ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റ് ചെയ്ത ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മാർച്ച് നാലു വരെ കോടതി സി ബി ഐ കസ്റ്റഡിയിൽ വിട്ടു. അറസ്റ്റിനെതിരായ ആം ആദ്മി പാർട്ടി (എ എ പി) പ്രതിഷേധനത്തിന്റെ സാഹചര്യത്തിൽ കന ത്ത സുരക്ഷാ വലയത്തിലാണു സിസോദിയയെ പ്രത്യേക സി ബി ഐ ജഡ്ജി എം കെ നാഗ്പാലിനു മുമ്പാകെ ഹാജരാക്കിയത്.
സിസോദിയ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും തെളിവുകള്‍ നിരത്തിയ ശേഷവും യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവെക്കുകയാണെന്നും കോടതിയെ സി ബി ഐ അറിയിച്ചു. സിസോദിയ പലതവണ ഫോണ്‍ മാറ്റി. തെളിവുകള്‍ സഹിതം ചോദ്യമുന്നയിച്ചിട്ടും അന്വേഷണവുമായി സഹകരിക്കുന്നില്ല. മദ്യനയം സംബന്ധിച്ച കരടില്‍ ലാഭവിഹിതം അഞ്ചില്‍നിന്ന് 12 ശതമാനമായി വര്‍ധിച്ചതിനെക്കുറിച്ച് വിശദീകരിക്കാന്‍ സിസോദിയക്ക് കഴിഞ്ഞിട്ടില്ലെന്നും സി ബി ഐ വാദിച്ചു.
എന്നാൽ, മദ്യനയത്തിനു 2021 മേയില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയതാണെന്നും റിമാന്‍ഡ് ചെയ്യണമെന്ന സി ബി ഐ വാദം നിയമപരമായി നിലനില്‍ക്കാത്തതാണെന്നും സിസോദിയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദയന്‍ കൃഷ്ണന്‍ വാദിച്ചു.

‘ഞാന്‍ എന്റെ ഫോണ്‍ മാറ്റിയെന്ന് അവര്‍ പറയുന്നു. ഞാന്‍ ഒരു ഫോണ്‍ ഉപേക്ഷിക്കുകയും ഫോണ്‍ മാറ്റുകയും ചെയ്യുമ്പോള്‍, അതു വിശദീകരിക്കുമ്പോള്‍ … ഭാവിയില്‍ എനിക്കെതിരെ ഒരു കേസ് ഞാന്‍ പ്രതീക്ഷിക്കേണ്ടതുണ്ടോ,”സിസോദിയയ്ക്കുവേണ്ടി അഭിഭാഷകൻ ചോദിച്ചു.
”എ എ പി കമ്മ്യൂണിക്കേഷന്‍ ചുമതലയുള്ള വിജയ് നായര്‍ ഡല്‍ഹിയിലെ ഹോട്ടലില്‍ മദ്യനിര്‍മാതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി സി ബി ഐ പറയുന്നു.മദ്യനയം തിരുത്തുന്നതിനായി ‘സൗത്ത് ഗ്രൂപ്പ്’ പലതവണ ഡല്‍ഹി സന്ദര്‍ശിച്ചതായി അവരില്‍നിന്നു കണ്ടെടുത്ത വാട്ട്സ്ആപ്പ് ചാറ്റുകള്‍ വ്യക്തമാക്കുന്നതായും സി ബി ഐ പറയുന്നു. ഏതൊക്കെ സന്ദേശങ്ങളാണ്, ഏതു യോഗമാണു താനുമായി ബന്ധപ്പെട്ടത്.”
”സി ബി ഐ സിസോദിയയെ വിളിച്ചു, അദ്ദേഹം ചെന്നു. അവര്‍ അദ്ദേഹത്തെ ചോദ്യം ചെയ്തു, അദ്ദേഹം കുറ്റം സമ്മതിച്ചില്ല. ഇത് റിമാന്‍ഡ് ചെയ്യാനുള്ള ഒരു കാരണമല്ല. അന്വേഷണവുമായി അദ്ദേഹം സഹകരിച്ചു. സി ബി ഐ അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തി. അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍ ഇപ്പോള്‍ നിങ്ങളുടെ പക്കലുണ്ട്. സി ബി ഐയുടെ അറസ്റ്റ് മെമ്മോയും റിമാന്‍ഡ് അപേക്ഷയും നോക്കൂ. സിസോദിയ ഉത്തരം നല്‍കുന്നില്ലെന്നു സി ബി ഐ പറയുന്നു. ഞാന്‍ സ്വയം ചോദിക്കുന്നു, അദ്ദേഹം ഉത്തരം പറയേണ്ടതുണ്ടോ?,” അഭിഭാഷകന്‍ വാദിച്ചു. മുതിർന്ന അഭിഭാഷകരായ മൊഹിത് മാത്തൂർ, സിദ്ധാർഥ് അഗർവാൾ എന്നിവരും സിസോദിയയ്ക്കുവേണ്ടി ഹാജരായി.

സിസോദിയയെ ഹാജരാക്കാൻ കൊണ്ടുവരുന്ന സാഹചര്യത്തിൽ റൗസ് അവന്യൂ കോടതി പരിസരത്തും പുറത്തും കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയത്. ദീന്‍ ദയാല്‍ ഉപാധ്യായ (ഡി ഡി യു) മാര്‍ഗിലെ ബി ജെ പി ആസ്ഥാനത്തിനു പുറത്തുനടന്ന പ്രതിഷേധത്തിനിടെ എ എ പി പ്രവര്‍ത്തകര്‍ അര്‍ധസൈനിക സേനയുമായി ഏറ്റുമുട്ടി. ഇവരെ പിരിച്ചുവിടാന്‍ സേന ലാത്തിച്ചാര്‍ജ് നടത്തി. നിരവധി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണു സിസോദിയയെ സി ബി ഐ അറസ്റ്റ് ചെയ്തത്. സിസോദിയയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. കേസില്‍ രണ്ടാം തവണയാണു സിസോദിയയെ ചോദ്യം ചെയ്യുന്നത്. ഒക്ടോബര്‍ 17 നാണ് ആദ്യം ചോദ്യം ചെയ്തത്.
എഫ് ഐ ആറില്‍ ഒന്നാം പ്രതിയായിരുന്നു മനീഷ് സിസോദിയെങ്കിലും നവംബര്‍ 25 നു സമർപ്പിച്ച കുറ്റപത്രം കുറ്റപത്രത്തില്‍ അദ്ദേഹത്തെ പ്രതിചേര്‍ത്തിരുന്നില്ല.
അതേസമയം, സി ബി ഐ അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും തെറ്റായ ആരോപണങ്ങളുടെ പേരില്‍ ജയിലില്‍ പോകേണ്ടി വരുന്നതിനെ ഭയപ്പെടുന്നില്ലെന്നും സി ബി ഐക്കു മുൻപാകെ ഹാജരാകാൻ പോകുന്നതിനു മുന്നോടിയായി സിസോദിയ രാജ്ഘട്ടില്‍ മാധ്യമങ്ങളോട് പറഞ്ഞു. മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിച്ചശേഷമാണു സിസോദിയ ഇക്കാര്യം പറഞ്ഞത്.
”എനിക്കു കേജ്‌രിവാള്‍ജിയോട് പറയണം, ആപ് ചാലു രാഖിയേ….ലോഗന്‍ കെ ലിയേ ഐസേ ഹായ് ലഡ്തേ രഹിയേ.. രാഹുല്‍ ഗാന്ധിയെ പോലും പേടിക്കാത്ത മോദിജിക്കു പേടിയുള്ള ഒരേയൊരു പാര്‍ട്ടി ആം ആദ്മി പാര്‍ട്ടിയാണ്! അവര്‍ എന്നെ ജയിലിലടയ്ക്കും. പക്ഷേ ഞങ്ങള്‍ ഭയപ്പെടുന്നില്ല, ഞങ്ങള്‍ പോരാടും. കേജ്‌രിവാളാണ് ഈ രാജ്യത്തിന്റെ ഏക ഭാവി. എനിക്ക് ഒരുപാട് തവണ ജയിലില്‍ പോകേണ്ടി വന്നേക്കാം, പക്ഷേ ഭയമില്ല. പത്രപ്രവര്‍ത്തകനെന്ന ജോലി ഞാന്‍ ഉപേക്ഷിച്ചപ്പോള്‍ ഭാര്യ പിന്തുണ നല്‍കി. ഇന്നും എന്റെ കുടുംബം എന്നോടൊപ്പമുണ്ട്. നില്‍ക്കുന്നു. ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ എന്റെ പ്രവര്‍ത്തകര്‍ എന്റെ കുടുംബത്തെ സംരക്ഷിക്കും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനീഷ് സിസോദിയയുടെ അറസ്റ്റിന് മിക്ക സി ബി ഐ ഉദ്യോഗസ്ഥരും എതിരായിരുന്നുവെന്നാണു തനിക്കു ലഭിച്ച വിവരമെന്ന് അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു. അദ്ദേഹത്തോട് എല്ലാവര്‍ക്കും വലിയ ബഹുമാനമുണ്ട്. അദ്ദേഹത്തിനെതിരെ ഒരു തെളിവുമില്ല. പക്ഷേ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള രാഷ്ട്രീയ സമ്മര്‍ദ്ദം വളരെ വലുതായതിനാല്‍ അവര്‍ക്ക് അവരുടെ രാഷ്ട്രീയ യജമാനന്മാരെ അനുസരിക്കേണ്ടിവന്നുവെന്നും അറസ്റ്റിനു പിന്നാലെ കേജ്‌രിവാള്‍ പറഞ്ഞു.
അറസ്റ്റിനു പിന്നാലെ കേജ്‌രിവാളിനെതിരെ ബി ജെ പി രൂക്ഷ ആക്രമണം നടത്തി. മദ്യനയ അഴിമതിയുടെ ‘യഥാര്‍ത്ഥ രാജാവ്’ എന്ന് കേജ്‌രിവാളിനെ വിശേഷിപ്പിച്ച ബി ജെ പി, ‘അദ്ദേഹമാണ് അടുത്തത്’എന്നും പറഞ്ഞു.