ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം നേരത്തേ പ്രവചിച്ചിരുന്നതാണ്. എന്നാല്‍ ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും സീറ്റുകള്‍ വര്‍ധിപ്പിക്കാനായത് കോണ്‍ഗ്രസിന് നേട്ടമാണ്. തിരഞ്ഞെടുപ്പ് ഫലത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അജയ്യത സംശയാസ്പദമാവുകയും ചെയ്തു. എന്നാല്‍ മോദിയുടെ വാക്കും പ്രവൃത്തിയും തന്നെയാണ് ഇത്തവണയും ബിജെപിക്ക് ഗുജറാത്തില്‍ തുണയായത്.
അതേസമയം, ബിജെപിയുടെ വിജയത്തിന്റെ ‘ക്രൈഡിറ്റ്’ കോണ്‍ഗ്രസ് നേതാവായ മണിശങ്കര്‍ അയ്യര്‍ക്ക് കൂടി അവകാശപ്പെട്ടതാണ്. ‘മോദി തരംതാണവനാണെന്ന്’ പറഞ്ഞായിരുന്നു അയ്യര്‍ വിവാദങ്ങളില്‍ പെട്ടത്. തിരഞ്ഞടുപ്പ് പ്രചരണങ്ങളില്‍ മോദി ഇത് കോണ്‍ഗ്രസിനെ അടിക്കാനുളള വടിയായി മുതലാക്കുകയും ചെയ്തു. ജാതീയമായ പരാമര്‍ശമാണ് ഇതെന്ന് പറഞ്ഞ് ബിജെപി രംഗത്തെത്തിയപ്പോള്‍ മോദി എന്ന വ്യക്തിയുടെ തരംതാണ പ്രവൃത്തികളെയാണ് ഉദ്ദേശിച്ചതെന്ന് അയ്യറും വ്യക്തമാക്കി.
പരാമര്‍ശത്തെ തുടര്‍ന്ന് മണി ശങ്കര്‍ അയ്യരെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തെങ്കിലും ഗുജറാത്തില്‍ ഇത് തുണച്ചില്ല. സംഭവത്തില്‍ മണിശങ്കർ അയ്യർ മാപ്പ് പറഞ്ഞു രംഗത്തെത്തുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി തരംതാണ കുടുംബത്തില്‍ നിന്ന് വന്ന ആളാണെന്നായിരുന്നില്ല താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷില്‍ ചിന്തിച്ച് ഹിന്ദിയില്‍ സംസാരിച്ചപ്പോള്‍ വന്ന തെറ്റാണ് ഇതെന്നും ക്ഷമാപണം നടത്തുന്നതായും അദ്ദേഹം അറിയിച്ചു.
ഹിന്ദി തന്റെ മാതൃഭാഷയല്ലെന്നും എന്നാല്‍ മോദിയെ ചായ വില്‍പ്പനക്കാരനെന്ന് വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ പറഞ്ഞതിന് മറ്റ് അർഥങ്ങളുണ്ടെങ്കിൽ മാപ്പുപറയുന്നതായും മണിശങ്കർ അയ്യർ പറഞ്ഞു. നേരത്തെ മണിശങ്കർ അയ്യരുടെ പ്രസ്താവനയ്ക്കെതിരെ രാഹുൽ ഗാന്ധി തന്നെ രംഗത്തുവന്നിരുന്നു.
‘മോദി തരംതാഴ്ന്ന, സംസ്കാരമില്ലാത്ത വ്യക്തിയാണ്. ഈ സമയത്ത് എന്തിനാണ് അദ്ദേഹം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നത്’’ -എന്നായിരുന്നു മണിശങ്കർ അയ്യരുടെ പ്രസ്താവന.