ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഔഷധാവശ്യങ്ങള്‍ക്കായി കഞ്ചാവ് നിയമവിധേയമാക്കുവാനുള്ള ശുപാര്‍ശ. പല വികസന രാഷ്ട്രങ്ങളും ലഹരിമരുന്നുപയോഗം തടയാന്‍ കഞ്ചാവ് നിയമപരമാക്കിയതിനെ മാതൃകയാക്കിക്കൊണ്ടുള്ള ശുപാര്‍ശ മുന്നോട്ടുവച്ചത് വനിതാശിശുക്ഷേമമന്ത്രിയായ മനേക ഗാന്ധിയാണ്. നാഷണല്‍ ഡ്രഗ് ഡിമാണ്ട് റിഡക്ഷന്‍ പോളിസിയെ പരിശോധിച്ചുകൊണ്ടുള്ള മന്ത്രിതല യോഗത്തിലാണ് മനേകാ ഗാന്ധിയുടെ ശുപാര്‍ശ. വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക്  ലഭിച്ച യോഗത്തിന്‍റെ മിനുട്സിന്‍റെ പകര്‍പ്പില്‍ പറയുന്നു.

മനേകാഗാന്ധി മുന്നോട്ട് വച്ച കരട്ദേശീയ നയത്തിനു ചെറിയ മാറ്റങ്ങളോടെ മന്ത്രിതലയോഗം അംഗീകാരം നല്‍കുകയുമുണ്ടായി. ” അമേരിക്ക പോലുള്ള വികസിത രാഷ്ട്രങ്ങളില്‍ കഞ്ചാവ് നിയമവിധേയമാക്കിയത് ലഹരിമരുന്ന് ഉപയോഗത്തില്‍ കുറവുവരുത്തിയിട്ടുണ്ട്. ഇതേ നയം ഇന്ത്യയിലും പിന്തുടരാവുന്നതാണ്” മിനുട്സില്‍ പറയുന്നു. കൂടുതല്‍ വിഷധീകരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ “ക്യാന്‍സര്‍ ചികിത്സയ്ക്ക് കഞ്ചാവ് ഉപയോഗപ്പെടുന്നു എന്നതിനാല്‍. ഔഷധാവശ്യങ്ങള്‍ക്കായി കഞ്ചാവ് നിയമപരമാക്കേണ്ടതുണ്ട്” എന്ന് മനേകാഗാന്ധി പിടിഐയോട് പറഞ്ഞു. അഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍. കൊഡെയ്ന്‍ കഫ് സിറപ്പ്, മറ്റു ഇന്‍ഹേലറുകള്‍ തുടങ്ങിയ ഔഷധങ്ങളുടെ ദുരുപയോഗം നിയന്ത്രിക്കുന്നതിന്റെ ആവശ്യത്തെക്കുറിച്ചും മനേകാഗാന്ധി സംസാരിച്ചു.

Read More : കഞ്ചാവ് ഓര്‍മക്കുറവ് പരിഹരിക്കുമോ ?

രാജ്യത്തെ ലഹരിമരുന്നുമുക്തമാക്കുന്നതിനായി നാഷണല്‍ ഡ്രഗ് ഡിമാണ്ട് റിഡക്ഷന്‍ പോളിസിയില്‍ വേണ്ട മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുവനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചുമതലപ്പെടുത്തിയതാണ് മന്ത്രിതല യോഗം. സാമൂഹ്യ നീതി മന്ത്രാലയം ആള്‍ ഇന്ത്യ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡികല്‍ സൈന്‍സുമായി ചേര്‍ന്ന് ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് നടത്തിയ ലഹരിമരുന്നുപയോഗം സംബന്ധിച്ച ദേശീയ സര്‍വേയെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് ലഹരിയുപയോഗം കുറച്ചുകൊണ്ടുവരുവാനുള്ള നടപടികള്‍ സ്വീകരിക്കാനും മന്ത്രാലയോഗം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു. രാജ്യത്തെ പ്രമുഖ റെയില്‍വേ സ്റ്റേഷനുകള്‍ ചുറ്റിപ്പറ്റി തന്നെ ഡി അഡിക്ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുന്നതിന്‍റെ സാധ്യതകളും മനേകാ ഗാന്ധി ആരാഞ്ഞു. റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ ജീവിക്കുന്ന കുട്ടികളേയും ലൈംഗിക തൊഴിലാളികളെയും ട്രാന്‍സ്ജെണ്ടര്‍സിനേയും അതിനു കീഴില്‍ കൊണ്ടുവരാന്‍ സാധിക്കണം എന്നും മനേകാ ഗാന്ധി അഭിപ്രായപ്പെട്ടു. സര്‍വ്വേ അസിസ്ഥാനപ്പെടുത്തി മനസ്സിലാക്കുവാന്‍ സാധിക്കുക സ്കൂളുകളുടെയും കൊളേജുകളുടെയും പരിസരങ്ങളില്‍ ലഹരിമരുന്നുകള്‍ സുലഭമായി ലഭിക്കും എന്നാണെന്ന് രാസവളങ്ങളുടേയും രാസവസ്തുക്കളുടെയും മന്ത്രി ആനന്ത്കുമാര്‍ നിരീക്ഷിച്ചു.

ലഹരിവിരുദ്ധ പോളിസിയുടെ നടത്തിപ്പിനായി പ്രതിവര്‍ഷം 125 കോടി രൂപ വിനിയോഗിക്കണം എന്നും മന്ത്രിതല യോഗം നിര്‍ദേശിച്ചു. ആദ്യയോഗത്തില്‍ സെഡേറ്റീവുകള്‍ വേദനസംഹാരികള്‍ എന്നിവയുടെ ദുരുപയോഗം നിയന്ത്രിക്കാനുമുളള നടപടിളും ചര്‍ച്ചയായിരുന്നു. തടവറകൾ, ജുവനൈൽ ഹോമുകൾ, ഫാക്ടറികൾ, വ്യവസായങ്ങൾ എന്നിവിടങ്ങളില്‍ ഡി അഡിക്ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ചും എംബിബിഎസ് സിലബസില്‍ ലഹരിമരുന്നടിമകള്‍ക്കുള്ള ചികിത്സ ഉള്‍പ്പെടുത്താനും യോഗം ശുപാര്‍ശ ചെയ്തിരുന്നു.

Read More : പേടിക്കാതെ പുകയ്ക്കാം, സര്‍ക്കാര്‍ ഒപ്പമുണ്ട്; ഉറുഗ്യേയില്‍ കഞ്ചാവ് വില്‍പന നിയമവിധേയമാക്കി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook