കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടത് പൾസർ സുനി ഒറ്റയ്ക്കാണെന്ന് പിടിയിലായ കൂട്ടുപ്രതി മണികണ്ഠൻ പൊലീസിനു മൊഴി നൽകിയതായി റിപ്പോർട്ട്. ഒരു വർക്ക് ഉണ്ടെന്നു പറഞ്ഞാണ് സുനി തന്നെ കൂടെ കൊണ്ടുപോയത്. ആരെയോ തല്ലാനുള്ള ക്വട്ടേഷനാണെന്നാണ് കരുതിയതെന്നും എന്നാൽ നടിയെയാണ് തട്ടിക്കൊണ്ടു പോകുന്നതെന്ന് വാഹനത്തിൽ കയറിയ ശേഷം മാത്രമാണ് അറിഞ്ഞതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

സുനിക്ക് പിന്നിൽ ആരാണെന്ന് അറിയില്ല. സംഭവത്തിനുശേഷം പണത്തിന്റെ പേരിൽ താനും സുനിയും തമ്മിൽ തർക്കമുണ്ടായി. നടിയെ താൻ ഉപദ്രവിച്ചിട്ടില്ലെന്നും ഇയാൾ പൊലീസിന് മൊഴി നൽകിയതായും വിവരമുണ്ട്. ഇയാളുടെ മൊഴി പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. ചോദ്യം ചെയ്യൽ തുടരുകയാണ്. കേസിൽ പിടിയിലാകാനുള്ള പൾസർ സുനി ഉൾപ്പടെയുള്ള രണ്ടു പ്രതികളെ കുറിച്ച് ഇയാളിൽ നിന്നും വിവരം ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

നടി ആക്രമിക്കപ്പെടുന്പോൾ കാറിൽ മൂന്നു പേരുണ്ടായിരുന്നതായാണ് വിവരം. ഇതിൽ പൾസർ സുനിക്കൊപ്പമുണ്ടായിരുന്നവരിലൊരാൾ മണികണ്ഠനാണ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ നാലുപേരാണ് പിടിയിലായിട്ടുള്ളത്. അതേസമയം മണികണ്ഠന്റേത് ഉൾപ്പടെ മൂന്ന് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സംഘത്തിൽ നേരത്തേ പിടിയിലായ ആലപ്പുഴ സ്വദേശി വടിവാൾ സലിം, പ്രദീപ് എന്നിവരെ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ