ന്യൂഡല്‍ഹി: ത്രിപുരയിലെ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി മാണിക് സര്‍ക്കാരിനെ പരിഹസിച്ച് ബിജെപി അസ്സം മന്ത്രിയും മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ ഹിമന്ദ് ഭിഷ്വാ ശര്‍മ്മ. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മാണിക്കിന് കേരളത്തിലോ പശ്ചിമ ബംഗാളിലോ അയല്‍രാജ്യമായ ബംഗ്ലാദേശിലോ അഭയം തേടാമെന്ന് ഹിമന്ദ് പറഞ്ഞു.

‘മാണിക് സര്‍ക്കാരിന് മൂന്ന് കാര്യങ്ങളാണ് ചെയ്യാന്‍ കഴിയുക. ഒന്നുകില്‍ സിപിഎമ്മിന് അല്‍പമെങ്കിലും വേരുറപ്പുളള പശ്ചിമ ബംഗാളില്‍ അഭയം പ്രാപിക്കുക. ഇല്ലെങ്കില്‍ അടുത്ത മൂന്ന് വര്‍ഷം കൂടി സിപിഎം ഭരിക്കുന്ന കേരളത്തിലേക്ക് പോകാം. അല്ലെങ്കില്‍ അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് പോകട്ടെ’, തിരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ ശര്‍മ്മ പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ മാണിക് സര്‍ക്കാരിനെ ബംഗ്ലാദേശിലേക്ക് നാടു കടത്തുമെന്ന് നേരത്തെ ഇതേ ബിജെപി നേതാവ് പറഞ്ഞത് വിവാദമായിരുന്നു. ദന്‍പൂരില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ ആയിരുന്നു അദ്ദേഹം ഇത് പറഞ്ഞത്. 1998 മുതല്‍ ത്രിപുരയുടെ മുഖ്യമന്ത്രിയാണ് മാണിക് സര്‍ക്കാര്‍.

മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് ത്രിപുരയിൽ ബിജെപി മുന്നേറ്റം നടത്തിയത്. ആകെ തിരഞ്ഞെടുപ്പ് നടന്ന 59 സീറ്റുകളിൽ 40 എണ്ണത്തിലും ബിജെപി-ഐപിഎഫ്‌ടി സഖ്യം മുന്നേറി. ബിജെപി 32 സീറ്റിൽ മുന്നേറ്റം നടത്തിയപ്പോൾ ഐപിഎഫ്‌ടിയുടെ മുന്നേറ്റം എട്ട് സീറ്റുകളിലേക്കായിരുന്നു. കഴിഞ്ഞ തവണ 50 ലേറെ സീറ്റ് നേടിയ സിപിഎമ്മിന് ഇത്തവണ 17 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സംസ്ഥാനത്ത് വൻ തകർച്ചയാണ് കോൺഗ്രസ് നേരിട്ടത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 36 ശതമാനം വോട്ട് നേടിയ കോൺഗ്രസ് ഇത്തവണ 2 ശതമാനം വോട്ടിലേക്ക് ഒതുങ്ങി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ