ന്യൂഡല്‍ഹി: മണിപ്പൂര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് നാല് മുതിര്‍ന്ന മന്ത്രിമാരോടൊപ്പം ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. മണിപ്പൂരിലെ ക്രമസമാധാന നിലയെക്കുറിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും അമിത് ഷായുമായി ചര്‍ച്ച നടത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. മണിപ്പൂരില്‍ സംസ്ഥാനത്തെ ഭൂരിപക്ഷമായ മെയ്തി സമുദായവും കുക്കി-സോമി ഗോത്രങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ 60 പേരെങ്കിലും മരണപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
മുഖ്യമന്ത്രിക്കൊപ്പം സംസ്ഥാന മന്ത്രിമാരായ ഗോവിന്ദാസ് കോന്തൗജം, ടി.ബിശ്വജിത് സിങ്, യുംനം ഖേംചന്ദ് സിങ്, ബസന്ത കുമാര്‍, മണിപ്പൂര്‍ ബിജെപി അധ്യക്ഷ എ.ശാരദാ ദേവി, മണിപ്പൂരിലെ രാജ്യസഭാ എംപി സനജവോബ ലെയ്ഷെംബ എന്നിവരും ഉണ്ടായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങള്‍ കണക്കിലെടുത്താണ് ബിജെപി കേന്ദ്ര നേതൃത്വം ബിരേന്‍ സിങ്ങിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാനത്ത് ഇരു സമുദായങ്ങള്‍ക്കിടയില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബിജെപി നേതൃത്വം ജാഗ്രതയോടെയാണ് നീങ്ങുന്നതെന്നും അവര്‍ പറഞ്ഞു. എംഎല്‍എമാരില്‍ നിന്നും സമുദായത്തില്‍ നിന്നും നേതൃമാറ്റം വേണമെന്ന ആവശ്യമുയരുന്നുണ്ടെങ്കിലും പാര്‍ട്ടി നേതൃത്വം ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.
സംസ്ഥാനത്തെ സംഭവവികാസങ്ങളിലും മുഖ്യമന്ത്രി കൈകാര്യം ചെയ്ത രീതിയിലും കേന്ദ്ര നേതൃത്വം ഒട്ടും തൃപ്തരല്ല. എന്നാല്‍ നേതൃമാറ്റം എന്ന ആവശ്യത്തോട് പെട്ടെന്നുള്ള പ്രതികരണത്തിന് പാര്‍ട്ടി നേതൃത്വം അനുകൂലിക്കുന്നില്ല. സംസ്ഥാനത്തെ നിലവിലെ അവസ്ഥയെക്കുറിച്ച് പാര്‍ട്ടി നേതൃത്വത്തിനും ബോധ്യമുണ്ട്. മുഖ്യമന്ത്രിക്ക് മെയ്തി സമുദായത്തിന്റെ ഉറച്ച പിന്തുണയുണ്ടെന്നും അദ്ദേഹത്തിനെതിരെയുള്ള ഏത് നീക്കവും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അതേസമയം, കുക്കിയുടെ ഭാഗത്ത് നിന്നുള്ള ആവശ്യങ്ങള്‍ അവഗണിക്കാന്‍ കഴിയില്ലെന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
ഭരണപക്ഷത്തുള്ള സമുദായത്തില്‍ നിന്നുള്ള 10 എംഎല്‍എമാരും പ്രത്യേക കുക്കി ഭരണം വേണമെന്ന് വീണ്ടും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുമായുള്ള അമിത് ഷായുടെ കൂടിക്കാഴ്ച. അവരില്‍ രണ്ട് മന്ത്രിമാരും ഉള്‍പ്പെടുന്നു – ലെറ്റ്പാവോ ഹാക്കിപ്പ്, നെംച കിപ്ഗന്‍. ജനക്കൂട്ടത്തിന്റെ ആക്രമണത്തെത്തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ മുഖ്യമന്ത്രിയുടെ ഉപദേശകനും ബിജെപി എംഎല്‍എ വുന്‍സഗിന്‍ വാല്‍ട്ടെയും കുക്കികള്‍ക്ക് പ്രത്യേക ഭരണം വേണമെന്ന ആവശ്യത്തില്‍ ഒപ്പുവച്ചവരില്‍ ഒരാളാണ്.
കുക്കി-സോമി വിമത ഗ്രൂപ്പുകളും സര്‍ക്കാരും തമ്മിലുള്ള സമാധാന ചര്‍ച്ചകളെത്തുടര്‍ന്ന് ശാന്തമായ പ്രത്യേക ഭരണത്തിനായുള്ള ആവശ്യം, സമുദായ ഏറ്റുമുട്ടലിനുശേഷം വീണ്ടും ഉയര്‍ന്നു, കുക്കി ഗോത്രങ്ങള്‍ മണിപ്പൂരില്‍ ഇനി സുരക്ഷിതരല്ലെന്നും സമുദായത്തെ സംരക്ഷിക്കുന്നതില്‍ സംസ്ഥാന ഭരണകൂടം പരാജയപ്പെട്ടുവെന്നുമാണ് ആരോപണം.
ഇതിനുപുറമെ, മണിപ്പൂരിലെ അക്രമം, കര്‍ണാടകയില്‍ ഇരട്ട എഞ്ചിന്‍ സര്‍ക്കാരിനായുള്ള ബിജെപിയുടെ നീക്കത്തെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളിലേക്കും നയിച്ചു, കൂടാതെ കേരളം പോലുള്ള സംസ്ഥാനങ്ങളിലെ ക്രിസ്ത്യന്‍ സമുദായത്തെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങളെ മുറിവേല്‍പ്പിക്കുകയും ചെയ്തു. മണിപ്പൂരില്‍ അടുത്തിടെ നടന്ന അക്രമങ്ങളില്‍ നിരവധി പള്ളികളും ക്രിസ്ത്യന്‍ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടിരുന്നു. ഇതിനെതിരെ സഭാ നേതൃത്വം പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രിസ്ത്യാനികളായ കുക്കികള്‍ ബിജെപിക്ക് പിന്തുണ നല്‍കിയിരുന്നു. കുക്കി എംഎല്‍എമാരും വിമത മെയതി എംഎല്‍എമാരും സംസ്ഥാനത്ത് നേതൃമാറ്റം ആവശ്യപ്പെട്ടിരുന്നു.