ന്യഡല്‍ഹി: മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പൂർത്തിയായി. ആദ്യ ഘട്ടത്തിൽ 78.03 ശതമാനം പോളിങ് രേഖപ്പെടുത്തിയതായാണ് വൈകിട്ട് അഞ്ച് മണിവരെയുള്ള കണക്കുകൾ.
60 മണ്ഡലങ്ങളില്‍ 38 ഇടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ്. രാവിലെ ഏഴിനു പോളിങ് ആരംഭിച്ചു. 12.09 ലക്ഷം വോട്ടര്‍മാരും 173 സ്ഥാനാര്‍ഥികളുമാണ് ആദ്യ ഘട്ടത്തിലുള്ളത്.
ഹീൻഗാംഗിൽ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്, സിങ്ജാമൈയിൽ സ്പീക്കർ വൈ ഖേംചന്ദ് സിങ്, യുറിപോക്കിൽ ഉപമുഖ്യമന്ത്രി യുംനാം ജോയ്കുമാർ സിങ്, നമ്പോലിൽ കോൺഗ്രസ് അധ്യക്ഷൻ എൻ. ലോകേഷ് സിങ് എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന പ്രധാനികള്‍.
കോൺഗ്രസിനു കീഴില്‍ “അസ്ഥിരത, കലാപം, അസമത്വം” എന്നിവയായിരുന്നു സംസ്ഥാനത്ത്, ബിജെപിയിലൂടെ “സമാധാനം, സ്ഥിരത, സാധാരണ ജീവിതം” സാധ്യമായെന്നാണ് പ്രചരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെയുള്ള ബിജെപി നേതാക്കളുടെ അവകാശവാദങ്ങള്‍.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി സംഖ്യം മികച്ച ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലെത്തിയത്. 60 അംഗ നിയമസഭയിൽ ബിജെപിക്ക് മാത്രം 28 സീറ്റ് ലഭിച്ചു. ബിജെപിയെ പിന്തുണച്ച നാഗ പീപ്പിള്‍സ് ഫ്രണ്ടിന് നാലും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് അഞ്ചും സീറ്റാണ് ലഭിച്ചത്. കോണ്‍ഗ്രസ് 13 ലേക്ക് ചുരുങ്ങി.
മണിപ്പൂരില്‍ മാര്‍ച്ച് അഞ്ചിനാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. ഉത്തർപ്രദേശിൽ മൂന്ന്, ഏഴ് തിയതികളിലായി ആറും ഏഴും ഘട്ട വോട്ടെടുപ്പും നടക്കും. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ നിയമസഭാ തിരഞ്ഞെടുപ്പുകൾ നേരത്തെ പൂർത്തിയായിരുന്നു. 10നാണ് എല്ലായിടത്തെയും വോട്ടെണ്ണൽ.
Also Read: ചുവപ്പണിഞ്ഞ് കൊച്ചി; സിപിഎം സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം