ന്യൂഡല്‍ഹി: ത്രിപുര മുന്‍ മുഖ്യമന്ത്രിയും സി പി എം പൊളിറ്റ് ബ്യൂറോ അംഗവുമായി മണിക്ക് സര്‍ക്കാരിന്‍റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. വെളളിയാഴ്ച്ച വൈകിട്ട് ബിശാല്‍ഘഡില്‍ വച്ചാണ് ആക്രമണമുണ്ടായത്. പാര്‍ട്ടി സംഘടിപ്പിച്ച പൊതുയോഗത്തില്‍ പങ്കെടുത്ത് തലസ്ഥാനത്തേക്ക് മടങ്ങവെയാണ് ആക്രമണം ഉണ്ടായത്. അക്രമണത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് സി പി എം ആരോപിച്ചു.

അതേസമയം മുതിര്‍ന്ന സിപിഎം നേതാവ് നാരായണ്‍ ചൗധരിയുടെ വാഹനവും അക്രമികള്‍ തല്ലിത്തകര്‍ത്തു. പൊതുയോഗത്തില്‍ മാണിക് സര്‍ക്കാര്‍ സംസാരിച്ച് കൊണ്ടിരിക്കെയാണ് വാഹനം തകര്‍ത്തത്. ആക്രമണത്തിനെതിരെ ശക്തമായി പ്രതികരിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. സംഭവം ഞെട്ടിക്കുന്നതാണെന്ന് വ്യക്തമാക്കിയ പിണറായി അക്രമികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.

ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ജനാധിപത്യ മനസ്സുകള്‍ ഉണരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടര പതിറ്റാണ്ട് നീണ്ടുനിന്ന സിപിഎം ഭരണം ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് അവസാനിച്ചത്. ബിജെപി ജയിച്ചതോടെ സംസ്ഥാന വ്യാപകമായി സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണമുണ്ടായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് മണിക് സര്‍ക്കാരിനെതിരായ ആക്രമണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook