scorecardresearch
Latest News

മനീഷ് സിസോദിയയ്ക്ക് തിരിച്ചടി: മദ്യനയക്കേസില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ഡല്‍ഹി മദ്യനയക്കേകസില്‍ സിസോദിയയെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ പ്രത്യേക സി ബി ഐ കോടതി ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു

manish sisodia, cbi, supreme court, AAP, Delhi

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ സി ബി ഐ അറസ്റ്റ് ചെയ്തതു ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് തിരിച്ചടി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് കേസില്‍ ഇടപെടാന്‍ വിസമ്മതിച്ചു. ബദല്‍ മാര്‍ഗങ്ങള്‍ തോടാനും ബെഞ്ച് നിര്‍ദേശിച്ചു. ഇന്നലെയാണ് കേസില്‍ സിസോദിയയെ പ്രത്യേക കോടതി അഞ്ച് ദിവസത്തെ സിബിഐ റിമാന്‍ഡില്‍ വിട്ടത്.

മാര്‍ച്ച് 4 വരെ സിസോദിയയെ സിബിഐ കസ്റ്റഡിയില്‍ വിട്ടതിനാല്‍ സംസ്ഥാന വാര്‍ഷിക ബജറ്റ് അവതരിപ്പിക്കാനുള്ള ഉത്തരവാദിത്തം ഗതാഗത, റവന്യൂ മന്ത്രി കൈലാഷ് ഗഹ്ലോട്ടിന് വരുമെന്ന് എഎപി വൃത്തങ്ങള്‍ പറഞ്ഞു. ബജറ്റിന്റെ അടിസ്ഥാന ചട്ടക്കൂടും പൊതു രൂപരേഖയും തയ്യാറായെങ്കിലും ശേഷിക്കുന്ന ജോലികള്‍ ഇനിയും നടക്കാനുണെണ്ടന്നാണ് റിപോര്‍ട്ട്.

സിസോദിയ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും തെളിവുകള്‍ നിരത്തിയ ശേഷവും യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവയ്ക്കുകയാണെന്നും കോടതിയെ സി ബി ഐ അറിയിച്ചു. സിസോദിയ പലതവണ ഫോണ്‍ മാറ്റി. തെളിവുകള്‍ സഹിതം ചോദ്യമുന്നയിച്ചിട്ടും അന്വേഷണവുമായി സഹകരിക്കുന്നില്ല. മദ്യനയം സംബന്ധിച്ച കരടില്‍ ലാഭവിഹിതം അഞ്ചില്‍നിന്ന് 12 ശതമാനമായി വര്‍ധിച്ചതിനെക്കുറിച്ച് വിശദീകരിക്കാന്‍ സിസോദിയക്കു കഴിഞ്ഞിട്ടില്ലെന്നും സി ബി ഐ വാദിച്ചു.

എന്നാല്‍, സിസോദിയക്കെതിരെ ഒരു തെളിവുമില്ലെന്നും മദ്യനയത്തിനു 2021 മേയില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയതാണെന്നും റിമാന്‍ഡ് ചെയ്യണമെന്ന സി ബി ഐ വാദം നിയമപരമായി നിലനില്‍ക്കാത്തതാണെന്നും മുതിര്‍ന്ന അഭിഭാഷകന്‍ ദയന്‍ കൃഷ്ണന്‍ വാദിച്ചു.

സിസോദിയെ അറസ്റ്റ് ചെയ്തതിനെതിരെ ആം ആദ്മി പാര്‍ട്ടി (എ എ പി) പ്രവര്‍ത്തകര്‍ ഇന്നലെ രാജ്യവ്യാപകമായി പ്രതിഷേധിച്ചിരുന്നു. ഡല്‍ഹി ദീന്‍ ദയാല്‍ ഉപാധ്യായ (ഡി ഡി യു) മാര്‍ഗിലെ ബി ജെ പി ആസ്ഥാനത്തിനു പുറത്തുനടന്ന പ്രതിഷേധത്തിനിടെ എ എ പി പ്രവര്‍ത്തകര്‍ അര്‍ധസൈനിക സേനയുമായി ഏറ്റുമുട്ടി. ഇവരെ പിരിച്ചുവിടാന്‍ സേന ലാത്തിച്ചാര്‍ജ് നടത്തി. നിരവധി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.

സിസോദിയയുടെ അറസ്റ്റിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ എന്നിവര്‍ പ്രതിഷേധിച്ചു

ഞായറാഴ്ച എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണു സിസോദിയയെ സി ബി ഐ അറസ്റ്റ് ചെയ്തത്. സിസോദിയയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. കേസില്‍ രണ്ടാം തവണയാണു സിസോദിയയെ ചോദ്യം ചെയ്യുന്നത്. ഒക്ടോബര്‍ 17 നാണ് ആദ്യം ചോദ്യം ചെയ്തത്.

അതിനിടെ, മാര്‍ച്ച് നാലു വരെ സിസോദിയ സി ബി ഐ കസ്റ്റഡിയിലായതിനാല്‍ വാര്‍ഷിക ബജറ്റ് അവതരിപ്പിക്കാനുള്ള ഉത്തരവാദിത്തം ഗതാഗത, റവന്യൂ മന്ത്രി കൈലാഷ് ഗെഹ്ലോട്ടിനായിരിക്കുമെന്നാണ് എ എ പി വൃത്തങ്ങള്‍ പറയുന്നത്. ബജറ്റിന്റെ അടിസ്ഥാന ചട്ടക്കൂടും പൊതു രൂപരേഖയും തയാറായിട്ടുണ്ടെങ്കിലും ബാക്കിയുള്ള ജോലികള്‍ നടക്കുകയാണ്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Manish sisodia arrest supreme court cbi delhi