അഗര്‍ത്തല: നാല് തവണ ത്രിപുരയുടെ മുഖ്യമന്ത്രി പദത്തിലേറിയ ആളാണ് സിപിഐ (എം) നേതാവ് മാണിക് സര്‍ക്കാര്‍. ലളിത ജീവിതം കൊണ്ട് രാഷ്ട്രീയ നേതാക്കള്‍ക്ക് മാതൃകയായി ചൂണ്ടിക്കാണിച്ചതും അദ്ദേഹത്തിന്റെ ജീവിതമായിരുന്നു.

രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി ആയിരുന്ന മാണിക് സര്‍ക്കാര്‍ തനിക്ക് കൈവശാവകാശം ലഭിച്ച കുടുംബസ്വത്തുക്കളെല്ലാം സഹോദരിക്ക് ദാനം ചെയ്തിരുന്നു. ഫെബ്രുവരി 18ന് തിരഞ്ഞെടുപ്പിനായ് അദ്ദേഹം സമര്‍പ്പിച്ച വിവരങ്ങള്‍ പ്രകാരം കൈയ്യില്‍ വെറും 1,520 രൂപയും ബാങ്ക് അക്കൗണ്ടില്‍ 2,410 രൂപയുമാണ് മാണിക് സര്‍ക്കാരിന്റെ കൈവശം ഉണ്ടായിരുന്ന പണം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം നഷ്ടപ്പെട്ടതോടെ മാണിക് സര്‍ക്കാര്‍ സിപിഎം പാര്‍ട്ടി ഓഫീസിലേക്ക് താമസം മാറ്റിയിരുന്നു. വിരമിച്ച കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയായ ഭാര്യ പാഞ്ചാലി ഭട്ടാചാറ്റർജിയോടൊപ്പം മേലര്‍മതിലെ പാര്‍ട്ടി ഓഫീസിലേക്കാണ് മാണിക് സര്‍ക്കാര്‍ താമസം മാറിയത്.

ഇരുപത് വര്‍ഷം സംസ്ഥാന മുഖ്യമന്ത്രിയായ മാണിക് സര്‍ക്കാരിന് സ്വന്തമായൊരു വീടില്ല. എംഎല്‍എ ഹോസ്റ്റലില്‍ നില്‍ക്കാന്‍ വിസമ്മതിച്ച നേതാവ് പാര്‍ട്ടി ഓഫീസിന് മുകളിലുള്ള രണ്ട് മുറി തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹം പുതിയ വസതിയും ഒരു എസ്‍യുവി കാറും ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് ഇളക്കമുണ്ടാക്കുകയാണ്.

ത്രിപുര നിയമസഭാ സെക്രട്ടറി ഭാംദേബ് മജൂംദാറിന് മാണിക് അയച്ച കത്തില്‍ ‘യോജിച്ച വസതി’ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടതായി ദി വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ ആരോഗ്യകാരണങ്ങളാല്‍ അംബാസഡര്‍ കാറില്‍ യാത്ര ചെയ്യാന്‍ കഴിയില്ലെന്നും ഒരു ഇന്നോവയോ സ്കോര്‍പ്പിയോയോ ലഭ്യമാക്കണമെന്നും വാക്കാല്‍ ആവശ്യപ്പെട്ടതായി ഭാംദേബ് വ്യക്തമാക്കി. മാണിക് സര്‍ക്കാരിന് ഒരു ബൊലേറോ ജീപ്പ് നല്‍കാമെന്ന് അറിയിച്ചെങ്കിലും അഞ്ച് വര്‍ഷം പഴക്കുമുളള വാഹനമായതിനാല്‍ ഇത് വേണ്ടെന്ന് അറിയിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.
റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിപിഎമ്മിനെതിരെ ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തി.

തിരഞ്ഞെടുപ്പില്‍ വിജയിക്കാനുളള പൊയ്മുഖമായിരുന്നു മാണിക് സര്‍ക്കാരിന്റെ ലളിതജീവിതമെന്ന് ബിജെപി വക്താവ് മൃണാല്‍ കാന്തിദേവ് പറഞ്ഞു. ബിജെപിയുടെ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിച്ചതിന് മാണികിന് നന്ദി പറയുന്നതായും മൃണാല്‍ വ്യക്തമാക്കി. മാണിക് സര്‍ക്കാരിനെ ഇത്രയും പുകഴ്ത്തി പാടിയത് മാധ്യമങ്ങളാണെന്ന് കോണ്‍ഗ്രസും വിമര്‍ശിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ