ന്യൂഡൽഹി: വെറുംകാട്ടിക്കൂട്ടലുകളും കെട്ടിപ്പിടുത്തവും മാത്രമായി ഇന്ത്യയുടെ വിദേശനയം മാറിയിരിക്കുന്നുവെന്ന് മുൻമന്ത്രിയും നയന്ത്രജ്ഞനുമായ മണിശങ്കർ അയ്യർ. “പത്ത് ലക്ഷത്തിന്രെ കോട്ടിട്ട് കെട്ടിപ്പിടിച്ചാൽ എല്ലാം ആയെന്ന് കരുതുന്ന പ്രധാനമന്ത്രിയെ കുറിച്ച് എന്ത് പറയാനാണെന്നും” അദ്ദേഹം ചോദിച്ചു.

“സ്വന്തം കാലിൽ നിൽക്കാതെ മുതലാളിത്ത രാജ്യങ്ങളുടെ ആശ്രിതരാജ്യമാക്കി ഇന്ത്യയെ മാറ്റുകയാണ് മോദി ചെയ്തത്. ട്രംപ് പറയുന്നത് ഏറ്റു പിടിക്കാനായി മാത്രം ഒരു പ്രധാനമന്ത്രി നടക്കുന്നു.  ഇതാണോ മോദിയുടെ വിദേശ നയം? ലജ്ജാകരമാണിത്. സ്വന്തം നിലപാട് പറയാൻ ധൈര്യമില്ല. ഇന്ത്യ ഒരു ശക്തിയുമല്ലാതിരുന്ന കാലത്ത് ചേരിചേരാ നയത്തിലൂടെ നെഹ്‌റു നട്ടെല്ല് നിവർത്തി നിന്നു. അന്ന് യുഎന്നിലെ മൂന്നിലൊന്ന് രാജ്യങ്ങൾ ഇന്ത്യയ്ക്കൊപ്പമുണ്ടായിരുന്നു. എന്നാൽ ഇന്ന് മറ്റുളള രാജ്യങ്ങൾക്കിടയിൽ തീരെ ആദരവ് കുറഞ്ഞ രാഷ്ട്രമായി ഇന്ത്യ മാറിയിരിക്കുന്നു. കാരണം മോദി ഇന്ന് ഇന്ത്യയെ വൻശക്തികളുടെ ആജ്ഞാനുവർത്തിയാക്കി മാത്രം ചുരുക്കിയിരിക്കുന്നു.”  മണി ശങ്കർ അയ്യർ പറഞ്ഞു. “മാധ്യമം” ആഴ്ചപ്പതിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തൻെറ നിലപാട് വ്യക്തമാക്കിയത്.

“റഷ്യയുമായി ഇന്ത്യയ്ക്കുണ്ടായിരുന്ന ഊഷ്മളമായ ബന്ധം ഇല്ലാതായി. ഇപ്പോൾ പ്രത്യേകിച്ച് വിദേശനയമൊന്നുമില്ലാത്ത രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. പത്ത് ലക്ഷത്തിന്രെ കോട്ടിട്ട് കെട്ടിപ്പിടിച്ചാൽ എല്ലാം ആയെന്ന് കരുതുന്ന ഒരു പ്രധാനമന്ത്രിയെ കുറിച്ച് എന്ത് പറയാനാണ്? ഇസ്രായേലിലെ മോദിയുടെ സന്ദർശനം ഞെട്ടിക്കുന്ന കാര്യമാണെന്നും” മണി ശങ്കർ പറഞ്ഞു.

“കമൽഹാസന്രെയും രജനീകാന്തിന്രെയും വരവ് രാഷ്ട്രീയത്തെ ശക്തി”പ്പെടുത്തുമെന്ന് മണിശങ്കർ അയ്യർ പറഞ്ഞു. “രണ്ടു നല്ല വ്യക്തികൾ എന്ന നിലയ്ക്ക് അവരുടെ വരവ് രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നതാവും. രണ്ടുപേരും നല്ല വ്യക്തികളാണ് അവർ രാഷ്ട്രീയത്തിൽ വരട്ടെ. പക്ഷേ അവർ ആശയക്കുഴപ്പത്തിലാണെന്നാണ് മനസ്സിലാക്കുന്നത്. സ്വതന്ത്രരായി നിൽക്കണോ രാഷ്ട്രീയ പാർട്ടി രൂപീകരിക്കണോ ദ്രാവിഡ പാർട്ടികളുമായി ചേർന്നുപോകണോ തുടങ്ങിയ കാര്യങ്ങളിൽ അവർക്ക് അവ്യക്തതയാണുളളതെന്നും,” മണിശങ്കർ അയ്യർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ