അഗര്‍ത്തല: ഇരുപത് വര്‍ഷമായി ത്രിപുരയുടെ മുഖ്യമന്ത്രിയായ മണിക് സര്‍ക്കാറിന്റെ ലളിത ജീവിതം മുന്‍പും വാര്‍ത്തകളായിട്ടുള്ളതാണ്. നാല് തവണ ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായിട്ടുള്ള മണിക് സര്‍ക്കാറിന്‍റെ ബാങ്ക് അക്കൗണ്ടില്‍ ഉള്ളത് വെറും 2,410 രൂപയാണ്. അദ്ദേഹത്തിന് ശമ്പളമായി ലഭിക്കുന്ന 26,315 രൂപ അതുപോലെ സിപിഐഎം പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന ചെയ്യുകയും ജീവിക്കാന്‍ ആവശ്യമുള്ള 9.700 രൂപ കൈപ്പറ്റുകയും ചെയ്യുന്നു.
2013ലെ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ 9,720 രൂപയായിരുന്നു ഈ സിപിഎം പോളിറ്റ് ബ്യൂറോ അംഗത്തിന്‍റെ കയ്യിലുണ്ടായത്. അഞ്ച് വര്‍ഷം കൂടി പിന്നിടുമ്പോള്‍ ഈ അറുപത്തിയോമ്പതുകാരന്‍റെ കയ്യില്‍നിന്നും കാശ് കുറയുക മാത്രമാണ് ചെയ്തത്. ജനുവരി 20 വരെയുള്ള കണക്കുകള്‍ പ്രകാരം വെറും 1520 രൂപയാണ് ഈ അറുപത്തിയൊമ്പതുകാരന്റെ കൈവശമുള്ളത്. സ്വന്തമായൊരു മൊബൈല്‍ ഫോണ്‍ പോലും ഇല്ലാത്തയാളാണ് ഈ മുഖ്യമന്ത്രി. കുടുംബസ്വത്തായി കൃഷിയോഗ്യമല്ലാത്ത 514 ചതുരശ്ര അടി ഭൂമിയും മണികിന്‍റെ പേരിലുണ്ട്. അദ്ദേഹത്തിന് പുറമേ സഹോദരങ്ങള്‍ക്കും അവകാശമുള്ളതാണീ ഭൂമി.
അഗര്‍ത്തലയില്‍ സംസ്ഥാന സര്‍ക്കാറിന്‍റെ ഔദ്യോഗിക വസതിയിലാണ് മണിക് സര്‍ക്കാരും ഭാര്യ പാഞ്ചാലി ഭട്ടാചാര്‍ജിയും താമസിക്കുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിഞ്ഞ പാഞ്ചാലി ഭട്ടാചാര്യയുടെ കയ്യില്‍ ഇരുപത്തിനായിരത്തോളം രൂപയും ബാങ്ക് അക്കൗണ്ടില്‍ പന്ത്രണ്ട് ലക്ഷത്തോളം രൂപയും ഉണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഭാര്യ സാധാരണക്കാരെ പോലെ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നത് അഗര്‍ത്തലയിലെ ഒരു സ്ഥിരം കാഴ്ചയാണ് എന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.