/indian-express-malayalam/media/media_files/uploads/2023/07/manipur-.jpg)
മൂന്ന് മാസമായി മണിപ്പൂർ തിളച്ചുമറിയുകയാണ്
മൂന്ന് മാസമായി മണിപ്പൂർ തിളച്ചുമറിയുകയാണ്. താഴ്‌വരയിലെ മെയ്തികളും മലയോരത്തെ കുക്കി-സോമിസ് ഗോത്രങ്ങള്‍ പരസ്പരം എതിർക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ സംഭവം പാർലമെന്റിനെ സ്തംഭിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചൊവ്വാഴ്ച കോൺഗ്രസ് നേതാക്കൾക്ക് എഴുതിയ കത്തിൽ "ചില കോടതി ഉത്തരവുകളും ചില സംഭവങ്ങളും" അക്രമത്തിന് കാരണമായി പറഞ്ഞു. രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷം പതിറ്റാണ്ടുകളായി നിലനിന്നിരുന്നു, എന്നാൽ, കഴിഞ്ഞ ഒരു വർഷത്തിനിടെ, നടന്ന ഒരുകൂട്ടം സംഭവങ്ങളും എൻ. ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പ്രതികരണവും പിഴവുകൾക്ക് ദൃശ്യതയേകി.
ഏപ്രിൽ 14-ന് മണിപ്പൂർ ഹൈക്കോടതി മെയ്തികൾക്ക് എസ്ടി പദവി നൽകുന്നതിനുള്ള ശുപാർശകൾ കേന്ദ്രത്തിന് അയക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടപ്പോൾ തീപ്പൊരി ആളിക്കത്തി.
എന്നാൽ നിലവിലെ സംഘർഷത്തിന്റെ തുടക്കം ഗോത്രവർഗ ജില്ലയായ ചുരാചന്ദ്പൂരിൽ നിന്നുള്ള ഒരു മനുഷ്യാവകാശ പ്രവർത്തകനെ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തതോടെയാണ്. സാമുദായിക സൗഹാർദ്ദം തകർക്കുന്ന രീതിയിലുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളിട്ടുവെന്ന പേരിൽ മാർക്ക് ടി ഹാവോക്കിപ്പിനെ മണിപ്പൂർ പൊലീസ് 2022 മെയ് 24 ന് ഡൽഹിയിലെ വീട്ടിൽ നിന്ന് ഐപിസിയിലെ വിവിധ വകുപ്പുകൾ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിന്റെയും (യു എ പി എ) എന്നിവ പ്രകാരം അറസ്റ്റ് ചെയ്തു. 2021-ൽ, ഈ പോസ്റ്റുകളുടെ പേരിൽ അദ്ദേഹത്തിനെതിരെ മൂന്ന് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിരുന്നു, എന്നാൽ മെയ്തികൾ പവിത്രമായി കരുതുന്ന മൗണ്ട് കൗബ്രു, മൗണ്ട് താങ്‌ജിംഗ് എന്നീ രണ്ട് കുന്നുകൾക്ക് മേൽ കുക്കികളുടെ അവകാശത്തെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തിതിനെ തുടർന്നായിരുന്നു അറസ്റ്റ്.
/indian-express-malayalam/media/media_files/uploads/2023/07/manipur-3-1.jpg)
അറസ്റ്റ് ചുരാചന്ദ്പൂരിൽ വൻ പ്രതിഷേധത്തിന് കാരണമായി, മുഖ്യമന്ത്രി ബിരേൻ സിംഗ്, ഹാവോക്കിപ്പിനെ "മ്യാൻമാറീസ്" എന്ന് വിളിച്ചത് രോഷത്തിന് ആക്കം കൂട്ടി, ഇന്ത്യയിൽ ബ്രിട്ടീഷുകാർ വരുന്നതിന് മുമ്പുതന്നെ സംസ്ഥാനത്ത് തങ്ങളുടെ വേരുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബം തിരിച്ചടിച്ചു. ഈ വർഷം മെയ് 28 ന് ഹാവോക്കിപ്പിന് ജാമ്യം ലഭിച്ചു.
ഇതിനെത്തുടർന്ന് അതേ കുന്നുകളുമായി ബന്ധപ്പെട്ട് മറ്റൊരു വഴിത്തിരിവ് ഉണ്ടായി, താങ്‌ജിംഗ് കുന്നുകൾ സന്ദർശിക്കുനെത്തിയ മെയ്തി വിഭാഗത്തിൽപ്പെട്ടവരെ കുക്കി വിഭാഗത്തിൽ ഉൾപ്പെടുന്ന ചിലർ അങ്ങോട്ട് പോകുന്നത് തടഞ്ഞുവെന്ന് ആരോപണം ഉയർന്നു. "ഭാരതീയ ജനതാ യുവമോർച്ച (ബിജെവൈഎം) പ്രവർത്തകർ മെയ്തി വിഭാഗത്തിൽപ്പെട്ടവരെ അങ്ങോട്ട് കൊണ്ടുപോകാനായി ഇടപെട്ടു. അവർ അവിടെ ചില വൃക്ഷത്തൈകളും നട്ടു. താങ്‌ജിംഗ് കുന്നുകൾ മെയ്തികൾക്ക് പവിത്രമാണ്. നൂറ്റാണ്ടുകളായി അവർ അവിടം സന്ദർശിക്കുന്നു. ആ പ്രദേശം തങ്ങളുടേതാണെന്ന് ആർക്കും അവകാശപ്പെടാനാകില്ല,” ബിരേൻ സിങ്ങുമായി അടുപ്പമുള്ള ഒരു ബിജെപി എംഎൽഎ പറഞ്ഞു.
ഏതാണ്ട് അതേസമയം, ഓഗസ്റ്റ് 2022 മുതൽ, ചുരചന്ദ്പൂർ, നോനി എന്നീ മലയോര ജില്ലകളിലെ 38 വില്ലേജുകൾ സംരക്ഷിത വനമേഖലയിലാക്കി അവിടുത്തെ ഇടപെടലുകൾ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് ബീരേൻ സിങ് സർക്കാർ നോട്ടീസ് പുറപ്പെടുവിച്ചു. ഈ പ്രഖ്യാപനം കുക്കികളെ ചൊടിപ്പിച്ചു. കൃത്യമായ വിജ്ഞാപനമില്ലാതെയായിരുന്നു ഈ പ്രഖ്യാപനം എന്ന് കുക്കികള്‍ വാദിച്ചു. ഇതിന് പുറമെ മലനിരകളിലെ പോപ്പി (കറുപ്പുചെടി) കൃഷി നശിപ്പിക്കാനുള്ള നീക്കത്തിനൊപ്പം, ഈ വർഷം മാർച്ചിൽ സർക്കാർ കുടിയൊഴിപ്പിക്കൽ നീക്കം ആരംഭിച്ചത് പിന്നീട് അക്രമത്തിലേക്ക് നയിച്ചു.
എന്നിരുന്നാലും, രണ്ടാം തവണയും മുഖ്യമന്ത്രിയായി വൻ ഭൂരിപക്ഷം നേടിയ സിങ്, ഇതിന് മുമ്പ്, ധാരാളം പ്രശ്‌നങ്ങൾ നേരിടാൻ തുടങ്ങിയിരുന്നു. 60 സീറ്റുകളുള്ള നിയമസഭയിൽ 54 എൻഡിഎ എംഎൽഎമാരുള്ളതിനാൽ എല്ലാവരുടെയും അധികാരമോഹങ്ങളെ തൃപ്തിപ്പെടുത്തുക എളുപ്പമായി രുന്നില്ല. സിങ്ങിന്റെ നേതൃശൈലി, പരുഷമായാണ് ചിലർക്ക് അനുഭവപ്പെട്ടത്, ഇത് പാർട്ടിക്കുള്ളിൽ നിശബ്ദ കലാപത്തിന് കാരണമായി.
ഈ വർഷം ഏപ്രിലോടെ നാല് ബിജെപി എംഎൽഎമാർ രാജിവച്ചിരുന്നു. സിങ്ങിനോടുള്ള അതൃപ്തി കേന്ദ്ര നേതൃത്വത്തെ അറിയിക്കാൻ പലരും ഡൽഹിയിൽ ക്യാമ്പ് ചെയ്തു. ഊഹാപോഹങ്ങൾ പ്രചരിച്ചതോടെ, ഏപ്രിൽ പകുതിയോടെ, മുഖ്യമന്ത്രിയുടെ ഓഫീസിന് "പ്രതിസന്ധി ഇല്ല" എന്ന് പ്രഖ്യാപിക്കേണ്ടി വന്നു. ഇതിന് തൊട്ടടുത്ത ദിവസം ഒരു എംഎൽഎ കൂടി രാജിവച്ചു.
പോപ്പി, 'അനധികൃത ഗ്രാമങ്ങൾ' എന്നിവയ്‌ക്കെതിരായ നടപടി
ഈ പ്രശ്‌നങ്ങൾ ആരംഭിക്കുന്നതിന് മുമ്പ്, മെയ്തേയി ലീപുൺ, അരംബായ് തെങോൽ എന്നീ രണ്ട് മെയ്തേയ് സംഘടനകളുടെ ഉദയം സംസ്ഥാനം കണ്ടിരുന്നു. 2020 ൽ സാംസ്കാരിക സംഘടനയായാണ് ആരംഭിച്ചത്, എന്നാൽ നിലവിൽ കുക്കികൾക്ക് നേരെയുള്ള ആക്രമണത്തിന്റെ നേതൃത്വം നൽകുന്നത് ഇവരാണ് എന്നാണ് ആരോപണം.
പാർട്ടിക്കുള്ളിലും സമൂഹത്തിലും അന്തരീക്ഷം കലുഷിതമായതോടെ, കഴിഞ്ഞ വർഷം, മലയോര ജില്ലകളിലെ പോപ്പി കൃഷിയ്‌ക്കെതിരെ സിങ് നടപടി ആരംഭിച്ചു. ആദിവാസി മേഖലകളിലെ 'അനധികൃത ഗ്രാമങ്ങൾ' ക്ക് മേൽ അടിച്ചമർത്തൽ നടപടികൾ സ്വീകരിച്ചു. മ്യാൻമറിൽ നിന്നുള്ള കുക്കി-ചിൻ ഗോത്രങ്ങൾ അടിച്ചമർത്തൽ നടക്കുന്ന ജുണ്ടയിൽ നിന്ന് പലായനം ചെയ്യുന്നതിനാലാണ് ഈ നടപടി ആവശ്യമായി വന്നതെന്നാണ് സർക്കാർ അവകാശവാദം.
തെങ്‌നൗപാലിൽ നിന്നുള്ള ഗോത്രവർഗ ബിജെപി എം.എൽ.എ ലെറ്റ്‌പാവോ ഹാവോക്കിപ്പിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി സിങ് രൂപീകരിച്ച കമ്മിറ്റി, മലനിരകളിലെ സർവേയുടെ ആദ്യ ഘട്ടത്തിൽ 2,000-ത്തിലധികം "അനധികൃത കുടിയേറ്റക്കാരെ" കണ്ടെത്തിയിരുന്നു.
അനധികൃത കുടിയേറ്റക്കാരെ കുടിയിരുത്തി പുതിയ ഗ്രാമങ്ങൾ സൃഷ്ടിക്കുന്നത് മലയോരങ്ങളിലെ ഗ്രാമമുഖ്യന്മാരാണെന്നും സർക്കാർ ആരോപിച്ചു. പോപ്പി കൃഷിയും ഗ്രാമങ്ങളിലെ ജനവാസവും വൻതോതിൽ വനനശീകരണത്തിന് കാരണമാകുന്നതായി സർക്കാർ കുറ്റപ്പെടുത്തി.
ഈ രണ്ട് പ്രശ്‌നങ്ങളിലും സർക്കാർ അവകാശവാദത്തെ കുക്കികൾ ചോദ്യം ചെയ്തിട്ടുണ്ട്, അവരുടെ പ്രകൃതി വിഭവങ്ങൾ കൈക്കലാക്കുന്നതിനായി നിയമാനുസൃതമായ കുക്കി ജനസംഖ്യയെ അവരുടെ ഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കാൻ തങ്ങളെ പുറത്താക്കിയതായി അവർ അവകാശപ്പെട്ടു.
"മണിപ്പൂരിലെ ലഹരി മരുന്ന് റാക്കറ്റിനെ മൊത്തമായി പരിശോധിച്ചാൽ പോപ്പി കർഷകർ ചെറുമീനുകളാണ്, വൻ സ്രാവുകൾ (കാർട്ടൽ ഉടമകൾ) ഇംഫാലിൽ ഇരിക്കുന്നവരാണ്, അവർക്കെതിരെ സർക്കാർ ഒരു നടപടിയും എടുത്തിട്ടില്ല പകരം കുക്കികൾക്ക് തങ്ങളെ ലക്ഷ്യമിടുന്നതായി തോന്നുന്നത്," ഒരു മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2023/07/Manipur-Violence4.jpg)
ലഹരിമരുന്ന് കേസിൽ 2018 ജൂണിൽ നടന്ന റെയ്ഡിൽ പിടികൂടിയ പ്രതിയായ ഒരാൾക്കെതിരെയുള്ള കേസ് പിൻവലിക്കാൻ മുഖ്യമന്ത്രി സിങ്ങും സംസ്ഥാന ബി ജെ പി നേതാവും സമ്മർദ്ദം ചെലുത്തിയതായി 2020 ജൂലൈയില്‍ മണിപ്പൂർ ഹൈക്കോടതിയിൽ അന്നത്തെ നർക്കോട്ടിക് ആൻഡ് അഫയേഴ്സ് ബോർഡർ ബ്യൂറോ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് തൗനോജം ബൃന്ദ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചിരുന്നു.
എന്നിരുന്നാലും, സിങ് സാധ്യമായതെല്ലാം ചെയ്തുകൊണ്ടിരുന്നു. ഈ വർഷം മാർച്ചിൽ കാങ്‌പോക്പി ജില്ലയിൽ കുടിയൊഴിപ്പിക്കൽ നടപടിക്കിടെ അക്രമത്തെത്തുടർന്ന്, കുക്കി തീവ്രവാദ സംഘടനകളുമായുള്ള സസ്പെൻഷൻ ഓഫ് ഓപ്പറേഷൻ (എസ്ഒഒ) എന്ന ത്രികക്ഷി കരാറിൽ നിന്ന് സംസ്ഥാനം പിന്മാറുന്നതായി സിങ് പ്രഖ്യാപിച്ചു, കേന്ദ്രം ഈ ഗ്രൂപ്പുകളുമായി സമാധാന കരാറിൽ ഒപ്പുവെക്കുന്നതിന്റെ അവസാന ഘട്ടത്തിലായിരിക്കുന്ന സമയത്താണ് ഇതിൽ നിന്നു സംസ്ഥാനത്തിന്റെ പിന്മാറൽ.
മെയ്തികൾക്ക് എസ് ടി പദവി നൽകാനുള്ള ശുപാർശ കേന്ദ്രത്തിന് അയക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട മണിപ്പൂർ ഹൈക്കോടതിയുടെ ഏപ്രിൽ 14-ലെ ഉത്തരവ് എരിതീയിൽ എണ്ണയൊഴിക്കുന്നതായി.
"മണിപ്പൂരിലെ ഗോത്രവർഗങ്ങൾക്കിടയിലുള്ള ഗോത്രം" എന്ന ഭരണഘടനയുടെ പട്ടികയിൽ മീതേയ് (മെയ്‌തേയി) സമുദായത്തെ ഉൾപ്പെടുത്തുന്നതിന് കേന്ദ്ര ഗോത്രകാര്യ മന്ത്രാലയത്തിന് ശുപാർശ സമർപ്പിക്കാൻ മണിപ്പൂർ സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് മീതേയ് (മെയ്തേയ്) ട്രൈബ് യൂണിയൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഏപ്രിൽ 14-ലെ ഉത്തരവ്.
മണിപ്പൂരിലെ ഗോത്രവർഗ പട്ടികയിൽ മീതേയ്/മെയ്‌തേയ് സമുദായത്തെ ഉൾപ്പെടുത്താൻ ഹർജിക്കാരും മറ്റ് യൂണിയനുകളും വർഷങ്ങളായി ശ്രമിക്കുകയാണെന്ന് നിരീക്ഷിച്ച കോടതിയുടെ സിംഗിൾ ബെഞ്ച്, ഹർജിക്കാരുടെ കേസ് പരിഗണിച്ച് ശിപാർശ സമർപ്പിക്കാൻ സർക്കാരിനോട് നിർദ്ദേശിച്ചത്.
ആക്രമണങ്ങളുടെ ആവർത്തി
മെയ് മൂന്നിലെ അക്രമത്തിന് ദിവസങ്ങൾക്ക് മുമ്പ്, ഏപ്രിൽ 27 ന്, അടുത്ത ദിവസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന ചുരാചന്ദ്പൂരിലെ ജിമ്മിന് ജനക്കൂട്ടം തീയിട്ടു. അടുത്ത ദിവസം, കുടിയൊഴിപ്പിക്കൽ നടപടികളിൽ പ്രതിഷേധിച്ച് ജനക്കൂട്ടം ജില്ലയിലെ വനംവകുപ്പ് ഓഫീസ് കത്തിച്ചു.
സംസ്ഥാന സർക്കാർ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം, മെയ്തേയ്‌ക്ക് എസ് ടി പദവി സംബന്ധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ എല്ലാ മലയോര ജില്ലകളിലും ഗോത്ര വിഭാഗങ്ങൾ ഗോത്രവർഗ ഐക്യദാർഢ്യ മാർച്ച് പ്രഖ്യാപിച്ചിരിക്കെ, ബിരേൻ സിങ്ങിനെതിരെ അധിക്ഷേപ പദപ്രയോഗത്തിൽ പ്രതിഷേധിച്ച് റാഡിക്കൽ മെയ്‌തേയ് സിവിൽ സൊസൈറ്റി ഓർഗനൈസേഷൻ എന്നവകാശപ്പെടുന്ന മൈതേയ് ലീപുൺ താഴ്‌വരയിൽ “പ്രതി ഉപരോധം” പ്രഖ്യാപിച്ചു. താഴ്‌വരയിൽ നിന്നുള്ള കുക്കി ജനത പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുന്നത് തടയാനുള്ള തന്ത്രമായാണ് കുക്കികൾ ഇതിനെ വിലയിരുത്തി.
/indian-express-malayalam/media/media_files/uploads/2023/07/Manipur-Violence2.jpg)
മെയ് മൂന്നിന് പ്രതിഷേധ മാർച്ച് ആരംഭിച്ചപ്പോൾ, മലനിരകളുടെ ചില ഭാഗങ്ങളിൽ മെയ്തികളും കുക്കികളും തമ്മിലുള്ള ചില സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ഏതാനും വനംവകുപ്പ് ഓഫീസുകൾ കത്തിക്കുകയും ചെയ്തു. ചുരാചന്ദ്പൂരിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ അകലെയുള്ള ടോർബംഗിനടുത്തുള്ള കുക്കി യുദ്ധ സ്മാരക ഗേറ്റിന്റെ ഫലകത്തിനൊപ്പം ഒരു ടയർ കത്തുന്നത് കണ്ടതിന് ശേഷമാണ് അന്ന് ഉച്ചയ്ക്ക് 2.15 ഓടെ കാര്യങ്ങൾ ബീഭത്സവും മ്ലേച്ഛവുമായ രീതിയിൽ മാറാൻ തുടങ്ങിയത്. അതേ സമയം, ടോർബംഗിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള കാങ്‌വായ് ഗ്രാമത്തിൽ രണ്ട് മൃതദേഹങ്ങൾ പൊലീസ് കണ്ടെത്തി. ഇതിനെത്തുടർന്ന്, ഇംഫാൽ-ചുരാചന്ദ്പൂർ ഹൈവേയുടെ ടോർബംഗ്-കാങ്‌വായ് ഭാഗത്ത് വൻ ജനങ്ങൾ തടിച്ചുകൂടാൻ തുടങ്ങി.
ഉച്ചകഴിഞ്ഞ് മൂന്നിനും 3.30 നും ഇടയിൽ, ടോർബംഗിലും കാങ്‌വായിലും ഇരു സമുദായങ്ങളിലുമുള്ളവരുടെ വീടുകൾ കത്തിച്ചതായി പൊലീസ് റിപ്പോർട്ട് ചെയ്തു. ഉച്ചകഴിഞ്ഞ് 3.30 ഓടെ മെയ്തികൾ ഭൂരിപക്ഷമുള്ള ബിഷ്ണുപൂർ ജില്ലയിൽ ചില ക്രിസ്ത്യൻ പള്ളികൾ കത്തിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. വൈകുന്നേരം 5.30 ഓടെ ബിഷ്ണുപൂരിനും ചുരാചന്ദ്പൂരിനും ഇടയിലുള്ള പ്രദേശങ്ങളിൽ മെയ്തേയി, കുക്കി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
അക്രമം രൂക്ഷമായപ്പോൾ, വൈകിട്ട് 5.30ഓടെ ചുരാചന്ദ്പൂരിലെ സിംഘാട്ട് പൊലീസ് സ്റ്റേഷനിൽ നിന്ന് ആൾക്കൂട്ടം ആയുധങ്ങൾ കൊള്ളയടിച്ചു. ഇംഫാൽ താഴ്‌വരയിലെ ഒന്നിലധികം പൊലീസ് സ്റ്റേഷനുകളിൽ നിന്നും പ്രത്യേക സേനയുടെ ആയുധപ്പുരകളിൽ നിന്നും ആയുധങ്ങൾ കൊള്ളയടിക്കപ്പെട്ടു - മെയ് മാസത്തിൽ തന്നെ 4,000-ത്തിലധികം ആയുധങ്ങൾ കൊള്ളയടിക്കപ്പെട്ടു. രാത്രി ഏഴുമണിയോടെ ഇരുവിഭാഗവും വീടുകൾ കത്തിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു.
/indian-express-malayalam/media/media_files/uploads/2023/07/Manipur-Violence1.jpg)
ഈ കാലയളവിൽ, താഴ്‌വരയിൽ കുക്കികൾക്കെതിരെ മെയ്‌തികളുടെ രോഷത്തിന് ആക്കം കൂട്ടിയത് ഒരു നുണ പ്രചാരണമായിരുന്നു. ഒരു മൈതേയ് സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തുവെന്നും മറ്റൊരാളെ പാരകൊണ്ട് കൊല്ലുകയും അവളുടെ കണ്ണുകൾ ചൂഴ്ന്നെടുക്കുകയും ചെയ്തു എന്ന നുണപ്രചാരണമാണ് ഇതിന് വഴിവച്ചത്. ഈ കിവംദന്തിയെ തുടർന്ന് മെയ്തേയ് ഗ്രൂപ്പുകൾ ഇംഫാൽ താഴ്‌വരയിൽ ആക്രമണം അഴിച്ചുവിട്ടു - സർക്കാർ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, അക്രമത്തിന്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ കൊലപ്പെട്ട 72 പേരിൽ ഏറിയ പങ്കും കുക്കികളായിരുന്നു.
മെയ്തേയി സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തുവെന്നും കൊലപ്പെടുത്തിയെന്നുമുള്ള വാർത്തകൾ തെറ്റാണെന്ന് പിന്നീട് കണ്ടെത്തിയതായി സംസ്ഥാന ഭരണ വൃത്തങ്ങൾ അറിയിച്ചു. “ഇന്റർനെറ്റ് ഷട്ട്ഡൗൺ ഉണ്ടായിരുന്നിട്ടും, കോളുകളിലൂടെയും വാക്കിലൂടെയും നുണ പ്രചരിപ്പിച്ചുകൊണ്ടിരുന്നു, അതിക്രമങ്ങളോട് പ്രതികരിക്കുകയാണെന്ന് ഇരുപക്ഷത്തിനും തോന്നി. തുടർന്ന് സംസ്ഥാനം അക്രമത്തിന്റെ ചുഴിയിലേക്ക് വലിച്ചെറിയപ്പെട്ടു, അത് ഇന്നുവരെ അവസാനിച്ചിട്ടില്ല, ”ഒരു സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
അവഗണിക്കപ്പെട്ട മലയോര മേഖലകളിലെ വികസന പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ "ഗോ ടു ഹിൽസ്" എന്ന ക്യാംപെയിനിന്റെ പിൻബലത്തിൽ തന്റെ തിരഞ്ഞെടുപ്പ് വിജയത്തിലേക്ക് ഓടി കയറിയ ഒരാൾക്ക്, മലയോര ജനതയുടെ കാഴ്ചയിൽ സിങ്ങിന്റെ പതനം വളരെ നാടകീയമാണ്, മുന്നോട്ടുള്ള യാത്ര ഒരു വർഷം മുമ്പത്തേതിനേക്കാൾ കഠിനമായിരിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.