ഇംഫാൽ: മണിപ്പൂരിൽ സൈന്യം നടത്തിയ വ്യാജ ഏറ്റുമുട്ടൽ കേസിൽ സിബിഐ നടത്തുന്ന മെല്ലപ്പോക്കിനെ സുപ്രീം കോടതി വിമർശിച്ചു. ആവശ്യമെങ്കിൽ ഈ സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാമെന്നും സുപ്രീം കോടതി പറഞ്ഞു. മണിപ്പൂരിൽ നാല് കൊലയാളികൾ ചുറ്റിയടിക്കുകയാണെന്നാണ് സിബിഐ​ പറയുന്നത്. ഇവരെ ഇങ്ങനെ വിട്ടാൽ സമൂഹത്തിന് എന്ത് സംഭവിക്കുമെന്ന് സുപ്രീം കോടതി ജഡ്ജിമാരായ എം.ബി.ലോകൂറും യു.യു.ലളിതും ചോദിച്ചു.

പതിനാല് പേർക്കെതിരെ കൊലപാതകം, ക്രിമിനൽ​ ഗുഢാലോചന, വ്യാജ ഏറ്റുമുട്ടൽ സംബന്ധിച്ച തെളിവുകൾ നശിപ്പിച്ചത് എന്നിവയുടെ പേരിൽ ​കുറ്റപത്രം നൽകിയിരുന്നു.​ ഈ കേസുമായി ബന്ധപ്പെട്ട് സിബിഐ​ ഡയറക്ടർ അലോക് വർമ്മയെ കോടതിയിൽ ഹാജരാകാൻ സമൻസ് നൽകിയിരുന്നു.

കേസ് അന്വേഷണത്തിലെ മെല്ലെപ്പോക്കിനെ തുടർന്നാണ് സിബിഐക്ക് വിമർശനം നേരിട്ടത്. സിബിഐ​ പ്രത്യേക അന്വേഷണ സംഘം രണ്ട് കുറ്റപത്രം ഫയൽ ​ചെയ്തതായും അഞ്ച് കുറ്റപത്രങ്ങൾ കൂടി ഓഗസ്റ്റ് അവസാനത്തോടെ സമർപ്പിക്കാനാകുമെന്നും സിബിഐ ഡയറക്ടർ പറഞ്ഞു. 20 കേസുകളുടെ അന്വേഷണം ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

ഓഗസ്റ്റ് 20 നടക്കുന്ന വാദം കേൾക്കലിന് ഹാജരാകാൻ കോടതി സിബിഐ ഡയറക്ടർക്ക് നിർദ്ദേശം നൽകി.

കഴിഞ്ഞ ആഴ്ച 41 കേസുകളിൽ ഏഴ് കേസുകളിൽ അന്വേഷണം പൂർത്തിയായതായി കോടതിയിൽ സിബിഐ​ അറിയിച്ചിരുന്നു. ഇതിൽ കോടതി അസന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു. 2000 മുതൽ 201 വരെ നടന്ന 1,528 വ്യാജ ഏറ്റുമുട്ടൽ​ കേസുകളിൽ ഇന്ത്യൻ ആർമി, അസം റൈഫിൾസ്, മണിപ്പൂർ​ പൊലീസ് എന്നിവരാണ് പ്രതിസ്ഥാനത്ത്.

പൊതു താൽപര്യ ഹർജിയെ തുടർന്നാണ് സുപ്രീം കോടതി 2016 ലാണ് വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. അസ്വസ്ഥ പ്രദേശങ്ങളിൽ പ്രത്യേക സൈനിക അധികാര നിയമത്തിന്റെ (അഫ്സപാ) പേരിൽ സൈന്യത്തിനോ പൊലീസിനെ അമിതാധികാര പ്രയോഗത്തിന് അനുമതിയില്ലെന്ന് കോടതി വ്യക്തമാക്കി. രാജ്യത്തിന്റെ ശത്രുക്കളാണെന്ന് സംശയം ഉന്നയിച്ച് പൗരന്മാരെ കൊന്നുതളളിയാൽ ജനാധിപത്യം അതിന്റെ ഗുരുതരമായ ഭീഷണിയെയാകും നേരിടുകയെന്നും കോടതി പറഞ്ഞു.

ഈ വിഷയത്തിൽ സൈന്യത്തിലെയും പ്രതിരോധ മന്ത്രാലയത്തിലെയും മനുഷ്യാവകാശ വിഭാഗം അന്വേഷണം നടത്തിയതായി കേന്ദ്രം അറിയിച്ചു. കഴിഞ്ഞ 20 വർഷത്തിനിടയിൽ നടന്ന 1,528 വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ സംബന്ധിച്ച് കൃത്യവും പൂർണവുമായ വിവരങ്ങൾ ഇല്ലെന്നും സുപ്രീം കോടതി പറഞ്ഞു.

സായുധ കലാപ മേഖലകളായ ജമ്മു കശ്‌മീരിലും മണിപ്പൂരിലും നടക്കുന്ന സൈന്യത്തിനെതിരായ നീക്കങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എഫ്ഐആർ നൽകുക സാധ്യമാകുന്നതല്ലെന്നായിരുന്നു സുപ്രീം കോടതിയിൽ സൈന്യത്തിന്റെ വാദം

Read More: മണിപ്പൂരിൽ യുവാക്കളെ സൈന്യം കൊന്നത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് കരസേന ഓഫിസറുടെ സത്യവാങ്മൂലം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook