ഇംഫാൽ: മണിപ്പൂരിൽ രാഷ്‌ട്രീയപ്രതിസന്ധി. ബിജെപി സർക്കാർ താഴെവീഴുമെന്ന് സൂചന. മൂന്ന് ബിജെപി എംഎൽഎമാർ നിയമസഭയിൽനിന്നും പാർട്ടിയിൽനിന്നും രാജിവച്ച് കോൺഗ്രസിൽ ചേർന്നു. സുഭാഷ് ചന്ദ്ര സിങ്, ടി.ടി.ഹാവോകിപ്, സാമുവൽ ജെൻഡായ് എന്നീ എംഎൽഎമാരാണ്  കോണ്‍ഗ്രസിൽ ചേർന്നത്.

അതിനിടെ  പ്രധാന സഖ്യകക്ഷിയായ എൻപിപി (നാഷണൽ പീപ്പിൾസ് പാർട്ടി) ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. നാല് എംഎൽഎമാരുള്ള എൻപിപി കോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി വൈ ജോയ്‌കുമാർ സിങ് ഉൾപ്പെടെ എൻപിപിയുടെ നാല് എംഎൽഎമാരും കാബിനറ്റ് മന്ത്രിമാരാണ്.  ഒരു തൃണമൂൽ കോൺഗ്രസ് എംഎൽഎയും ഒരു സ്വതന്ത്ര അംഗവും സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിട്ടുണ്ട്. ഇതോടെയാണ്, വടക്കുകിഴക്കൻ മേഖലയിലെ ആദ്യ ബിജെപി സർക്കാരിന്റെ ഭാവി തുലാസിലായത്.

മുഖ്യമന്ത്രി എൻ.ബിരേൻസിങ് നേതൃത്വം നൽകുന്ന ബിജെപി സർക്കാരിന് ഭൂരിപക്ഷമില്ലെന്നും അടിയന്തരമായി നിയമസഭ വിളിച്ചുകൂട്ടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. അവിശ്വാസ പ്രമേയത്തിനു അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നിയമസഭാ കക്ഷി നേതാവുമായ ഒക്‌റാം ഇബോബി സിങ് ഗവർണർ നജ്‌മ ഹെപ്‌തുള്ളയെ കാണും.

Read Also: ‘കമൽനാഥ് സർക്കാരിനെ വലിച്ചിട്ടത് ബിജെപി കേന്ദ്രനേതൃത്വം’; വൈറലായി ഓഡിയോ ക്ലിപ്പ്

2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് മണിപ്പൂരിൽ ബിജെപി സർക്കാർ രൂപീകരിക്കപ്പെട്ടത്. 60 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചത് 21 സീറ്റ് മാത്രമാണ്. 28 സീറ്റ് നേടിയ കോൺഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. സർക്കാർ രൂപീകരിക്കാൻ വേണ്ടിയിരുന്നത് 31 സീറ്റായിരുന്നു. തിരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ ഒരു കോൺഗ്രസ് എംഎൽഎ ബിജെപിയിൽ ചേർന്നിരുന്നു. പിന്നീട് നാഗാ പീപ്പിൾസ് ഫ്രന്റ് (എൻപിഎഫ്), നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവരുടെ പിന്തുണയോടെ ബിജെപി സഖ്യസർക്കാർ രൂപീകരിക്കുയായിരുന്നു. ഈ സഖ്യത്തിലാണ് ഇപ്പോൾ വിള്ളൽ വീണിരിക്കുന്നത്.

Read Also: ഇന്ത്യയിൽ ഒറ്റദിവസം 12,881 പേർക്ക് കോവിഡ്; ആകെ രോഗബാധിതർ 366,946

നിലവിൽ മണിപ്പൂർ നിയമസഭയുടെ അംഗബലം 59 ആണ്. കോൺഗ്രസിൽനിന്നു കൂറുമാറി ബിജെപിയിൽ ചേർന്ന ഒരു എംഎൽഎ നേരത്തെ അയോഗ്യനാക്കപ്പെട്ടിരുന്നു.

ബിജെപി സർക്കാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സാമൂഹിക അകലം പാലിച്ചുകൊണ്ട് നിയമസഭ ചേരാൻ സാധിക്കുമെന്നും സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ബിജെപിക്ക് സാധിച്ചാൽ തങ്ങൾക്ക് മറ്റു പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും കോൺഗ്രസ് നേതൃത്വം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook