ഇംഫാൽ: മണിപ്പൂരിൽ ഗോത്ര വിഭാഗങ്ങൾ നടത്തിയ ബഹുജന റാലിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷമുണ്ടായതിന് മണിക്കൂറുകള്‍ക്ക് പിന്നാലെ അക്രമങ്ങള്‍ തടയാന്‍ കഴിയാത്ത സാഹചര്യത്തില്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍.
നേരത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്ങുമായി സംസാരിച്ചിരുന്നു. ഓൾ ട്രൈബൽ സ്റ്റുഡന്റ്‌സ് യൂണിയൻ മണിപ്പൂർ (ATSUM) സംഘടിപ്പിച്ച ബഹുജന റാലി അക്രമാസക്തമായതിനുപിന്നാലെ ഒട്ടുമിക്ക ജില്ലകളിലും മണിപ്പൂർ സർക്കാർ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചു ദിവസത്തേക്ക് സംസ്ഥാനമൊട്ടാകെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി.
ഗോത്രവർഗക്കാരല്ലാത്ത മെയ്തി സമുദായത്തിനു പട്ടികവർഗ പദവി നൽകിയതിനെ ചൊല്ലിയാണ് സംസ്ഥാനത്ത് പ്രതിഷേധം ഉടലെടുത്തത്. മെയ്‌തി വിഭാഗക്കാരെ ഗോത്രവിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞയാഴ്ചയാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ മണിപ്പൂർ (എടിഎസ്‌യുഎം) ചുരാചന്ദ്പൂർ ജില്ലയിലെ ടോർബങ്ങിൽ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷം തുടരുന്നതിനിടെ സമാധാനത്തിനായ് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി ബിരേൻ സിങ് രംഗത്തെത്തി. രണ്ട് സമുദായങ്ങൾക്കിടയിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണയുടെ ഫലമാണ് നിലവിലെ സംഭവങ്ങളെന്നും ക്രമസമാധാനം നിലനിർത്താൻ സംസ്ഥാനത്തെ ജനങ്ങൾ സർക്കാരുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
എല്ലാ ജനങ്ങളുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. വിവിധ സമുദായങ്ങളുടെ ദീർഘനാളത്തെ പരാതികൾ അവരുടെ പ്രതിനിധികളുമായി കൂടിയാലോചിച്ച് ഉചിതമായ സമയത്ത് പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രശ്നബാധിത മേഖലകളിൽ സൈന്യവും അസം റൈഫിൾസും ചേർന്നു ഫ്ലാഗ് മാർച്ച് നടത്തി. സംഘർഷം പൊട്ടിപ്പുറപ്പെട്ട ഉടൻ തന്നെ ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ സൈന്യത്തെയും അർദ്ധസൈനിക വിഭാഗത്തെയും ഇന്ത്യൻ സൈന്യം വിന്യസിച്ചു. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും ക്രമസമാധാനം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു.
തന്റെ സംസ്ഥാനമായ മണിപ്പൂർ കത്തുകയാണെന്നും സഹായം വേണമെന്നും ആവശ്യപ്പെട്ട് ബോക്സിങ് ഇതിഹാസം മേരി കോം പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തിട്ടുണ്ട്.
മണിപ്പൂർ ജനസംഖ്യയുടെ 53 ശതമാനം മെയ്തി സമുദായമാണ്. നിലവിലെ നിയമമനുസരിച്ച് ഇവർക്ക് സംസ്ഥാനത്തെ മലനിര പ്രദേശങ്ങളിൽ താമസിക്കാൻ അനുവാദമില്ല. പ്രധാനമായും മണിപ്പൂർ താഴ്‌വരയിലാണ് ഇവർ താമസിക്കുന്നത്.