/indian-express-malayalam/media/media_files/uploads/2023/10/Manipur-violence.jpg)
മണിപ്പൂരിൽ ഒരാളെ തീകൊളുത്തി കൊന്നതായി വീഡിയോ പ്രചരിക്കുന്നു
ഇംഫാൽ: മണിപ്പൂരിലെ രണ്ട് കുകി സ്ത്രീകളെ നഗ്നരാക്കി പൊതുനിരത്തിലൂടെ നടത്തിച്ച അതിക്രമം നടന്ന അതേദിവസം, അതേ പ്രദേശത്ത് മറ്റൊരു ദാരുണമായ കൊലപാതകം കൂടി നടന്നതായി സ്ഥിരീകരിച്ച് മണിപ്പൂർ പൊലിസ്. മെയ് നാലിന് തൌബൽ ജില്ലയിൽ കുകി വിഭാഗക്കാരനായ പുരുഷനെ മെയ്തി വിഭാഗക്കാരായ ആൾക്കൂട്ടം തീയിട്ട് കൊന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
ഈ നടുക്കുന്ന കുറ്റകൃത്യത്തിന്റെ ഏഴ് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും പൊലിസ് അറിയിച്ചു. മെയ്തി വിഭാഗക്കാർക്ക് മേധാവിത്വമുള്ള പ്രദേശമാണ് തൌബൽ. വീഡിയോ പ്രചരിക്കുന്നതിന് പിന്നിൽ കുകി-സോമി വിഭാഗത്തിൽ നിന്നുള്ള ചിലരാണെന്നും പൊലിസ് വ്യക്തമാക്കി. മണിപ്പൂരിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ രണ്ടാമത്തെ ദിവസമാണ് ഈ കൊലപാതകം നടന്നത്. വീഡിയോയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഒക്ടോബർ 8ന് വൈകിട്ടാണ് ആൾക്കൂട്ട കൊലയുടെ നടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലും വാട്സാപ്പ് ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിച്ചത്. കറുത്ത ഷർട്ടും സൈനികരുടേതിന് തുല്ല്യമായ പാന്റുമിട്ടൊരാൾ തുറസായ സ്ഥലത്ത് നിലത്ത് അനങ്ങാതെ കിടക്കുന്നതും, മണിപ്പൂരി ഭാഷയിൽ ചിലർ സംസാരിക്കുന്നതിന്റെ ശബ്ദവുമാണ് വീഡിയോയിലുള്ളത്. മൃതദേഹത്തിന്റെ മുഖത്തും ദേഹത്തുമെല്ലാം മുറിവുകൾ കാണാനാകുന്നുണ്ട്.
മണിപ്പൂരി ഭാഷയിൽ വീഡിയോയും ഫോട്ടോയും എടുക്കരുതെന്നും ചിലർ മുന്നറിയിപ്പും നൽകുന്നുണ്ട്. ഈ വീഡിയോയിൽ അക്രമികളുടെ ആരുടേയും മുഖം വ്യക്തമാകുന്നില്ല. മൃതദേഹത്തിന് പുറമെ രണ്ട് പേരുടെ കാലുകൾ മാത്രമാണ് കാണാനാകുക. വെടിയൊച്ചകളും ഈ വീഡിയോയിൽ നിന്ന് കേൾക്കാനുണ്ട്.
തൌബൽ ജില്ലയിലെ നോങ്പോക് സെക്മായ് പൊലിസ് സ്റ്റേഷൻ പരിധിയിൽ മെയ് 4ന് നടന്ന മറ്റൊരു സംഭവം നേരത്തെ രാജ്യവ്യാപകമായി വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. മെയ്തി വിഭാഗക്കാരായ ആൾക്കൂട്ടം രണ്ട് കുകി സ്ത്രീകളെ, പൊതുനിരത്തിലൂടെ നഗ്നരാക്കി നടത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇവരിൽ ഒരാൾ കൂട്ടബലാത്സംഗത്തിന് ഇരയാകുകയും ചെയ്തിരുന്നുവെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ ഇക്കഴിഞ്ഞ ജൂലൈയിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.