ഇംഫാല്‍: മണിപ്പൂരില്‍ വര്‍ഗീയ സംഘര്‍ഷം കാരണം 4,747 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പലായനം ചെയ്തതായി മണിപ്പൂര്‍ വിദ്യാഭ്യാസ മന്ത്രി ടി ബശാന്ത സിങ്. നാടുവിട്ട വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്തുടനീളമുള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കണക്കനുസരിച്ച്, ബിഷ്ണുപൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പലായനം ചെയ്തത്. 2,217 വിദ്യാര്‍ത്ഥികളെ മാറ്റിപ്പാര്‍പ്പിച്ചു, കാങ്പോക്പി (932), ഇംഫാല്‍ വെസ്റ്റ് ജില്ല (648) എന്നിങ്ങനെയാണ് കണക്കുകള്‍. ദുരിതബാധിതരായ വിദ്യാര്‍ഥികളുടെ ക്ഷേമത്തിനായി വകുപ്പ് നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
നാടുവിട്ട വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട്ബുക്കുകള്‍, പേനകള്‍, പെന്‍സിലുകള്‍, സ്പോര്‍ട്സ് മെറ്റീരിയലുകള്‍, യൂണിഫോം തുടങ്ങിയ പഠനോപകരണങ്ങള്‍ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കുടിയിറക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠനനഷ്ടം നികത്തുന്നതിന്, കോച്ചിംഗ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിന് വകുപ്പ് സന്നദ്ധ അധ്യാപകരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നിയോഗിക്കും.
കുടിയിറക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ ഇല്ലാത്തതിനാല്‍ വിവിധ സ്രോതസ്സുകളില്‍ നിന്ന് ശേഖരിച്ച ശേഷം സര്‍ക്കാര്‍ പുസ്തകങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. 9 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുടിയിറക്കപ്പെട്ട വിദ്യാര്‍ത്ഥികളെ സീറ്റ് ലഭ്യമാണെങ്കില്‍ അവര്‍ക്ക് ഇഷ്ടമുള്ള സ്‌കൂളുകളിലേക്ക് മാറാന്‍ അനുവദിക്കുമെന്ന് ബശാന്ത സിങ് അറിയിച്ചു.
തിരഞ്ഞെടുത്ത സ്‌കൂളില്‍ സീറ്റ് ലഭ്യമല്ലെങ്കില്‍ അടുത്തുള്ള മറ്റ് സ്‌കൂളുകളില്‍ ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും ദൂരെയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വിദൂര പഠനത്തിനായി ടാബ്ലെറ്റുകള്‍ പോലുള്ള ഗാഡ്ജെറ്റുകള്‍ നല്‍കും. ഉപരിപഠനത്തിനായി കുടിയിറക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ സമാന വിവരങ്ങളും ശേഖരിച്ചിട്ടുണ്ടെന്നും അത് ഉടന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.