ്റ്റിസ് ദിനേശ് കുമാര്‍ ശര്‍മ്മയുടെ സിംഗിള്‍ ജഡ്ജി ബെഞ്ച് ചൂണ്ടിക്കാട്ടി. 'മനീഷ് സിസോദിയക്കെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്, അപേക്ഷകന്‍ പൊതുസേവകനാണ് വളരെ ഉയര്‍ന്ന പദവി വഹിക്കുന്നയാളാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊഴിയില്‍ സി.ബി.ഐ. അഭിപ്രായം പറയാന്‍ കോടതി സ്വയം വിലക്കുന്നുണ്ട്. ഈ കോടതി സര്‍ക്കാരിന്റെ ഭരണപരമായ തീരുമാനങ്ങള്‍ പരിശോധിച്ചിട്ടില്ല, എന്നിരുന്നാലും, ഹര്‍ജിക്കാരന് എതിരെ മോശം പെരുമാറ്റത്തിന്റെ ഗുരുതരമായ ആരോപണങ്ങളുണ്ട്, ഹര്‍ജിക്കാരന്‍ സ്വാധീനമുള്ള വ്യക്തിയാണ്, 18 വകുപ്പുകളുണ്ട്, സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്, അത് തള്ളിക്കളയാനാവില്ല. വസ്തുതകളിലും സാഹചര്യങ്ങളിലും ഹര്‍ജിക്കാരന് ജാമ്യത്തിന് അര്‍ഹതയില്ലെന്നാണ് ഈ കോടതിയുടെ നിരീക്ഷണം'. ജസ്റ്റിസ് ദിനേശ് കുമാര്‍ ശര്‍മ്മ പറഞ്ഞു.
കേസില്‍ ഒരു മാസത്തിലേറെയായി വാദം കേട്ട ശേഷം മെയ് 11 ന് ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരുന്നു. മാര്‍ച്ച് 31 ന് പ്രത്യേക ജഡ്ജി എം കെ നാഗ്പാല്‍ സിസോദിയയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് 'ക്രിമിനല്‍ ഗൂഢാലോചനയുടെ ശില്പി'യാണെന്ന് നിരീക്ഷിച്ചിരുന്നു. സിസോദിയയുടെ മോചനം നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും കേസിന്റെ പുരോഗതിയെ ഗുരുതരമായി തടസ്സപ്പെടുത്തുമെന്നും' അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ക്രിമിനല്‍ ഗൂഢാലോചനയില്‍ സിസോദിയ സുപ്രധാനവുമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും ഗൂഢാലോചനയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും അദ്ദേഹം ആഴത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും പ്രത്യേക കോടതി പറഞ്ഞു. ഡല്‍ഹി മദ്യനയം രൂപീകരിച്ചതില്‍ ക്രമക്കേടുണ്ടെന്നും ഡല്‍ഹിയിലെ മദ്യവില്‍പ്പന ചില ഗ്രൂപ്പുകള്‍ക്ക് മാത്രം ലഭ്യമാകുന്ന തരത്തില്‍ രൂപികരിച്ചത് സിസോദിയയാണെന്നുമാണ് സിബിഐയുടെ ആരോപണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.