ഇംഫാല്‍: തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഒച്ചപ്പാടുകള്‍ക്കിടയില്‍ നിന്നും മാറി മണിപ്പൂരില്‍ എച്ച്ഐവി ബാധിതരായ കുട്ടികള്‍ക്കായുള്ള കാര്‍മല്‍ ജ്യോതി കോണ്‍വെന്റിലാണ് ഇറോം ശര്‍മ്മിള ചാനുവുള്ളത്. ഇവിടത്തെ കുട്ടികളൊടോപ്പം സമയം ചെലവഴിക്കുമ്പോള്‍ തനിക്ക് ഏറെ ആശ്വാസം ലഭിക്കുന്നതായി ഇറോം പറയുന്നു. കേരളത്തില്‍ നിന്നുള്ള സിസ്റ്റര്‍ പൗലീനാണ് രോഗബാധിതരായ കുട്ടികള്‍ക്കായുള്ള ആശ്രമം നടത്തുന്നത്. പതുക്കെ തനിക്ക് ഈ കുട്ടികളോട് യാത്ര പറയണമെന്ന് ശര്‍മ്മിള പറയുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിങിനെതിരെ തൗബാല്‍ മണ്ഡലത്തില്‍ മത്സരിച്ച ഇറോം ശര്‍മ്മിളയ്ക്ക് ലഭിച്ചിരിക്കുന്നത് 100ല്‍ താഴെയാണ് വോട്ട് ലഭിച്ചത്. ജനപ്രീതി ഏറെയുള്ള ഒക്റോമിനോടുള്ള പരാജയം അപ്രതീക്ഷിതമല്ലെങ്കിലും ഇറോമിന് കെട്ടിവച്ച പണം പോലും നഷ്ടമാകുന്ന അതിദയനീയ തോല്‍വിയാണ് ഉണ്ടായത്.

“തിരഞ്ഞെടുപ്പ് ഫലം രാവിലെ തന്നെ വ്യക്തമായിരുന്നു. കുറച്ച് ആശ്വാസത്തിനായാണ് രാവിലെ തന്നെ ആശ്രമത്തിലേക്ക് വന്നത്. കുറച്ച് നാളത്തേക്ക് മണിപ്പൂര്‍ വിട്ടു പോവുകയാണ്. തെക്കെ ഇന്ത്യയിലേക്കാണ് യാത്ര, കുറച്ച് നാള്‍ കേരളത്തില്‍ താമസിക്കണം. ചിലപ്പോ ഒരു മാസത്തോളം. യോഗ ചെയ്യാനും ആത്മീയതതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കേരളത്തിലെ ഒരു ആശ്രമത്തിലേക്ക് പോകും”, ഇറോം ഇന്‍ഡ്യന്‍ എക്‌പ്രസിനോട് പറഞ്ഞു.

“വഞ്ചിക്കപ്പെട്ടത് പോലെ എനിക്ക് തോന്നുന്നു. പക്ഷെ ഇത് ജനങ്ങളുടെ തെറ്റല്ല. അവര്‍ നിഷ്കളങ്കരാണ്. ധാര്‍മ്മികമായാണ് ഞാന്‍ തോറ്റുപോയതെന്ന് വിശ്വസിക്കുന്നില്ല. ജനങ്ങള്‍ എനിക്ക് വേണ്ടി വോട്ട് ചെയ്യുമായിരുന്നു. പക്ഷെ അവരുടെ വോട്ട് ചെയ്യുവാനുള്ള അവകാശം പണം കൊടുത്ത് ചിലര്‍ സ്വന്തമാക്കുകയായിരുന്നു. പലരും തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സഹോദരി നേരത്തേ വന്നിരുന്നെങ്കില്‍ വോട്ട് ചെയ്യുമായിരുന്നു, ഇതിപ്പോള്‍ തങ്ങള്‍ പണം വാങ്ങിപ്പോയെന്ന് പലരും എന്നോട് പറഞ്ഞു”, ഇറോം വ്യക്തമാക്കി.

Read More:ഇറോം നിങ്ങളല്ല, ജനാധിപത്യമാണ് തോറ്റത്

“ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്. ഇന്ന് രാവിലെ വരെ കരുതിയത് ഒരിക്കല്‍ കൂടി ഭാഗ്യം പരീക്ഷിക്കാമെന്നാണ്. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് മനസ് പറഞ്ഞു. എന്നാല്‍ എന്റെ മനസും ഹൃദയവും തമ്മിലുണ്ടായ അന്ധരം ഞാന്‍ തിരിച്ചറിയുന്നു. ഞാന്‍ രാഷ്ട്രീയും ഉപേക്ഷിക്കുന്നു. ഇനിയുമൊരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറോം ശര്‍മ്മിള ഉണ്ടാവില്ല,” അവര്‍ പറഞ്ഞു.

“എന്നാല്‍ അഫ്സ്പയ്ക്ക് എതിരായ പോരാട്ടം മറ്റ് പ്ലാറ്റ്ഫോമുകളിലൂടെ ഞാന്‍ തുടരും. എവിടെ ജീവിക്കുമെന്ന് അറിയില്ല. എവിടെയാണെങ്കിലും ജനങ്ങളെ സേവിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും ഇറോം.
“മണിപ്പൂര്‍ യുവതയുടെ പിന്തുണയോടെ പ്രജ പാര്‍ട്ടിയെ മുന്നോട്ട് നയിക്കണമെന്നാണ് ആഗ്രഹം. ചിലക്കോഴൊക്കെ ഞാനൊരു പൊതു മുതലായയിരുന്നെന്ന് തോന്നിയിട്ടുണ്ട്. എന്നാല്‍ ഇന്നുതൊട്ട് എന്റെ വിധി ഞാന്‍ തന്നെ തീരുമാനിക്കും” ആശ്രമത്തിലെ കുട്ടികളോട് യാത്ര പറഞ്ഞിറങ്ങും മുമ്പ് ഇറോം പറഞ്ഞു നിര്‍ത്തി.

Read More ഇനി ഒരിക്കലും തിരഞ്ഞെടുപ്പിൽ മൽസരിക്കില്ല, രാഷ്ട്രീയം ഉപേക്ഷിക്കുന്നു: ഇറോം ശർമിള

വെറും 90 പേര്‍ മാത്രമാണ് ഇറോം ശര്‍മ്മിളയെന്ന മണിപ്പൂരിന്റെ സമാനതകളില്ലാത്ത പോരാട്ട നായികയ്ക്ക് വോട്ട് ചെയ്തത് എന്നത് തീര്‍ത്തും നിരാശാജനകമായ കാര്യമാണ്. ജീവിതത്തിലെ 16 വര്‍ഷം ഒരു ജനതയുടെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി, സ്വതന്ത്രമായ അതിജീവനത്തിന് വേണ്ടി, തന്റെ വ്യക്തിപരമായ സ്വാതന്ത്ര്യങ്ങളും സുഖസൗകര്യങ്ങളും മാറ്റിവച്ച് മരിക്കാന്‍ സന്നദ്ധയായി പൊരുതിയ വ്യക്തിയാണ് ഇറോം ശര്‍മ്മിള.

രക്തസാക്ഷിയാവാന്‍ തയ്യാറുള്ള ഇറോമിനെ എല്ലാവര്‍ക്കും വേണമായിരുന്നു. എന്നാല്‍ ജീവിച്ച് കൊണ്ട് പുതിയ പോരാട്ട പാത തുറക്കാന്‍ മുന്നോട്ട് വന്ന ഇറോമിനെ ആര്‍ക്കും വേണ്ടെന്ന് പറഞ്ഞുള്ള വേദനിപ്പിക്കുന്ന മുഖം തിരിഞ്ഞു നടത്തമായിരുന്നു ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ