മംഗളൂരു: വൈകിട്ട് 4.45 ഓടെ വലിയ ശബ്ദം കേട്ടപ്പോൾ നാട്ടുകാർ ആദ്യം കരുതിയത് അതുവഴി കടന്നുപോയ ബസിന്റെ ടയർ പൊട്ടിയതെന്നാണ്. ഓട്ടോറിക്ഷയുടെ ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചെന്നാണ് മറ്റു ചിലർ കരുതിയത്. രക്ഷാപ്രവർത്തനത്തിനായി കടക്കാരും നാട്ടുകാരും ഓടിയെത്തിയപ്പോൾ കാണുന്നത് ഓട്ടോ ഡ്രൈവർ പുരുഷോത്തമിനും പ്രധാന കുറ്റവാളിയായ ഇരുപത്തിനാലുകാരൻ മുഹമ്മദ് ഷാരിഖിനും ചുറ്റും തീ പടരുന്നതായിരുന്നു.
വാഹനത്തിൽനിന്നും യാത്രക്കാരനെ പുറത്തെടുക്കാൻ ഓട്ടോ ഡ്രൈവർ ശ്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ”ഓട്ടോയിൽനിന്നും പുറത്തെത്തിച്ച ഉടൻ യുവാവ് (കുറ്റവാളി) ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അയാളുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും തൊലി തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു,” സ്ഫോടനം നടന്ന മംഗളൂരുവിലെ ഗരോഡിയിലുള്ള കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരൻ വിൽസൺ ഓർത്തെടുത്തു. അയാൾ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയപ്പോൾ, യാത്രക്കാരന്റെ (കുറ്റവാളി) മുഖത്ത് തീപടരുന്നതാണ് കണ്ടത്. ഓട്ടോ ഡ്രൈവറുടെ തലയിലും പുറകിലും പൊള്ളലുണ്ടായിരുന്നുവെങ്കിലും ആ യുവാവിനെക്കാൾ പരുക്ക് കുറവായിരുന്നതായി അയാൾ പറഞ്ഞു.
വസ്ത്രത്തിനു തീപിടിച്ച യുവാവിന്റെ ദേഹത്തേക്ക് മണലും ചെളിയും എറിഞ്ഞതായി സമീപവാസിയായ ധൻരാജ് ഷെട്ടി പറഞ്ഞു. കുറ്റവാളിയായ യുവാവിന്റെ ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളിലും പരുക്കുണ്ട്. അയാളുടെ കാൽ പൊട്ടിയിരുന്നുവെന്ന് ഷെട്ടി വ്യക്തമാക്കി. ഓട്ടോറിക്ഷയുടെ പുറകിലെ സീറ്റിൽ പ്രഷർ കുക്കർ കണ്ടപ്പോഴാണ് ഇതൊരു സ്ഫോടനമാണെന്ന സംശയം ആളുകൾക്ക് തോന്നിയത്.
”ഞാനുൾപ്പെടെ നിരവധി പേർ അവിടേക്ക് സഹായത്തിനായി ഓടിയെത്തി. അതുവഴി കടന്നുപോയ രണ്ടു ഓട്ടോറിക്ഷകൾ തടഞ്ഞു നിർത്തി. അതിൽ അപകടത്തിൽപ്പെട്ടവരെ കയറ്റി ഫാദർ മുല്ലേഴ്സ് ഹോസ്പിറ്റലിലേക്ക് വിട്ടു. കുറച്ചു മണിക്കൂറുകൾക്ക് ശേഷം ബോംബ് സ്ഫോടനമാണെന്ന് അധികൃതർ പറഞ്ഞപ്പോഴാണ് സ്ഥിതിഗതികളുടെ ഗൗരവം ഞങ്ങൾ തിരിച്ചറിഞ്ഞത്,” സ്ഫോടന സ്ഥലത്ത് സമീപമുള്ള ചിക്കൻ സ്റ്റാളിന്റെ കടയുടമയായ മുസ്തഫ പറഞ്ഞു.
ഓട്ടോ ഡ്രൈവർ പുരുഷോത്തം വളരെ നല്ലൊരു മനുഷ്യനായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കുറ്റവാളിയെന്നു സംശയിക്കുന്ന യുവാവിനെ മംഗളൂരുവിലെ പാഡിലിന് സമീപത്തുനിന്നാണ് അറുപതുകാരനായ പുരുഷോത്തം ഓട്ടോയിൽ കയറ്റിയത്. മൂന്ന് കിലോമീറ്റർ അകലെയുള്ള പമ്പ്വെല്ലിലാണ് അയാക്ക് പോകേണ്ടിയിരുന്നതെന്ന് മറ്റൊരു ഓട്ടോ ഡ്രൈവർ ലോകേഷ് പറഞ്ഞു. പുരുഷോത്തമിന് അടുത്തിടെ ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നുവെന്ന് ലോകേഷ് പറഞ്ഞു. പുരുഷോത്തമിന് രണ്ട് പെൺമക്കളുണ്ട്. യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് പുരുഷോത്തമിന് കൂടുതൽ പരുക്കേറ്റതെന്ന് അദ്ദേഹത്തിന്റെ ബന്ധുവായ ഉദയ് പറഞ്ഞു.
ശനിയാഴ്ച വൈകിട്ടാണ് മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ പൊട്ടിത്തെറിയുണ്ടായത്. പ്രഷര്‍ കുക്കര്‍ സ്ഫോടനമാണ് നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.