scorecardresearch

പൂഞ്ച് ഭീകരാക്രമണം: ചൈനീസ് നിര്‍മ്മിത ബുള്ളറ്റുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം, 12 പേര്‍ കസ്റ്റഡിയില്‍

മൂന്ന് മുതല്‍ നാല് വരെയുള്ള അജ്ഞാത ഭീകരരുടെ സാന്നിധ്യം ഇതുവരെയുള്ള അന്വേഷണത്തില്‍ വിരല്‍ ചൂണ്ടുന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

jk

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ, ഡ്രോണുകള്‍, സ്‌നിഫര്‍ നായ്ക്കള്‍, രാഷ്ട്രീയ റൈഫിള്‍സിന്റെ (ആര്‍ആര്‍) 12 സംഘങ്ങള്‍ പ്രദേശത്ത് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ആക്രമണത്തെ തുടര്‍ന്ന് 12 പേരെയെങ്കിലും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൈന്യത്തില്‍ നിന്നോ ജമ്മു കശ്മീര്‍ പൊലീസില്‍ നിന്നോ ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ലെങ്കിലും, ചൈനീസ് നിര്‍മ്മിത 7.62 എംഎം സ്റ്റീല്‍ കോര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ചതായി സംശയിക്കുന്നതായും മൂന്ന് മുതല്‍ നാല് വരെയുള്ള അജ്ഞാത ഭീകരരുടെ സാന്നിധ്യം ഇതുവരെയുള്ള അന്വേഷണത്തില്‍ വിരല്‍ ചൂണ്ടുന്നതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ചൈനീസ് ഫാക്ടറിയില്‍ നിര്‍മ്മിച്ചതെന്ന് കരുതുന്ന ’71’ എന്നെഴുതിയ കവചം തുളയ്ക്കുന്ന ബുള്ളറ്റുകള്‍ വെള്ളിയാഴ്ച രാവിലെ സംഭവസ്ഥലം സന്ദര്‍ശിച്ച ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയും ബോംബ് ഡിസ്‌പോസല്‍ ടീമും കണ്ടെടുത്തതായി വൃത്തങ്ങള്‍ അറിയിച്ചു. ബുള്ളറ്റുകളുടെ പാതയും സൈനിക വാഹനത്തിന് നേരെയുള്ള ആക്രമണവും സൂചിപ്പിക്കുന്നത് അക്രമികള്‍ റോഡിന്റെ ഇരുവശങ്ങളിലും – ഒരു വശത്ത് ഇടതൂര്‍ന്ന വനപ്രദേശത്തും ഒരു മലയിടുക്കിലും ഒളിച്ചിരിക്കാമെന്നാണ്.

രജൗരി സെക്ടറിലെ ഭീംബര്‍ ഗലിക്കും പൂഞ്ചിനുമിടയില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സൈനിക വാഹനത്തിന് നേരെ വെടിവയ്പുണ്ടായത്. ഗ്രനേഡ് പ്രയോഗം മൂലമാണ് വാഹനത്തിന് തീപിടിച്ചതെന്ന് ഉധംപൂര്‍ ആസ്ഥാനമായുള്ള നോര്‍ത്തേണ്‍ കമാന്‍ഡ് പറഞ്ഞു.

പഞ്ചാബില്‍ നിന്നുള്ള ഹവില്‍ദാര്‍ മന്‍ദീപ് സിങ്, ലാന്‍സ് നായിക് കുല്‍വന്ത് സിങ്, ശിപായി ഹര്‍കൃഷന്‍ സിങ്, ശിപായി സേവക് സിങ്, ഒഡീഷയില്‍ നിന്നുള്ള ലാന്‍സ് നായിക് ദേബാശിഷ് ബസ്വാള്‍ എന്നിവരാണ് ആക്രമണത്തില്‍ മരിച്ചത്.

ജമ്മു കശ്മീരിന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ദില്‍ബാഗ് സിങ്, ജമ്മുവിലെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ്, മുകേഷ് സിങ്, മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍, ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ എന്നിവര്‍ വെള്ളിയാഴ്ച സ്ഥലം സന്ദര്‍ശിച്ചു. 72 മണിക്കൂറെങ്കിലും തിരച്ചില്‍ തുടരുമെന്നും, ഇന്റലിജന്‍സ് വിവരങ്ങളുടെയും അടിസ്ഥാന സാഹചര്യത്തിന്റെയും അടിസ്ഥാനത്തില്‍ തിരച്ചില്‍ വ്യാപിപ്പിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Manhunt underway in poonch probe points to armour piercing bullets