ഇംഫാൽ: രാഷ്‌ട്രീയ വിവാദങ്ങൾക്കും നാടകീയതകൾക്കുമൊടുവിൽ മണിപ്പൂരിൽ ബിജെപി സർക്കാർ അധികാരമേറ്റു. നിയമസഭാകക്ഷി നേതാവ് എൻ.ബീരേൻ സിങ്ങിന്റെ നേതൃത്വത്തിലുളള സർക്കാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റെടുത്തത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത മണിപ്പൂരില്‍ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും പ്രാദേശിക പാര്‍ട്ടികളെ കൂട്ടുപിടിച്ചാണ് ബിജെപി അധികാരത്തിലേറുന്നത്.

മുൻ കോൺഗ്രസുകാരനായ എൻ.ബീരേൻ സിങ് നേരത്തേ ഇബോബി സിങ് മന്ത്രിസഭയിൽ അംഗമായിരുന്നു. മണിപ്പൂരിലെ ആദ്യ ബിജെപി സര്‍ക്കാരാണ് എൻ.ബീരേൻ സിങ്ങിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വരുന്നത്. മണിപ്പുരിൽ പുതിയ മന്ത്രിമാർക്ക് ഗവർണർ നജ്മ ഹെപ്‌തുല്ല സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

n biren singh, manipur, manipur cm, najma heptulla

സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള കത്ത് മണിപ്പൂർ ഗവർണർ നജ്മ ഹെപ്‌തുല്ല ബിജെപി നിയുക്ത മുഖ്യമന്ത്രി എൻ. ബീരേൻ സിങ്ങിന് കൈമാറുന്നു. ചിത്രം: പിടിഐ

അതേസമയം, ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിനെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാത്തതിന് വിശദീകരണവുമായി ഗവർണർ നജ്‌മ ഹെപ്‌തുല്ല രംഗത്തെത്തി. ആർക്കാണ് ഭൂരിപക്ഷമെന്ന് നോക്കി സംസ്ഥാനത്തിന്റെ സ്ഥിരതയ്‌ക്കായി ജോലി ചെയ്യേണ്ടത് ഗവർണറുടെ ഉത്തരവാദിത്തമാണെന്നും അതാണ് ചെയ്‌തതെന്നുമാണ് അവർ പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ