scorecardresearch
Latest News

മണിപ്പൂർ സംഘർഷം: സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് സൈന്യം, ട്രെയിൻ ഗതാഗതം സ്തംഭിച്ചു

മണിപ്പൂരിൽ അക്രമങ്ങള്‍ തടയാന്‍ കഴിയാത്ത സാഹചര്യത്തില്‍ വെടിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു

manipur, violence, ie malayalam
ഫൊട്ടോ: ട്വിറ്റർ/മേരി കോം

ഇംഫാൽ: മണിപ്പൂരിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് സൈന്യം അറിയിച്ചു. മണിപ്പൂരിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിരുന്നു. റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ (ആർഎഎഫ്) ആറ് കമ്പനികൾ ഉൾപ്പെടെ 12 കമ്പനി കേന്ദ്ര സായുധ പൊലീസ് സേനകളെ (സിഎപിഎഫുകൾ) മണിപ്പൂരിലേക്ക് എയർലിഫ്റ്റ് ചെയ്യാൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതായാണ് വൃത്തങ്ങളിൽനിന്നും ലഭിച്ച വിവരം.

കേന്ദ്രവുമായി നടത്തിയ തുടർച്ചയായ ചർച്ചകൾക്കു ശേഷം വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനും മുൻ സിആർപിഎഫ് മേധാവിയുമായ കുൽദീപ് സിങ്ങിനെ സുരക്ഷാ ഉപദേഷ്ടാവായി മണിപ്പൂർ സർക്കാർ നിയമിക്കുകയും ചെയ്തിരുന്നു. അതേസമയം, സംഘർഷ സാഹചര്യം കണക്കിലെടുത്ത് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ അടുത്ത 48 മണിക്കൂറത്തേക്ക് സംസ്ഥാനത്തുടനീളമുള്ള എല്ലാ ട്രെയിൻ സർവീസുകളും നിർത്തിവച്ചു.

മുംബൈ, ജാർഖണ്ഡ്, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ആർഎഎഫിന്റെ രണ്ട് കമ്പനികൾക്കും ഡൽഹിയിൽ നിന്ന് സിആർപിഎഫിന്റെ രണ്ട് കമ്പനികൾക്കും ഡൽഹിയിൽ നിന്നും അമൃത്‌സറിൽ നിന്നും ബിഎസ്എഫിന്റെ രണ്ട് കമ്പനികൾക്കും മണിപ്പൂരിലേക്ക് അടിയന്തരമായി എത്താൻ ഐഎഎഫ് വിമാനങ്ങൾ നൽകി എയർലിഫ്റ്റിങ് സുഗമമാക്കാൻ അഭ്യർത്ഥിക്കുന്നതായി മേയ് നാലിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രതിരോധ മന്ത്രാലയത്തിന് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സിഎപിഎഫിനെ കൂടാതെ സൈന്യവും അസം റൈഫിൾസും നേരത്തെ മണിപ്പൂരിൽ നിലയുറപ്പിച്ചിട്ടുണ്ട്.

മണിപ്പൂരിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത്, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കർണാടക സന്ദർശനം ഒഴിവാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള വൃത്തങ്ങൾ അറിയിച്ചു. അക്രമം രൂക്ഷമായ മണിപ്പൂരിൽ സ്ഥിതിഗതികൾ വഷളായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ട് തവണ വീഡിയോ കോൺഫറൻസ് മീറ്റിങ്ങുകൾ നടത്തുകയും മണിപ്പൂരിലെയും അയൽ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി സംസാരിക്കുകയും ചെയ്തു. സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ചും അക്രമ സംഭവങ്ങൾ തടയാൻ സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ചും മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിങ് ആഭ്യന്ത്ര മന്ത്രിയോട് വിശദീകരിച്ചു.

അമിത് ഷാ സ്ഥിതിഗതികൾ ദിവസം മുഴുവൻ നിരീക്ഷിക്കുകയും ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുകയും ചെയ്തുവെന്ന് വൃത്തങ്ങൾ അറിയിച്ചു. സമാധാനം നിലനിർത്താൻ കേന്ദ്രം എല്ലാ സഹായവും നൽകുമെന്നും ആവശ്യമെങ്കിൽ കൂടുതൽ സുരക്ഷാ സേനയെ നൽകുമെന്നും ഷാ ഉറപ്പ് നൽകിയതായാണ് വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം. നാഗാലാൻഡിലെ നെഫിയു റിയോ, മിസോറാമിലെ സോറംതംഗ, അസമിലെ ഹിമന്ത ബിശ്വ ശർമ എന്നിവരാണ് അമിത് ഷായുമായി സംസാരിച്ച മറ്റു മുഖ്യമന്ത്രിമാർ.

മണിപ്പൂരിൽ അക്രമങ്ങള്‍ തടയാന്‍ കഴിയാത്ത സാഹചര്യത്തില്‍ വെടിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഒട്ടുമിക്ക ജില്ലകളിലും മണിപ്പൂർ സർക്കാർ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചു ദിവസത്തേക്ക് സംസ്ഥാനമൊട്ടാകെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി.

ഗോത്രവർഗക്കാരല്ലാത്ത മെയ്തി സമുദായത്തിനു പട്ടികവർഗ പദവി നൽകിയതിനെ ചൊല്ലിയാണ് സംസ്ഥാനത്ത് പ്രതിഷേധം ഉടലെടുത്തത്. മെയ്‌തി വിഭാഗക്കാരെ ഗോത്രവിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞയാഴ്ചയാണ് ഹൈക്കോടതി ഉത്തരവിട്ടത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Manipur violence amit shah on line with biren other cms as more security forces rushed in