scorecardresearch

മണിപ്പൂര്‍ ലൈംഗികാതിക്രമം: പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് വിരല്‍ ചൂണ്ടി ബിജെപിയുടെ പ്രതിരോധം

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പര്‍വതീകരിച്ചായിരുന്നു മുതിര്‍ന്ന ബിജെപി നേതാക്കളുടെ പ്രതിരോധം. രാജസ്ഥാന്‍, ഛത്തിസ്ഗഡ്, പശ്ചിമ ബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ കുറ്റകൃത്യങ്ങള്‍ കേന്ദ്രമന്ത്രിമാരടക്കം ചൂണ്ടിക്കാണിച്ചു

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പര്‍വതീകരിച്ചായിരുന്നു മുതിര്‍ന്ന ബിജെപി നേതാക്കളുടെ പ്രതിരോധം. രാജസ്ഥാന്‍, ഛത്തിസ്ഗഡ്, പശ്ചിമ ബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ കുറ്റകൃത്യങ്ങള്‍ കേന്ദ്രമന്ത്രിമാരടക്കം ചൂണ്ടിക്കാണിച്ചു

author-image
WebDesk
New Update
Manipur Woman Paraded Video| Rape | manipur

Manipur Violence News Updates: മണിപ്പൂരിൽ നടക്കുന്ന അക്രമത്തിൽ പ്രതിഷേധിച്ച് ജനതാദൾ (യുണൈറ്റഡ്) (ജെഡി(യു)) അനുഭാവികൾ വ്യാഴാഴ്ച പട്നയിൽ നടത്തിയ പ്രതിഷേധം| ഫൊട്ടോ:എഎൻഐ

മാസങ്ങളായി തുടരുന്ന മണിപ്പൂര്‍ സംഘര്‍ഷം സംബന്ധിച്ചുള്ള തന്റെ ആദ്യ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ ചൂണ്ടിക്കാണിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ആരോപണങ്ങളുടെ ചുവടുവച്ചായിരുന്നു ഇന്ന് ബിജെപി നേതാക്കളുടെയെല്ലാം വാദങ്ങള്‍.

Advertisment

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പര്‍വതീകരിച്ചായിരുന്നു മുതിര്‍ന്ന ബിജെപി നേതാക്കളുടെ പ്രതിരോധം. രാജസ്ഥാനും ഛത്തിസ്ഗഡിനും പുറമെ പട്ടികയിലേക്ക് പശ്ചിമ ബംഗാളിനേയും ബീഹാറിനേയും ഉള്‍പ്പെടുത്തുകയും ചെയ്തു.

പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയില്‍ ഗോത്ര വിഭാഗത്തില്‍പ്പെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി മര്‍ദിച്ചെന്നാണ് ബിജെപിയുടെ ആരോപണം. സംഭവം പ്രദേശികം മാത്രമാണെന്നായിരുന്നു ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ മറുവാദം.

സംഭവത്തില്‍ സ്വമേധയാ കേസെടുത്തതായും ആറ് പേരെ കസ്റ്റഡിയിലെടുത്തതായും മാൾഡ എസ് പി പ്രദീപ് കുമാർ യാദവ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ക്ലിപ്പിൽ നിരവധി സ്ത്രീകൾ മറ്റ് രണ്ട് സ്ത്രീകളെ ആക്രമിക്കുന്നതായി കാണാം. മോഷണക്കുറ്റം ആരോപിച്ചാണ് സ്ത്രീകളെ പിടികൂടിയതെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

Advertisment

ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിപക്ഷം മൗനം പാലിക്കുകയാണെന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.

"സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് രാജസ്ഥാനാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഒരു ലക്ഷത്തിലധികം കേസുകളാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 33,000 കേസുകള്‍ ലൈംഗികാതിക്രമമാണ്," കേന്ദ്ര മന്ത്രി വ്യക്തമാക്കി.

രാജസ്ഥാന് പിന്നാലെ അനുരാഗ് താക്കൂര്‍ പശ്ചിമ ബംഗാളിലെ സംഭവങ്ങളും ചൂണ്ടിക്കാണിച്ചു. മമതാ ബാനര്‍ജിയുടെ ഹൃദയത്തില്‍ യാതൊരു മമതയുമില്ലെന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്. ഹൗറയിലെ പഞ്ച്‌ല പ്രദേശത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ദിവസം തൃണമൂൽ കോൺഗ്രസിന്റെ 40-ലധികം ഗുണ്ടകൾ ഒരു സ്ത്രീയെ നഗ്നയാക്കി പരേഡ് നടത്തുകയും തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥിയെ മർദിക്കുകയും അപമാനിക്കുകയും ചെയ്തതായി അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

"സ്ത്രീകള്‍ക്കെതിരായ അതിക്രമം കുറ്റകൃത്യം തന്നെയാണ്. ഇത് മണിപ്പൂര്‍, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ഛത്തിസ്ഗഡ് എന്നിവിടങ്ങളിലും സംഭവിക്കുന്നു. സംസ്ഥാനങ്ങളാണ് നടപടിയെടുക്കേണ്ടത്. പക്ഷെ അവര്‍ക്ക് രാഷ്ട്രീയം കളിക്കാനാണ് താല്‍പ്പര്യം. രാജ്യം എല്ലാം കാണുന്നുണ്ട്," അനുരാഗ് താക്കൂര്‍ കൂട്ടിച്ചേര്‍ത്തു.

പാർലമെന്റിലെ ചർച്ചയിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ബിജെപിയല്ലെന്നും കേന്ദ്ര മന്ത്രി പറയുന്നു. "പ്രതിപക്ഷം സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലെങ്കിലും രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിക്കണം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ റജിസ്റ്റര്‍ ചെയ്ത സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ പട്ടികയുമായി തിങ്കളാഴ്ച പാർലമെന്റിൽ വരാൻ ഞാൻ അഭ്യര്‍ത്ഥിക്കുന്നു,” അദ്ദേഹം പറഞ്ഞു.

കേന്ദ്ര വനിത ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി, കേന്ദ്ര ഭൗമശാസ്ത്ര മന്ത്രി കിരണ്‍ റിജിജു, ബിജെപി ഐടി സെല്‍ ചീഫ് അമിത് മാല്‍വിയ തുടങ്ങിയവരും സമാന വിമര്‍ശനങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഉന്നയിച്ചു.

Congress Bjp Trinamool Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: