ബാംഗ്ലൂർ: സംഘർഷ സാധ്യത നിലനിൽക്കുന്ന ദക്ഷിണ കർണാടകയിൽ ഇന്നലെ രാത്രി ഒരാൾ കൂടി കൊല്ലപ്പെട്ടതിന് പിന്നാലെ സുരക്ഷ ശക്തമാക്കി കർണാടക പൊലീസ്. ശനിയാഴ്ച രാവിലെ വരെ സൂറത്ത്കൽ, പനമ്പൂർ, മുൽക്കി, ബജ്‌പെ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി.
ഇന്നലെ രാത്രിയാണ് മംഗ്ലൂരു സൂറത്ത്കൽ സ്വദേശിയായ ഫാസിലിനെ (23) ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. മുഖം മൂടി ധരിച്ചെത്തിയ സംഘം തുണിക്കടയ്ക്ക് മുന്നിൽ സുഹൃത്തുമായി സംസാരിച്ചു നിൽക്കുകയായിരുന്ന ഫാസിലിനെ കാറിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചത്. അക്രമികളിൽ നിന്ന് രക്ഷപ്പെടാൻ തുണിക്കടയിലേക്ക് ഓടിക്കയറിയ ഫാസിലിനെ ആക്രമികൾ അതിനകത്തിട്ടും തുടരെ വെട്ടി. തുണിക്കടയിലെ ജീവനക്കാർ ഓരോ വസ്തുക്കൾ എറിഞ്ഞ് ആക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. വെട്ടേറ്റു വീണ ഫാസിലിനെ ആക്രമികൾ തുടരെ വെട്ടിയതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
കൊലപാതകത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ലെങ്കിലും, സുള്ള്യ ജില്ലയിലെ യുവമോർച്ച പ്രവർത്തകന്റെ കൊലപാതകവുമായി ഇതിനു ബന്ധമുണ്ടെന്നാണ് സംശയം. കൊലപാതകത്തിൽ അന്വേഷണം നടത്തുകയാണെന്ന് മംഗളൂരു പോലീസ് കമ്മീഷണർ എൻ ശശികുമാർ പറഞ്ഞു.
സുള്ള്യയിലെ ബെല്ലാരെ ഗ്രാമത്തിൽ കൊല്ലപ്പെട്ട യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരുവിന്റെ കുടുംബത്തെ കാണാൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ദക്ഷിണ കന്നഡ മേഖലയിൽ എത്തിയതിന് പിന്നാലെയാണ് സൂറത്ത്കലിൽ ആക്രമണം ഉണ്ടായത്.
നെട്ടറുവിന്റെ കൊലപാതകത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എന്ന് പറയപ്പെടുന്ന സക്കീർ (29), ഷഫീഖ് (27) എന്നിവരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി ദക്ഷിണ കന്നഡ പൊലീസ് അറിയിച്ചു. ദിവസങ്ങൾക്ക് മുമ്പ് ഒരു നിസ്സാര പ്രശ്നത്തിന്റെ പേരിൽ ഹിന്ദുത്വ ഗ്രൂപ്പുകളുമായി ബന്ധമുള്ളവർ 18 കാരനായ മസൂദ് ബി എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവവുമായി ഇതിന് ബന്ധമുണ്ടോയെന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.