ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷത്തെ തടവ് ശിക്ഷ. ദേശീയ സുരക്ഷാ നിയമ പ്രകാരമാണ് ശിക്ഷ. കഴിഞ്ഞ മാസമായിരുന്നു മാധ്യമപ്രവര്‍ത്തകനായ കിഷോര്‍ചന്ദ്ര വാങ്ക്‌ഹെമിനെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുന്നത്.

ഝാന്‍സി റാണിയായിരുന്ന ലക്ഷ്മിഭായിയുടെ ജന്മദിനം മണിപ്പൂര്‍ സര്‍ക്കാര്‍ ആഘോഷിക്കാന്‍ തീരുമാനിച്ചതിനെയായിരുന്നു കിഷോര്‍ചന്ദ്ര ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ വിമര്‍ശിച്ചത്. ഝാന്‍സി റാണിയുമായി യാതൊരു ബന്ധവും മണിപ്പൂരിന് ഇല്ലായിരുന്നുവെന്നും കേന്ദ്രം ആവശ്യപ്പെട്ടത് കൊണ്ടു മാത്രമാണ് ജന്മദിനം ആഘോഷിച്ചത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ് മോദിയുടെ കളിപ്പാവയാണെന്നും കിഷോര്‍ചന്ദ്ര പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ദേശീയ സുരക്ഷാ നിയമം പ്രകാരമായിരുന്നു അറസ്റ്റ്. കിഷോര്‍ചന്ദ്ര ജോലി ചെയ്തിരുന്ന ഐസ്ടിവിയില്‍ നിന്നും രാജിവച്ചതിന് ശേഷമായിരുന്നു അറസ്റ്റ്.

മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത സംഭവം മണിപ്പൂരില്‍ മാധ്യമ മേഖലയില്‍ നിന്നും മറ്റ് മേഖലകളില്‍ നിന്നും ശക്തമായ പ്രതിഷേധത്തിന് കാരണമായി. അദ്ദേഹത്തിന് പിന്തുണയര്‍പ്പിച്ചു കൊണ്ട് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും രംഗത്തെത്തിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ